പൊതുതെരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിച്ചതിന് പിന്നാലെ മഹാരാഷ്ട്രയിൽ അഞ്ച് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന വോട്ടെടുപ്പിനെ ചോദ്യം ചെയ്തു പ്രതിപക്ഷ പാർട്ടികൾ രംഗത്ത്. കഴിഞ്ഞ 18 മാസമായി നിരന്തര രാഷ്ട്രീയ കലഹങ്ങളും വിമത നീക്കങ്ങളും കൊണ്ട് വാർത്തകളിൽ ഇടം നേടിയ സംസ്ഥാനമാണ് മഹാരാഷ്ട്ര. അഞ്ച് ഘട്ടങ്ങളിലായി നടക്കാനിരിക്കുന്ന വോട്ടെടുപ്പിന്റെ ദൈർഘ്യമാണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. മുഴുവൻ പൊതു തിരഞ്ഞെടുപ്പും പരമാവധി നാല് ഘട്ടങ്ങളിലായി പൂർത്തിയാക്കാൻ കഴിയണമെന്നാണ് എൻ സി പി സംസ്ഥാന പ്രസിഡന്റ് ജയന്ത് പാട്ടീൽ നിർദ്ദേശിക്കുന്നത്. രാജ്യത്തെ തെരഞ്ഞെടുപ്പിൻ്റെ ഏഴ് ഘട്ടങ്ങൾ ആർക്കെങ്കിലും നേട്ടമുണ്ടാക്കാൻ ആസൂത്രണം ചെയ്തതാണോയെന്നും പാട്ടീൽ ചോദിക്കുന്നു.
2019ൽ നാല് ഘട്ടങ്ങളിലായാണ് സംസ്ഥാനത്ത് വോട്ടെടുപ്പ് നടന്നതെങ്കിൽ ഇത്തവണ ഒരു റൗണ്ട് കൂടി കൂട്ടിയിരിക്കയാണ്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, “വോട്ടെടുപ്പിൻ്റെ ഘട്ടങ്ങൾ തീരുമാനിക്കുന്നത് തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ആഹ്വാനമാണെന്നാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസർ വിശദീകരണം നൽകുന്നത്. ഘട്ടങ്ങളുടെ എണ്ണം തീരുമാനിക്കുമ്പോൾ, ഭൂമിശാസ്ത്രം, കേന്ദ്രസേനയുടെ സേവനം, മണ്ഡലങ്ങളുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ തിരഞ്ഞെടുപ്പ് പാനൽ പരിഗണിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിച്ചു. ഉത്തർപ്രദേശ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ ലോക്‌സഭാ സീറ്റുകൾ മഹാരാഷ്ട്രയിലാണ്.
മഹാരാഷ്ട്രയിലെ വിദർഭ മേഖലയിലെ രാംടെക്, നാഗ്പൂർ, ഭണ്ഡാര ഗോണ്ടിയ, ഗഡ്ചിരോളി ചിമൂർ, ചന്ദ്രപൂർ എന്നീ അഞ്ച് ജില്ലകളിലാണ് ഏപ്രിൽ 19 ന് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. ഏപ്രിൽ 26 ന് നടക്കുന്ന രണ്ടാം ഘട്ടത്തിൽ മറാത്ത്‌വാഡ മേഖലയിലെ വാഷിം, ഹിംഗോലി, നന്ദേഡ്, പർഭാനി തുടങ്ങിയ ഏതാനും ജില്ലകൾ ഒഴികെ വിദർഭയിലെ ബുൽദാന, അകോല, അമരാവതി, വാർധ, യവത്മാൽ തുടങ്ങിയ ജില്ലകളിലാകും വോട്ടെടുപ്പ് നടക്കുക. മെയ് 7 ന് നടക്കുന്ന മൂന്നാം ഘട്ടത്തിൽ, കൊങ്കൺ മേഖലാ സീറ്റുകളായ രത്‌നഗിരി, സിന്ധുദുർഗ്, റായ്ഗഡ് എന്നിവ കൂടാതെ മറാത്ത്‌വാഡ മേഖലയിലെ ധാരാശിവ്, ലാത്തൂർ എന്നിവിടങ്ങളിൽ വോട്ടെടുപ്പ് നടക്കും. ബാരാമതി, സോലാപൂർ, മാധ, സാംഗ്ലി, സത്താറ, കോലാപൂർ, ഹത്കംഗലെ എന്നിവിടങ്ങളിൽ ഉൾപ്പെടെ പടിഞ്ഞാറൻ മഹാരാഷ്ട്രയിലും ഈ ഘട്ടത്തിൽ വോട്ടെടുപ്പ് ആസൂത്രണം ചെയ്തിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here