ബിജെപിയെ നേരിടാൻ പുതിയ തന്ത്രങ്ങളുമായി പ്രതിപക്ഷ പാർട്ടികൾ. ബിജെപിയുടെ ഹിന്ദുത്വ അജൻഡയിലൂന്നിയ രാഷ്ട്രീയ തന്ത്രത്തെ എതിരിടാൻ ഒബിസി പ്രചാരണം ശക്തമാക്കാനാണ് പ്രതിപക്ഷ നീക്കമെന്നാണ് റിപ്പോർട്ടുകൾ.
ബിജെപിയുടെ കമണ്ഡൽ (ഹിന്ദുത്വ) രാഷ്ട്രീയത്തെ മണ്ഡൽ രാഷ്ട്രീയം ഉപയോഗിച്ച് മറികടക്കാമെന്ന ചിന്തയിലാണ് ആർജെഡിയും ആർഎൽഡിയും കോൺഗ്രസും അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ. മെയ് മാസത്തിൽ ബിഹാർ മുഖ്യമന്ത്രി നിതീഷ്‌കുമാർ വിളിക്കുന്ന പ്രതിപക്ഷ ഐക്യ സമ്മേളനം പുതിയ നീക്കങ്ങളുടെ പ്രഖ്യാപന വേദിയാവും എന്നാണ് വിലയിരുത്തലുകൾ.
കോൺഗ്രസ് മേയ് 30ന് ദില്ലിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ ഒബിസി കൺവെൻഷൻ വിളിക്കും. ഇതിനായി പാർട്ടി ഒബിസി വിഭാഗം ചെയർമാൻ ക്യാപ്റ്റൻ അജയ് സിംഗ് യാദവ് പത്തംഗ കോ ഓർഡിനേഷൻ കമ്മിറ്റിയെ നിയോഗിച്ചു.
ബിഹാറിൽ നിതീഷും ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവും മുൻകൈയെടുത്ത് ജാതി സെൻസസ് പ്രഖ്യാപിച്ചപോലെ കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ഛത്തീസ്ഗഢിലും ജാതി സെൻസസ് പ്രഖ്യാപിക്കണോ എന്നതടക്കമുള്ള കാര്യങ്ങൾ സമ്മേളനത്തിൽ ചർച്ചയാവുമെന്ന് പാർട്ടി വൃത്തങ്ങൾ പറഞ്ഞു. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ സെൻസസ് പ്രഖ്യാപിക്കാതെ ദേശീയ തലത്തിൽമാത്രം ആവശ്യപ്പെടുന്നത് ബിജെപി ആയുധമാക്കാൻ സാധ്യതയുണ്ടെന്നും നേതാക്കൾ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here