എന്തിനെയും രാഷ്ട്രീയം മാത്രം നോക്കി പിന്തുണക്കുന്ന പ്രതിപക്ഷ നേതാവേ, അങ്ങേക്കിത്ര ഹൃദയച്ചുരുക്കമോ?; മന്ത്രി എം.ബി. രാജേഷ്

മാലിന്യ നിര്‍മാര്‍ജനവുമായി ബന്ധപ്പെട്ട് തദ്ദേശമന്ത്രിയ്ക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെഴുതിയ തുറന്ന കത്തിന് കുറിക്കുകൊള്ളുന്ന മറുപടിയുമായി മന്ത്രി എം.ബി. രാജേഷ്. ഇത്ര ഹൃദയച്ചുരുക്കം വേണോ പ്രതിപക്ഷ നേതാവേ? എന്നു ചോദിച്ചുകൊണ്ട് തദ്ദേശമന്ത്രി എം.ബി. രാജേഷ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പങ്കിട്ട കുറിപ്പിലാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണങ്ങളോരോന്നിന്റെയും മുനയൊടിക്കുന്ന തരം മറുപടികള്‍ എം.ബി. രാജേഷ് നിരത്തിയത്. യോജിപ്പിന്റെ മഹാമാതൃക സൃഷ്ടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ മറുപടിക്കാവും എന്ന ശുഭാപ്തി വിശ്വാസത്തോടെ അദ്ദേഹത്തിന്റെ മറുപടി കാത്തിരുന്ന എം.ബി. രാജേഷ് ആ മറുപടി മറ്റൊരു രാഷ്ട്രീയ ഗിമ്മിക്കിനുള്ള ശ്രമമാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് കുറിക്കു കൊള്ളുന്ന മറുപടിയുമായി രംഗത്തെത്തിയത്. പ്രതിപക്ഷ നേതാവിന്റെ മറുപടി വളച്ചൊടിക്കലുകള്‍ മാത്രമടങ്ങിയതും ആരോപണങ്ങളുടെ ആവര്‍ത്തനം മാത്രമാണെന്നും എം.ബി. രാജേഷ് അദ്ദേഹത്തിന്റെ പോസ്റ്റില്‍ പറഞ്ഞു. ഒന്നും നടന്നിട്ടില്ലെന്ന് കുറ്റപ്പെടുത്തുന്ന അങ്ങയുടെ മറുപടിയില്‍ തന്നെ ‘മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍ക്കിനി മന്ത്രി പറഞ്ഞപോലൊരു മാറ്റമുണ്ടെങ്കില്‍ അത് സ്വാഗതാര്‍ഹം’ എന്നും സമ്മതിക്കേണ്ടി വന്നതില്‍ വളരെ സന്തോഷമുണ്ടെന്നും പക്ഷേ, അത്തരത്തില്‍ മാറ്റപ്പെട്ട മാലിന്യ സംസ്‌കരണ കേന്ദ്രങ്ങള്‍ കാണാനുള്ള എന്റെ ക്ഷണം അങ്ങ് സ്വീകരിക്കാതിരുന്നത് അത്രയേറെ ഹൃദയച്ചുരുക്കം ഉള്ളതുകൊണ്ടാണോ എന്നും എം.ബി. രാജേഷ് ചോദിക്കുന്നു.

ALSO READ: തെരഞ്ഞെടുപ്പുകളിൽ മോശം പ്രകടനം; ഒഡിഷയിലെ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു

