കേരള സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ 2024 ഡിസംബർ 5 മുതൽ പ്രാബല്യത്തോടെ പ്രഖ്യാപിച്ച താരിഫ് ഉത്തരവ് പ്രകാരം വൈദ്യുതി നിരക്കിൽ നാമമാത്രമായ വർദ്ധനവ് മാത്രമാണ് ഉപഭോക്താക്കൾക്ക് ഉണ്ടായിട്ടുള്ളത്. 2024-25 സാമ്പത്തിക വർഷത്തിൽ യൂണിറ്റിന് ശരാശരി 16.94 പൈസയുടെയും 2025-26 വർഷത്തിൽ 12.68 പൈസയുടെയും മാത്രം വർദ്ധനവാണ് വരിക. ഗാർഹിക ഉപഭോക്താക്കൾക്ക് 2024-25ൽ 3.56 ശതമാനത്തിന്റെയും, 2025-26-ൽ 3.2 ശതമാനത്തിന്റെയും വർദ്ധനവ് മാത്രമാണ് വരുത്തിയിട്ടുള്ളത്. എൽടി വ്യാവസായിക ഉപഭോക്താക്കൾക്കാകട്ടെ 2024-25ൽ 2.31 ശതമാനവും, 2025-26ൽ 1.29 ശതമാനവും ആണ് വർദ്ധനവുണ്ടാവുക എച്ച് ടി വ്യാവസായിക ഉപഭോക്താക്കളുടെ പരമാവധി വർദ്ധനവ് 1.20 ശതമാനം മാത്രമാണ്.
ഗാർഹിക വിഭാഗം ഉപഭോക്താക്കളിൽ പ്രതിമാസം 50 യൂണിറ്റ് വരെ ഉപയോഗിക്കുന്ന ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവർക്ക് നിരക്ക് വർധന ഇല്ലാതെ 1.50 രൂപ നിരക്കിൽ തുടർന്നും വൈദ്യുതി ലഭ്യമാക്കും. 32,000 ഉപഭോക്താക്കൾക്കാണ് ഈ ആനുകൂല്യം ലഭിക്കുന്നത്. ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളിൽ കാൻസർ രോഗികളോ സ്ഥിരമായി അംഗവൈകല്യം ബാധിച്ചവരോ ഉണ്ടെങ്കിൽ പ്രതിമാസം 100 യൂണിറ്റുവരെയുള്ള ഉപയോഗത്തിന് താരിഫ് വർധന ഇല്ല. ഈ വിഭാഗത്തിൻ്റെ കണക്റ്റഡ് ലോഡ് പരിധി 1000 വാട്ടിൽ നിന്ന് 2000 വാട്ടായി ഉയർത്തിയിട്ടുമുണ്ട്.
50 യൂണിറ്റ് വരെ പ്രതിമാസം ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് ഫിക്സഡ് ചാർജിൽ അഞ്ചുരൂപയുടെയും, എനർജി ചാർജിൽ 5 പൈസയുടെയും മാത്രം വർദ്ധനവാണ് വരുത്തിയിട്ടുള്ളത്. അതായത് ആകെ പ്രതിമാസ വർദ്ധനവ് കേവലം 10 രൂപ മാത്രമാണ്. അതായത് പ്രതിദിന വർദ്ധനവ് 26 പൈസ മാത്രമാണെന്ന് സാരം. ഏകദേശം 26 ലക്ഷം ഗാർഹിക ഉപഭോക്താക്കൾ ആണ് ഈ വിഭാഗത്തിലുള്ളത്. 250 യൂണിറ്റ് വരെ പ്രതിമാസ ഉപയോഗം ഉള്ളവർക്ക് അഞ്ച് മുതൽ 15 രൂപ വരെയാണ് വർദ്ധനവ് വരുത്തിയിട്ടുള്ളത്. എനർജി ചാർജിൽ 10 മുതൽ 30 പൈസ വർദ്ധനവ് വരുത്തിയിട്ടുണ്ട്. 250 യൂണിറ്റ് ഉപയോഗിക്കുന്ന ഒരു ഗാർഹിക ഉപഭോക്‌താവിനുണ്ടാകുന്ന വർദ്ധനവ് 48 രൂപയാണ്.
