പത്തനംതിട്ടയില്‍ ജൂലൈ മൂന്നു മുതല്‍ അഞ്ചു വരെ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലര്‍ട്ട് മുന്നറിയിപ്പ് പ്രഖ്യാപിച്ചു. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുമാണ് മുന്നറിയിപ്പ് പ്രഖ്യാപിച്ചത്. കക്കാട്ടാറിന് വൃഷ്ടി പ്രദേശത്ത് പ്രതീക്ഷിക്കുന്ന മഴയും ഇപ്പോഴത്തെ നീരൊഴുക്കും പരിഗണിച്ച് മണിയാര്‍ ബാരേജിന്‍റെ അഞ്ച് സ്പില്‍വെ ഷട്ടറുകളും പരമാവധി 200 സെ.മി എന്ന തോതില്‍ ഉയര്‍ത്തി ജലം പുറത്തു വിടേണ്ടി വന്നേക്കാം.
ഇപ്രകാരം ഷട്ടറുകള്‍ ഉയര്‍ത്തുന്നത് മൂലം കക്കാട്ടാറില്‍ 60 സെ.മി വരെ ജലനിരപ്പ് ഉയര്‍ന്നേക്കാമെന്നുള്ള സാഹചര്യത്തില്‍ കക്കാട്ടാറിന്‍റെയും, പമ്പയാറിന്‍റെയും തീരത്ത് താമസിക്കുന്ന ആളുകളും മണിയാര്‍, വടശേരിക്കര, റാന്നി, പെരുനാട്, കോഴഞ്ചേരി, ആറന്മുള നിവാസികളും പൊതുജനങ്ങളും ജാഗ്രത പുലര്‍ത്തേണ്ടതും, നദികളില്‍ ഇറങ്ങുന്നത് ഏതു സാഹചര്യത്തിലും ഒഴിവാക്കേണ്ടതുമാണെന്ന് ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ അറിയിച്ചു.
അടിയന്തര സാഹചര്യങ്ങൾ നേരിടാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമും ആരംഭിച്ചു.
അതേസമയം, കനത്ത മഴയിൽ ജില്ലയിൽ 11 വീടുകൾക്ക് ഭാഗിക നാശനഷ്ടം സംഭവിച്ചു. മല്ലപ്പള്ളി താലൂക്കിൽ 2 ദുരിതാശ്വാസ ക്യാമ്പുകൾ പ്രവർത്തനം ആരംഭിച്ചു. 5 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു. നാളെയും കനത്ത മഴക്കുള്ള സാധ്യത ഉള്ളതിനാൽ ജില്ലാ ഭരണകൂടം ജാഗ്രത നിർദേശം പുറപ്പെടുവിച്ചു.
ഇതിനിടെ മണിമലയാറ്റിലെ ശക്തമായ ഒഴുക്കിനെ തുടർന്ന് വരാൽ തോട്ടിലെ ചീപ്പ് തകർന്നു തിരുമൂലപുരത്തെ കോളനികളിൽ വെള്ളംകയറി. കോളനികളെ വെള്ളപ്പൊക്കത്തിൽ നിന്ന് രക്ഷിക്കാനും കൃഷിക്കും മറ്റുമായി ജലം നിയന്ത്രിച്ചുവിട്ടിരുന്ന തിരുമൂലപുരത്തെ ചീപ്പാണ് തകർന്നത്. നഗരസഭയിലെ മംഗലശ്ശേരി, അടമ്പട കോളനികളിലാണ് വെള്ളം കയറിയത്. അമ്പതിലേറെ കുടുംബങ്ങൾ ഇവിടെ താമസിക്കുന്നുണ്ട്. മണിമലയാറ്റിൽ നിന്നുമാണ് ആറ്റുമാലിൽ കോളനിയിൽ വെള്ളം കയറിയത്. ഇവിടുത്തെ നാല് കുടുംബങ്ങളെ ഇരുവെള്ളിപ്ര സെന്റ് തോമസ് സ്‌കൂളിലും മംഗലശ്ശേരി കോളനിയിലെ മൂന്ന് കുടുംബങ്ങളെ എസ്.എൻ.വി.സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here