എന്റെ കത്തില്‍ ഞാന്‍ പറഞ്ഞിരുന്ന കണക്കുകളൊന്നിനെയും അങ്ങ് ചോദ്യം ചെയ്യാത്തത് വസ്തുതകള്‍ സമ്മതിച്ചു തരാനും നിഷേധിക്കാനും കഴിയാത്തതു കൊണ്ടായിരിക്കും എന്നും എം.ബി. രാജേഷ് പറയുന്നുണ്ട്. മാത്രമല്ല, ഹരിതകര്‍മ സേനയെക്കുറിച്ച് പ്രതിപക്ഷ നേതാവിന്റെ തുറന്ന കത്തില്‍ പരാമര്‍ശിക്കാത്തതിനെയും ഹരിത കര്‍മ്മസേനയും വാതില്‍പ്പടി മാലിന്യ ശേഖരണവും എംസിഎഫുമൊക്കെ ഉണ്ടായത് ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തായതു കൊണ്ടാണോ ഈ വിവേചനമെന്നും മന്ത്രി അദ്ദേഹത്തിന്റെ കത്തിലൂടെ പ്രതിപക്ഷ നേതാവിനോട് ചോദിക്കുന്നുണ്ട്. യുഡിഎഫ് സര്‍ക്കാരുകള്‍ മാലിന്യ പ്രശ്‌നത്തില്‍ എന്തു ചെയ്തു എന്നതിനെക്കുറിച്ച് ഒരു അവകാശവാദം പോലും എന്തുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഉയര്‍ത്താത്തത് എന്നും യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കുന്നതില്‍ അങ്ങ് ഇത്രയും അധീരനോ? എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനോട് മന്ത്രി എം.ബി. രാജേഷ് ചോദിക്കുന്നു. ബ്രഹ്‌മപുരം തീപ്പിടുത്തതിനു ശേഷം അവിടെ സര്‍ക്കാര്‍ കൈക്കൊണ്ട നടപടികളെ ഹൈക്കോടതി വരെ പ്രശംസിച്ചിട്ടും അങ്ങ് അത് അംഗീകരിക്കാത്തത് എന്തുകൊണ്ടാണ്? സര്‍ക്കാരിനെ എതിര്‍ക്കുന്ന മാധ്യമങ്ങള്‍ പോലും മാലിന്യ സംസ്‌കരണത്തിലെ സര്‍ക്കാര്‍ ഇടപെടലുകളെ അഭിനന്ദിക്കുമ്പോള്‍ അങ്ങ് മാത്രം എന്തിനാണ് ഈ ദുര്‍വാശി കാണിക്കുന്നതെന്നും തൃത്താലയിലെ ഒരു പഞ്ചായത്തിലുണ്ടായ മാലിന്യപ്രശ്‌നം പരിഹരിച്ചതെങ്കിലും അങ്ങ് അറിഞ്ഞുവോ എന്നും എം.ബി. രാജേഷ് അദ്ദേഹത്തിന്റെ കത്തില്‍ ചോദിക്കുന്നു.

ALSO READ: സാമൂഹ്യസുരക്ഷ, ക്ഷേമ നിധി പെൻഷൻ വിതരണം ജൂലൈ 24 മുതൽ നടക്കും: മന്ത്രി കെ എൻ ബാലഗോപാൽ

അതിനൊപ്പം തന്നെ മാലിന്യമുക്ത പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ എംഎല്‍എമാരുടെ നേതൃത്വത്തില്‍ നടത്തുന്ന മണ്ഡലം യോഗങ്ങള്‍ പ്രതിപക്ഷ നേതാവിന്റെ മണ്ഡലമായ പറവൂരില്‍ എപ്പോഴാണ് നടത്തേണ്ടതെന്ന് അറിയിക്കാന്‍ അങ്ങ് സമയം കണ്ടെത്തണമെന്നും ഒരു പരിഹാസത്തോടെ എം.ബി. രാജേഷ് പ്രതിപക്ഷ നേതാവിനെ ഓര്‍മിപ്പിച്ചു. തൃത്താലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടയില്‍ 3 മൂന്ന് ജനകീയ ഡ്രൈവുകള്‍ നടത്തുകയും അതിലൂടെ 281.12 ടണ്‍ മാലിന്യം ക്ലീന്‍ കേരള കമ്പനി വഴി നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റ് മൂന്നു മുതല്‍ 10 വരെ, മഴയ്ക്ക് ശേഷമുള്ള അടുത്ത ഘട്ടം ശുചീകരണവും തൃത്താലയില്‍ ആസൂത്രണം ചെയ്തിരിക്കുകയാണ്. എന്നാല്‍ പറവൂരില്‍ അങ്ങ് എന്ത് ചെയ്തു എന്ന് എവിടെയും പറഞ്ഞു കേട്ടില്ല. നിരോധിത പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളുടെ, പ്രത്യേകിച്ചും ക്യാരിബാഗുകളുടെ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് യാഥാര്‍ത്ഥ്യമാണ്. പ്രതിപക്ഷ നേതാവിന്റെ വിമര്‍ശനം കൂടി പരിഗണിച്ച് ഇക്കാര്യത്തില്‍ കൂടുതല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി കത്തില്‍ പറഞ്ഞു. കൊച്ചിയില്‍ ഒരു മണിക്കൂറില്‍ 103 മില്ലിമീറ്റര്‍ അതിതീവ്ര മഴ പെയ്തപ്പോള്‍ ഉണ്ടായ വെള്ളക്കെട്ടിനെ കുറിച്ചുള്ള കുറ്റപ്പെടുത്തലില്‍ യാഥാര്‍ത്ഥ്യം കാണാന്‍ കൂട്ടാക്കാത്ത അങ്ങയുടെ മനോഭാവം ഉണ്ട്. അതിതീവ്ര മഴയുള്ളപ്പോള്‍ ദുബായില്‍ പോലും വെള്ളം കയറുമെന്ന് നാം കണ്ടതാണ്.

ALSO READ: ‘കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേരുന്നു, ജീവന്‍ രക്ഷിക്കാന്‍ സാധ്യമായ എല്ലാ ശ്രമങ്ങളും നടത്തി’: നിപ ബാധിച്ച് മരിച്ച കുട്ടിക്ക് ആദരാഞ്ജലികള്‍ അർപ്പിച്ച് മുഖ്യമന്ത്രി

കൊച്ചിയിലെ അതിതീവ്രമഴ മേഘവിസ്‌ഫോടനം മൂലം ആയിരുന്നല്ലോ. പക്ഷേ ആകാശം തന്നെ ഇടിഞ്ഞുവീണാലും താന്‍ അറിഞ്ഞ ഭാവം നടിക്കില്ല എന്നും സര്‍ക്കാര്‍ വിരുദ്ധ പല്ലവി അപ്പോഴും ഉരുവിട്ടുകൊണ്ടിരിക്കും എന്നുമുള്ള മനോഭാവമാണ് പ്രതിപക്ഷ നേതാവിനെന്നും എം.ബി. രാജേഷ് കത്തില്‍ കുറ്റപ്പെടുത്തി. കര്‍ണാടകയില്‍ മണ്ണിടിഞ്ഞ് അര്‍ജുനെന്ന ചെറുപ്പക്കാരനെ കാണാതായിട്ട് ഇന്നേക്ക് 6 ദിവസം ആവുകയാണ്. രക്ഷാപ്രവര്‍ത്തനത്തിലുള്ള കര്‍ണാടകയുടെ അലംഭാവത്തെ കണ്ണില്‍ ചോരയില്ലാതെ എന്നിട്ടും അങ്ങ് ന്യായീകരിച്ചില്ലേ? ആമയിഴഞ്ചാന്‍ തോട്ടില്‍ ജോയി വീണപ്പോള്‍ റെയില്‍വേയെ തൊടാതെ സംസ്ഥാന സര്‍ക്കാരിനെതിരെ ഉടന്‍ ചാടിവീണ അങ്ങ് എന്തിനെയും രാഷ്ട്രീയം മാത്രം നോക്കി ന്യായീകരിക്കുകയും എതിര്‍ക്കുകയും ചെയ്യുകയാണെന്നും എം.ബി. രാജേഷ് അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ കുറിച്ചു. നേരത്തെ, മാലിന്യ സംസ്‌കരണം സംബന്ധിച്ച് പ്രതിപക്ഷ നേതാവ് ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഒരു തുറന്ന കത്തിലൂടെ എം.ബി. രാജേഷ് മറുപടി നല്‍കിയിരുന്നു. എന്നാല്‍, ആ കത്തിനു മറുപടിയായി പ്രതിപക്ഷ നേതാവ് വീണ്ടും ആരോപണങ്ങളുയര്‍ത്തി മറ്റൊരു തുറന്ന് കത്ത് സമൂഹ മാധ്യമത്തില്‍ പ്രസിദ്ധീകരിക്കുകയാണുണ്ടായത്. ഈ സാഹചര്യത്തിലാണ് പ്രതിപക്ഷ നേതാവിന്റെ തുറന്നകത്തിന് മറ്റൊരു തുറന്ന കത്തിലൂടെ എം.ബി. രാജേഷ് മറുപടി നല്‍കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News