അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്

അക്രമകാരിയായ കാട്ടുപോത്തിനെ വെടിവെക്കാൻ ഉത്തരവ്. മന്ത്രി വിഎൻ വാസവൻ്റെ നിർദ്ദേശത്തെ തുടർന്ന്‌ കോട്ടയം കളക്ടറാണ് കാട്ടുപോത്തിനെ കൊല്ലാൻ ഉത്തരവിട്ടത്. വനത്തിന് പുറത്ത് വെച്ച് മാത്രമേ പോത്തിനെ വെടിവെക്കാൻ സാധിക്കുകയുള്ളു.

കൊല്ലം അഞ്ചൽ ഇടമുളക്കലിലും എരുമേലിയിലും കാട്ടുപോത്തിന്റെ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടിരുന്നു.കോട്ടയം എരുമേലിയില്‍ കണമല പുറത്തേല്‍ ചാക്കോച്ചന്‍ (70), പ്ലാവനാക്കുഴിയില്‍ തോമസ് (60) എന്നിവരാണ് മരിച്ചത്. കൊല്ലം അഞ്ചലില്‍ ഇടമുളയ്ക്കല്‍ സ്വദേശി സാമുവല്‍ വര്‍ഗീസും (65) മരിച്ചു.

മരിച്ച ചാക്കോച്ചന്‍ വീടിന്റെ പൂമുഖത്ത് ഇരിക്കുകയായിരുന്നു. ഇതിനിടെ പാഞ്ഞുവന്ന കാട്ടുപോത്ത് ഇയാളെ അക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചു. തോമസ് റബര്‍ തോട്ടത്തില്‍ ജോലിയിലായിരിക്കേയാണ് ആക്രമണമുണ്ടായത്. ഇയാളെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. ഇരുവരെയും ആക്രമിച്ച ശേഷം കാട്ടുപോത്ത് കാടിനകത്തേക്ക് ഓടിമറഞ്ഞു. വീടിനോടു ചേര്‍ന്ന റബര്‍ തോട്ടത്തില്‍ നില്‍ക്കുമ്പോള്‍ പിന്നില്‍നിന്നുള്ള ആക്രമണമേറ്റാണ് സാമുവല്‍ മരിച്ചത്. ഉടന്‍ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കാട്ടുപോത്ത് ആക്രമണത്തില്‍ പ്രതിഷേധിച്ച് കണമലയില്‍ പ്രദേശവാസികള്‍ റോഡ് ഉപരോധിച്ചിരുന്നു. കാട്ടുപോത്തിനെ കണ്ടാലുടന്‍ വെടിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് പ്രദേശവാസികൾ ഉപരോധം നടത്തിയത്.

അതേസമയം, കാട്ട് പോത്ത് ആക്രമണത്തിൽ മൂന്ന് പേർ മരിച്ച സംഭവത്തിൽ വനം മന്ത്രി എകെ.ശശീന്ദ്രൻ പ്രതികരിക്കുകയുണ്ടായി. ആക്രമണമുണ്ടായി മൂന്ന് പ്രദേശങ്ങളിലും പ്രത്യേക സ്കോഡുകളെ നിയോഗിക്കുമെന്നും പരുക്കേറ്റവരുടെ ചികിത്സാ സഹായവും മരണപ്പെട്ടവരുടെ കുടുംബത്തിനുളള സഹായവും എത്രയും പെട്ടെന്ന് നൽകാനുള്ള നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk