അജിത് പവാർ-ഷിൻഡെ പക്ഷത്തെ 40 എംഎൽഎമാർ കോൺഗ്രസുമായി ബന്ധപ്പെട്ടതായി പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ. മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയുടെയും ഉപമുഖ്യമന്ത്രി അജിത് പവാർ പക്ഷം എൻസിപിയുടെയും 40 എംഎൽഎമാർ കോൺഗ്രസിൽ ചേരാനുള്ള തയ്യാറെടുപ്പിലാണെന്ന് മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് വിജയ് വഡെറ്റിവാർ അവകാശപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ ആഘാതം നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്ന ആശങ്കയാണ് ഇവരെയെല്ലാം മാറ്റി ചിന്തിപ്പിച്ചിരിക്കുന്നതെന്നാണ് കോൺഗ്രസ് എം എൽ എ പറയുന്നത്.
നിലവിൽ അജിത് പവാർ-ഷിൻഡെ പക്ഷം കിട്ടിയത് കൊണ്ട് തൃപ്തിപ്പെടേണ്ട അവസ്ഥയിലാണെന്നും വഡെറ്റിവാർ പരിഹസിച്ചു. മഹാ വികാസ് അഘാഡി സഖ്യം മഹാരാഷ്ട്രയിൽ അധികാരത്തിൽ തിരിച്ചെത്തുമെന്ന് ഉറപ്പാണെന്ന് വഡെറ്റിവാർ അവകാശപ്പെട്ടു. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ജനവികാരം ഇതാണ് പ്രകടമാക്കുന്നതെന്നും വഡെറ്റിവാർ പറഞ്ഞു. 2014-ലും 2019-ലും ഉണ്ടായിരുന്നതുപോലെ ബിജെപി ഇപ്പോൾ ശക്തമല്ലെന്ന നിരീക്ഷണമാണ് മാറി ചിന്തിക്കാൻ നേതാക്കളെ പ്രേരിപ്പിച്ച പ്രധാന ഘടകം.
Also Read: ഇടിവെട്ടോടുകൂടിയുള്ള മഴ; പകർച്ചവ്യാധികൾക്കെതിരെ ജാഗ്രതാനിർദേശവുമായി മന്ത്രി വീണ ജോർജ്
സഖ്യകക്ഷികൾ പിന്തുണ പിൻവലിച്ചാൽ മോദി സർക്കാരിന് തുടരാനാകില്ലെന്നും വഡെറ്റിവാർ പറഞ്ഞു. മഹായുതി സഖ്യത്തിന്റെ ആശയങ്ങളുമായി പൊരുത്തപ്പെടാൻ കഴിയാത്ത എം എൽ എ മാരാണ് മാറ്റത്തിനായി ശ്രമിക്കുന്നത്. മതേതര ദളിത്, ആദിവാസി, ന്യൂനപക്ഷ വോട്ട് ബാങ്കാണ് ബിജെപി സഖ്യത്തിന്റെ പേരിൽ നഷ്ടമായതെന്ന് ഇവർ കരുതുന്നു. മഹാരാഷ്ട്രയിൽ വരും നാളുകളിൽ രാഷ്ട്രീയ സമവാക്യങ്ങൾ മാറി മറിയാനുള്ള സൂചനകളാണ് വഡെറ്റിവാർ പങ്ക് വച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here