രാഹുലിന് പിന്തുണയുമായി പ്രതിപക്ഷ പാർട്ടികളും മുഖ്യമന്ത്രിമാരും

ഗുജറാത്ത് മാനനഷ്ടക്കേസിലെ സൂറത്ത് കോടതി വിധിയുടെ പശ്ചാത്തലത്തില്‍ രാഹുല്‍ ഗാന്ധിയെ ലോക്സഭാംഗത്വത്തിൽ നിന്നും അയോഗ്യനാക്കിയ നടപടിയെ ചോദ്യംചെയ്ത് പ്രതിപക്ഷത്തെ പാർട്ടികൾ. സിപിഐഎം, ഡിഎംകെ, സിപിഐ, ആംആദ്മി പാർട്ടി, തൃണമൂൽ കോൺഗ്രസ്, മുസ്ലിംലീഗ്, ശിവസേന തുടങ്ങി നിരവധി പ്രതിപക്ഷ പാർട്ടികളാണ് രാഹുലിനെതിരായ കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധ മറിയിച്ച് രംഗത്ത് എത്തിയിരിക്കുന്നത്.

കേരള മുഖ്യമന്ത്രി പിണറായി വിജയൻ ,തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി, ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ തുടങ്ങി വിവിധ സംസ്ഥാനങ്ങളിലെ ബിജെപി ഇതര മുഖ്യമന്ത്രിമാരും കേന്ദ്ര നടപടിക്കെതിരെ അതിരൂക്ഷ വിമർശനമാണ് ഉന്നയിച്ചത്.

ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന ഹിംസാത്മകമായ കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്നാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചത്. രാഹുലിനെപ്പോലെയൊരു നേതാവിനെതിരായ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ. സ്റ്റാലിന്‍ പ്രതികരിച്ചു.

ചോദ്യങ്ങള്‍ ചോദിക്കുന്നത് പ്രതിപക്ഷത്തിന്റെ ഉത്തരവാദിത്വമാണെന്നും രാജ്യത്തെ തകര്‍ക്കാനുള്ള ശ്രമങ്ങളാണ് പ്രധാനമന്ത്രിയുടെ കീഴില്‍ അരങ്ങേറുന്നതെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്​രിവാൾ പറഞ്ഞു. പുതിയ ഇന്ത്യയിൽ പ്രതിപക്ഷ നേതാക്കളാണ് ബിജെപിയുടെ ലക്ഷ്യമെന്നും ജനാധിപത്യത്തിന്റെ അധഃപതനത്തിന് രാജ്യം സാക്ഷ്യം വഹിച്ചിരിക്കുന്നുവെന്നും പശ്ചിമബംഗാൾ മുഖ്യമന്ത്രി മമത പ്രതികരിച്ചു.

മോദി സമുദായത്തെ അപമാനിച്ചു എന്നാരോപിച്ചു കൊണ്ടുള്ള പ്രസംഗത്തിന്‍റെ പേരിൽ വ്യാഴാഴ്ചയായിരുന്നു സൂറത്ത് കോടതി രാഹുൽ ഗാന്ധിയെ രണ്ട് വർഷം തടവിന് ശിക്ഷച്ചുകൊണ്ടുള്ള കോടതി വിധി വന്നത്. മേൽക്കോടതിയിൽ അപ്പീൽ പോകാൻ രാഹുലിന് കോടതി 30 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. എന്നാൽ അതിവേഗത്തിൽ വെള്ളിയാഴ്ച ലോക്സഭാ സെക്രട്ടറിയേറ്റ് രാഹുലിനെ എംപി സ്ഥാനത്തു നിന്നും അയോഗ്യനാക്കുകയായിരുന്നു.

രാഹുലിനെതിരെയുള്ള നടപടി ഭീരുത്വം നിറഞ്ഞതാണെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ വ്യക്തമാക്കിയത്. പ്രതിപക്ഷ പാർട്ടികൾക്കും അവരുടെ നേതാക്കൾക്കും ഭരണകൂടത്തിനെതിരെ ശബ്ദിക്കുന്നവർക്കെതിരെയും ബിജെപി സർക്കാർ അസഹിഷ്ണുതയോടെ തുടർച്ചയായി പ്രതികാര നടപടികൾ സ്വീകരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇഡിയെയും സിബിഐയെയും ഉൾപ്പെടെയുള്ള ഭരണസംവിധാനങ്ങളെ ദുരുപയോഗപ്പെടുത്തിക്കൊണ്ട് എതിർ ശബ്ദങ്ങളെ നിശബ്ദമാക്കാം എന്നാണ് ബിജെപി വ്യാമോഹിക്കുന്നതെന്നും കാനം രാജേന്ദ്രൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിൻ്റെ പ്രതികരണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News