അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് അവയവദാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നു. പാലക്കാട് സ്വദേശി ഷെമീറിനെയാണ് പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യുന്നത്. ഇരകളാക്കപ്പെട്ട ദാതാക്കളില്‍ ഏക മലയാളിയാണ് ഷെമീര്‍.
ഇറാൻ കേന്ദ്രീകരിച്ച് അവയവക്കടത്ത് നടത്തിയ കേസിലാണ് വൃക്കദാനം ചെയ്ത മലയാളിയായ ഷെമീറിനെ ചോദ്യം ചെയ്തുവരുന്നത്. മലയാളിയാണെങ്കിലും പൊള്ളാച്ചിയിലും കോയമ്പത്തൂരിലുമായാണ് ഇയാള്‍ താമസിച്ചിരുന്നത്. കോയമ്പത്തൂരിലെത്തിയാണ് അന്വേഷണ സംഘം ഷെമീറിനെ കസ്‌റ്റഡിയിലെടുത്തത്. കേസിൽ ഒടുവിൽ അറസ്‌റ്റിലായ വിജയവാഡ സ്വദേശി ബല്ലംകോണ്ട രാംപ്രസാദ് രണ്ട് മാസത്തിനിടെ കോയമ്പത്തൂരിലെത്തി തന്നെ കണ്ടിരുന്നതായി ഷെമീർ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി.
അവയവദാതാക്കളെ കണ്ടെത്തി ഇറാനിലെത്തിച്ചിരുന്നത് രാംപ്രസാദിന്‍റെ നേതൃത്വത്തിലുള്ള ഹൈദരാബാദ് സംഘമാണെന്ന് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. കഴിഞ്ഞ മാസമാണ് ഇറാനിൽ വച്ച് ഷെമീർ വൃക്ക നൽകിയത്. ശസ്ത്രക്രിയക്കു ശേഷം ഷെമീറിന് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായെന്ന് വ്യക്തമായതായും പൊലീസ് പറഞ്ഞു. ഇരയാക്കപ്പെട്ട ഷെമീറിനെ കേസിൽ പ്രധാന സാക്ഷിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.
കേസിൽ മൂന്ന് പ്രതികളാണ് ഇതു വരെ അറസ്‌റ്റിലായത്. പിടിയിലാകാനുള്ള ഒന്നാംപ്രതി മധു ഇറാനിലാണ്. ഇയാളെ കേരളത്തിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് റൂറല്‍ എസ്പി വൈഭവ് സക്സേന അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here