രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷന്നെന്ന ഖ്യാതി നേടിയ ഒറ്റപ്പാലം പൊലീസ് സ്റ്റേഷന് ഐഎസ്ഒ അംഗീകാരം. വിവിധ രീതിയിലുള്ള പ്രവര്‍ത്തന മികവും ക്രമസമാധാന പരിപാലനവും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിച്ചാണ് അംഗീകാരം ലഭിച്ചത്. സ്റ്റേഷന്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ഐഎസ്ഒ പ്രതിനിധികള്‍ സാക്ഷ്യപത്രം കൈമാറി.
രാജ്യത്തെ മികച്ച പൊലീസ് സ്റ്റേഷനുള്ള കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പുരസ്‌കാരം ലഭിച്ചതിന് തൊട്ടുപിന്നാലെയാണ് ഒറ്റപ്പാലം സ്റ്റേഷന് ഇന്റര്‍നാഷണല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സ്റ്റാന്‍ഡേര്‍ഡൈസേഷന്റെ അംഗീകാരവും തേടി എത്തിയത്. സ്റ്റേഷന്‍ അങ്കണത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഐഎസ്ഒ ഡയറക്ടറില്‍ നിന്നും ജില്ലാ പൊലീസ് മേധാവി ആര്‍ ആനന്ദ് ഐപിഎസ് അംഗീകാരപത്രം ഏറ്റുവാങ്ങി.
READ ALSO:പ്ലാസ്റ്റിക് മാലിന്യങ്ങൾ സമാഹരിച്ച് വിറ്റ് വഴിയോര വിശ്രമ കേന്ദ്രം നിർമിക്കാന്‍ ഡിവൈഎഫ്ഐ
കുറ്റകൃത്യങ്ങള്‍ കണ്ടുപിടിക്കുന്നതിനും തടയുന്നതിനും, കാഴ്ചവെച്ച മികവ്, ക്രമസമാധാന പരിപാലനം, അത്യാധുനിക സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്തി കൊണ്ടുള്ള കുറ്റാന്വേഷണ മികവ്, സ്റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍, പൊതുജനങ്ങളോടുള്ള സൗഹാര്‍ദ്ദപരമായ പെരുമാറ്റം, ഹരിത പ്രോട്ടോക്കോള്‍ പരിപാലനം, ജനമൈത്രി സംവിധാനം വഴി പൊതുജന സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങള്‍ മുതലായവ പരിഗണിച്ചാണ് ഐഎസ്ഒ അംഗീകാരം ലഭിച്ചത്. ഷൊര്‍ണ്ണൂര്‍ ഡിവൈഎസ്പി പി സി ഹരിദാസന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് അഡ്വ. കെ പ്രേംകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
READ ALSO:38 നഗര റോഡുകള്‍ മാര്‍ച്ചില്‍ പ്രവൃത്തി പൂര്‍ത്തീകരിച്ച് ഗതാഗത യോഗ്യമാക്കും
ഐഎസ്ഒ ഡയറക്ടര്‍ വിഷയാവതരണം നടത്തി. ഒറ്റപ്പാലം നഗരസഭ ചെയര്‍പേഴ്‌സന്‍ കെ. ജാനകി ദേവി വിശിഷ്ട അതിഥിയായി. ഐഎസ്ഒ ലോഗോ പ്രകാശനം ഒറ്റപ്പാലം സബ് കലക്ടര്‍ ഡി. ധര്‍മ്മശ്രീ ഐഎഎസ്, നിര്‍വഹിച്ചു. മുന്‍ എംഎല്‍എ പി ഉണ്ണി, വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിനിധികള്‍, പൊലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്ത് സംസാരിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here