Also Read; ദേശീയ പഞ്ചായത്ത് പുരസ്കാരങ്ങളില് തിളങ്ങി കേരളം, ഇത്തവണ സ്വന്തമാക്കിയത് രണ്ട് പുരസ്കാരങ്ങള്
250 യൂണിറ്റിനു മുകളിൽ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് ToD (ടൈം ഓഫ് ഡേ) ബില്ലിംഗ് സമ്പ്രദായം ഏർപ്പെടുത്തും. ഇവരുടെ പകൽ സമയത്തെ എനർജി ചാർജിൽ 10% ഇളവ് നൽകും. വീടിനോട് ചേർന്ന് ചെറു വാണിജ്യവ്യവസായ സംരംഭങ്ങൾ (നാനോ യൂണിറ്റ്) നടത്തുന്ന വീട്ടമ്മമാർക്കുൾപ്പെടെ പകൽ വൈദ്യുതി നിരക്ക് കുറയുന്നത് സഹായകരമാകും. 5 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് ഇതിൻ്റെ പ്രയോജനം ലഭിക്കും. വാണിജ്യ ഉപഭോക്താക്കൾക്ക് എനർജി ചാർജിൽ വർദ്ധനയില്ല. മീറ്റർ വാടകയും വർദ്ധിപ്പിച്ചിട്ടില്ല
എൽടി വ്യവസായിക ഉപഭോക്താക്കൾക്ക് പകൽ സമയത്ത് എനർജി ചാർജിൽ 10 ശതമാനം കുറവ് വരുത്തും. ഈ വിഭാഗം ഉപഭോക്താക്കൾക്ക് താരിഫിൽ വർദ്ധനവ് ഉണ്ടാകുമെങ്കിലും, പകൽ സമയത്തെ ToD നിരക്കിൽ ഇളവ് അനുവദിച്ചിട്ടുള്ളതിനാൽ പ്രതിമാസ വൈദ്യുതി ചാർജിൽ കുറവ് വരുമെന്നാണ് കണക്കാക്കപെട്ടിട്ടുള്ളത്. ആകെയുള്ള 107.36 ലക്ഷം ഗാർഹിക ഉപഭോക്താക്കളിൽ പ്രതിമാസം 150 യൂണിറ്റിൽ കുറഞ്ഞ ഉപയോഗമുള്ള (83.77ലക്ഷം) ഉപഭോക്താക്കളുടെ പ്രതിദിന വർദ്ധനവ് 1.60 രൂപയിൽ താഴെയാണ്. അനാഥാലയങ്ങൾ, വൃദ്ധസദനങ്ങൾ തുടങ്ങിയവയുടെ താരിഫ് വർധിപ്പിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.
വൈദ്യുതി ചാർജിംഗ് സ്റ്റേഷനുകൾക്കുള്ള ഫിക്സഡ് ചാർജ് പൂർണ്ണമായും ഒഴിവാക്കിയിട്ടുണ്ട്. ഇത് ഈ മേഖലയിൽ കൂടുതൽ നിക്ഷേപം ക്ഷണിച്ചുവരുത്തും. നിരവധിയായ സബ്സിഡികളും ഇളവുകളുമാണ് ഉപഭോക്താക്കൾക്ക് കെഎസ്ഇബി ലഭ്യമാക്കിവരുന്നത്. എൻഡോസൾഫാൻ ദുരിതബാധിതർക്ക് പ്രതിമാസം 150 യൂണിറ്റ് വരെ 1.5 രൂപാ നിരക്കിലും കാൻസർ ബാധിച്ചതോ സ്ഥിരമായ അംഗവൈകലും സംഭവിച്ചതോ ആയ വ്യക്തി അംഗമായ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള കുടുബങ്ങൾക്ക് (2000 വാട്സ് വരെ കണക്റ്റഡ് ലോഡുള്ളത്) പ്രതിമാസം 100 യൂണിറ്റ് വരെ 1.50 രൂപ നിരക്കിൽ വൈദ്യുതി നൽകി വരുന്നു.
സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കൾക്ക്, കേരളാ സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെ 25.07.2012- ലെ ഉത്തരവ് പ്രകാരമുള്ള താരിഫ് വർദ്ധനവിൽ നിന്നും ഇളവ് നൽകാനാണ് ഗവൺമെന്റ് സബ്സിഡി നൽകി തുടങ്ങിയത്. ഈ സബ്സിഡി ഇപ്പോഴും തുടരുകയാണ്. ഇത് പ്രതിമാസം 40 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 35 പൈസയും 41 യൂണിറ്റ് മുതൽ 120 യൂണിറ്റ് വരെ യൂണിറ്റൊന്നിന് 50 പൈസയും ആണ്. പ്രതിമാസം 120 യൂണിറ്റ് വരെ ഉപയോഗമുള്ള സിംഗിൾ ഫേസ് ഗാർഹിക ഉപഭോക്‌താക്കൾക്ക് 20 രൂപ ഫിക്സഡ് ചാർജ് ഇനത്തിൽ സബ്സിഡി നൽകി വരുന്നുണ്ട്.
72 ലക്ഷത്തിലേറെ വരുന്ന ഉപഭോക്താക്കൾക്ക് പ്രതിമാസം വരുന്ന വർദ്ധന കേവലം 10 രൂപ മാത്രമാണ്
പ്രതിമാസം 30 യൂണിറ്റ് വരെ ഉപയോഗമുള്ള 500 വാട്ട്സിൽ താഴെ കണക്റ്റഡ് ലോഡുള്ള സാമൂഹികമായും സാമ്പത്തികമായും പിന്നോക്കാവസ്ഥയിലുള്ള ഗാർഹിക ഉപഭോക്‌താക്കൾക്ക് ഗവണ്മെന്റ് സബ്സിഡി നൽകി വൈദ്യുതി സൗജന്യമായാണ് നൽകി വരുന്നത്. കൂടാതെ പ്രതിമാസം 41 മുതൽ 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ഗാർഹിക ഉപഭോക്‌താക്കൾക്ക് ഗവൺമെന്റ് സബ്സിഡിയായി, വൈദ്യുതി യൂണിറ്റൊന്നിന് 1.50 രൂപാ നിരക്കിൽ നൽകി വരുന്നു. ലോ ടെൻഷൻ വിഭാഗത്തിൽപ്പെടുന്ന കാർഷിക ഉപഭോക്‌താക്കൾക്ക് യൂണിറ്റിന് 85 പൈസാ നിരക്കിലാണ് സബ്സിഡി നൽകി വരുന്നത്.
എല്ലാ വിഭാഗത്തിലുമായി ഏകദേശം 76 ലക്ഷം ഉപഭോക്താക്കൾക്ക് വിവിധങ്ങളായ സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ട്
2024-25-ൽ റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച വൈദ്യുതിയുടെ ശരാശരി വില (Average Cost of Supply) യൂണിറ്റൊന്നിന് 7.30 രൂപയാണ്. എന്നാൽ ഒരു യൂണിറ്റ് വൈദ്യുതിയുടെ വിലയായി നിലവിൽ അനുവദിച്ചിട്ടുള്ളത് 6.96 രൂപ മാത്രമാണ് . അതായത് ഓരോ യൂണിറ്റ് വൈദ്യുതി വിൽക്കുമ്പോഴും 34 പൈസ വരുമാനത്തിൽ കുറവു വരുന്നു. യഥാർത്ഥ വിലയേക്കാൾ 34 പൈസ കുറച്ചാണ് കമ്മീഷൻ വിൽപന വില നിർണ്ണയിച്ചിരിക്കുന്നത് എന്ന് സാരം.
