ഇന്ത്യയിൽ 10 കോടിയിലധികം പ്രമേഹരോഗികൾ; കൂടുതലും ഗോവയിലും കേരളത്തിലും

രാജ്യത്ത് പത്ത് കോടിയിലധികം പ്രമേഹരോ​ഗികൾ ഉണ്ടെന്ന് റിപ്പോർട്ടുകൾ . യുകെ മെഡിക്കൽ ജേണലായ ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച ഐസിഎംആർ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയുമാണ് പ്രമേഹരോ​ഗികളുടെ എണ്ണത്തിൽ മുന്നിൽ എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ​ഗോവയിൽ ജനസംഖ്യയിലെ 26.4 ശതമാനം പേർ പ്രമേഹ രോഗികളാണ്, കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിൽ 26.3 ശതമാനം പേരും, കേരളത്തിൽ 25.5 ശതമാനം പേരും പ്രമേഹരോ​ഗികളാണ്. 11.4 ശതമാനം ആണ് ദേശീയ ശരാശരി. ഇതിന് ഇരട്ടിയാണ് ഈ സംസ്ഥാനങ്ങളിലെ പ്രമേഹ രോഗികളുടെ എണ്ണം.

ഉത്തർപ്ര​ദേശ്, മധ്യപ്രദേശ്, ബീഹാർ, അരുണാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ അടുത്ത കുറച്ച് വർഷങ്ങൾക്കുള്ളിൽ പ്രമേഹ രോ​ഗികളുടെ എണ്ണത്തിൽ വൻ വർദ്ധനവ് ഉണ്ടാകാൻ സാധ്യതയുണ്ടെന്നും ഐസിഎംആർ മുന്നറിയിപ്പ് നൽകി. കണക്കുകൾ പ്രകാരം രാജ്യത്തെ 13.6 കോടിയോളം വരുന്ന ആളുകളിൽ 15.3 ശതമാനം പേർക്കും, പ്രീ ഡയബറ്റിസ് ഉണ്ടെന്നാണ്. എന്നാൽ 2019 ലെ കണക്കുകളിൽ ഏഴ് കോടി പ്രമേഹരോ​ഗികളാണ് രാജ്യത്തുണ്ടായിരുന്നത്. നാല് വർഷം കൊണ്ട് നാല്പത്തിനാല് ശതമാനം വർദ്ധനവാണ് ഇക്കാര്യത്തിൽ ഉണ്ടായിട്ടുള്ളത്.

“ഗോവ, കേരളം, തമിഴ്‌നാട്, ചണ്ഡീഗഢ് എന്നിവിടങ്ങളിൽ പ്രമേഹ രോ​ഗികളെ അപേക്ഷിച്ച്, പ്രീ ഡയബറ്റിക് രോ​ഗികളുടെ എണ്ണം കുറവാണ്. പുതുച്ചേരിയിലും ദില്ലിയിലും ഈ കണക്കുകൾ ഏതാണ്ട് തുല്യമാണ്” എന്ന് പഠനം നടത്തിയ അം​ഗങ്ങളിൽ ഒരാളും, മദ്രാസ് ഡയബറ്റിസ് റിസർച്ച് ഫൗണ്ടേഷൻ പ്രസിഡന്റുമായ ഡോ. രഞ്ജിത് മോഹൻ അഞ്ജന പറഞ്ഞു. പ്രമേഹ രോ​ഗികൾ കുറവുള്ള സംസ്ഥാനങ്ങളിൽ പലതിലും, പ്രീ-ഡയബറ്റിസ് ഉള്ള ആളുകളുടെ എണ്ണം കൂടുതലാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഉത്തർപ്രദേശിൽ 4.8 ശതമാനം പ്രമേഹ രോ​ഗികളാണുള്ളത്. രാജ്യത്ത് ഏറ്റവും കുറവ് പ്രമേഹരോ​ഗികൾ ഉള്ള സംസ്ഥാനവും യുപിയാണ്. എന്നാൽ ദേശീയ ശരാശരി 15.3 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഉത്തർപ്രദേശിൽ 18 ശതമാനം പ്രീ ഡയബറ്റിക് രോ​ഗികളാണ് ഉള്ളത്. “യുപിയിൽ പ്രമേഹ രോ​ഗികളായ നാലിൽ ഒരാൾക്കും, പ്രീ-ഡയബറ്റിസ് ഉണ്ടായിരുന്നു. സിക്കിം ഇതിൽ നിന്നും വേറിട്ടു നിൽക്കുകയാണ്. ഇവിടെ പ്രമേഹ രോ​ഗികളുടെ എണ്ണവും പ്രീ ഡയബറ്റിക് രോ​ഗികളുടെ എണ്ണവും ഏതാണ്ട് തുല്യമാണ്. ഇത്തരം പ്രവണതകൾക്കു പിന്നിലെ കാരണങ്ങൾ പഠിക്കേണ്ടതുണ്ട്”, ഡോ.രഞ്ജിത് മോഹൻ അഞ്ജന പറഞ്ഞു.

“രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണയേക്കാൾ ഉയർന്നു കാണപ്പെടുന്നവരും എന്നാൽ ടൈപ്പ്-2 പ്രമേഹമുള്ളവരായി കണക്കാക്കാൻ പറ്റാത്തതുമായി രോ​ഗികളെയാണ് പ്രീ-ഡയബറ്റിക് രോ​ഗികൾ എന്നു വിളിക്കുന്നത്. ജീവിതശൈലിയിൽ മാറ്റം വരുത്തിയില്ലെങ്കിൽ, പ്രീ-ഡയബറ്റിസ് ഉള്ള മുതിർന്നവർക്കും കുട്ടികൾക്കുമെല്ലാം ഭാവിയിൽ പ്രമേഹം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.

പ്രീ ഡയബറ്റിസ് ഉള്ളവരിൽ മൂന്നിലൊന്ന് ആളുകൾക്കും ഏതാനും വർഷങ്ങൾക്കുള്ളിൽ പ്രമേഹം വരാൻ സാധ്യതയുണ്ട്. മൂന്നിലൊന്ന് പേർ പ്രീഡയബറ്റിക് ആയി തുടരുകയും ചെയ്യാം. ആരോഗ്യകരമായ ഭക്ഷണക്രമം, ജീവിതശൈലി, വ്യായാമം എന്നിവയിയൂടെ പ്രമേഹം വരാതെ ശ്രദ്ധിക്കുന്നവരും ഉണ്ട്” എന്നും സീനിയർ ഡയബറ്റോളജിസ്റ്റ് ആയ ഡോ വി. മോഹൻ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News