Also Read; കരുതലും കൈത്താങ്ങും; താലൂക്ക് തല അദാലത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി നിര്വഹിക്കും
റെഗുലേറ്ററി കമ്മീഷൻ നിലവിൽ വന്നതിനു ശേഷം സംസ്ഥാനത്ത് ആദ്യമായി വൈദ്യുതി താരിഫ് പരിഷ്കരണം നടന്നിട്ടുള്ളത് 2002-ലാണ്. പ്രസ്തുത പരിഷ്കരണം കഴിഞ്ഞ് പത്ത് വർഷ കാലയളവിനു ശേഷം 2012-ലാണ് അടുത്ത താരിഫ് പരിഷ്കരണം നടന്നത്. പിന്നീട് 2013, 2014, 2017 എന്നീ വർഷങ്ങളിലും താരിഫ് പരിഷ്കരണം നടന്നിട്ടുണ്ട് . 2012- ൽ 24%, 2013- ൽ 9.1%, 2014- ൽ 6.7%, 2017- ൽ 4.77%, 2019-ൽ 7.32%. 2022- ൽ 7.32%., 2023-ൽ 3.20% എന്നിങ്ങനെയായിരുന്നു വർദ്ധന. എന്നിരുന്നാലും ഈ താരിഫ്പരിഷകരണങ്ങളൊന്നും തന്നെ അന്ന് നിലവിലുണ്ടായിരുന്ന റവന്യു കമ്മി പൂർണ്ണമായും നികത്തുന്ന തരത്തിലായിരുന്നില്ല.
സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ്റ 28.06.2024-ലെ ട്രൂ അപ്പ് ഉത്തരവ് പ്രകാരം (2022-23) 01.04.2023 വരെയുള്ള സഞ്ചിത റവന്യൂ കമ്മി 6408.37 കോടി രൂപയും, 2023-24 -ലെ ട്രൂ അപ്പ് പെറ്റീഷൻ പ്രകാരമുള്ള റവന്യൂ കമ്മിയായ 1323.95 കോടി രൂപയും കൂടിച്ചേരുമ്പോൾ 31.03.2024-ലെ സഞ്ചിത കമ്മി 7732.32 കോടി രൂപയാകും. 2016-ലെ ദേശീയ വൈദ്യുതി നയമനുസരിച്ച് ഇപ്രകാരം അംഗീകരിക്കപ്പെട്ട വരുമാന കമ്മി ഏറിയ പക്ഷം ഏഴ് വർഷം കൊണ്ട് അതിന്റെ പലിശ ഉൾപ്പെടെ നികത്തിയെടുക്കേണ്ടതാണ്. ഈ മുൻകാല കമ്മി കുറഞ്ഞൊരളവിലെങ്കിലും നികത്തിയില്ലെങ്കിൽ സ്ഥാപനത്തിന്റെ നിലനിൽപ്പിനെ തന്നെ ദോഷകരമായി ബാധിക്കും.
കൂടാതെ കൺട്രോൾ പീരീയഡ് കാലയളവിൽ (2022 – 2027) വിവിധ കാരണങ്ങളാൽ വർദ്ധിച്ചുവരുന്ന പ്രവർത്തന പരിപാലന ചെലവുകൾ, അവശ്യം നടത്തപ്പെടേണ്ട പ്രവർത്തന മൂലധന നിക്ഷേപ പ്രവൃത്തികൾക്കുള്ള ചെലവുകൾ വർദ്ധിച്ചുവരുന്നു. അതിനാൽ ആവശ്യം വേണ്ട നിയമാനുസൃതമായ ചെലവുകൾ നിറവേറ്റുന്നതിനും, സ്ഥാപനത്തിന്റെ സുസ്ഥിരമായ നിലനിൽപ്പിനും വേണ്ടിയാണ് താരിഫ് പരിഷ്കരണം നിർദ്ദേശിക്കാൻ കെ എസ് ഇ ബി നിർബന്ധിതമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here