സംസ്ഥാനത്തെ ടൂറിസം പ്രവര്‍ത്തനങ്ങള്‍ സുരക്ഷിതമായി സാധാരണനിലയില്‍ തന്നെ മുന്നോട്ട് പോവുകയാണെന്ന് ടൂറിസം മന്ത്രി പി. എ മുഹമ്മദ് റിയാസ് പറഞ്ഞു. വിനോദസഞ്ചാരികള്‍ക്ക് പൂര്‍ണ്ണ സുരക്ഷിതത്വത്തോടെ കേരളത്തിന്‍റെ മനോഹാരിത ആസ്വദിക്കാം. ചാമ്പ്യന്‍സ് ബോട്ട് ലീഗ് ഉള്‍പ്പെടെ മുന്‍നിശ്ചയിക്കപ്പെട്ട ടൂറിസം പ്രവര്‍ത്തനങ്ങള്‍ തടസമില്ലാതെ തന്നെ മുന്നോട്ടു പോകുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഒറ്റപ്പെട്ട നിപ വൈറസ് കേസുകള്‍ സ്ഥിരീകരിച്ച കോഴിക്കോട് ജില്ലയിലെ പ്രദേശങ്ങളില്‍ സ്ഥിതിഗതികള്‍ പൂര്‍ണ്ണ നിയന്ത്രണ വിധേയമാണ്. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ എല്ലാ സുരക്ഷിതത്വ സംവിധാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ സംവിധാനങ്ങളുടെ ഫലപ്രദമായ ഇടപെടല്‍ ശ്രദ്ധേയമാണ്. ആശങ്കപ്പെടേണ്ട ഒരു സാഹചര്യവും നിലനില്‍ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു. സ്ഥിതിഗതികള്‍ സൂക്ഷമമായി നിരീക്ഷിക്കുന്നതിനായി ആരോഗ്യമന്ത്രി വീണാ ജോര്‍ജിനൊപ്പം സ്വന്തം ജില്ലയായ കോഴിക്കോട് ക്യാമ്പ് ചെയ്യുന്ന മന്ത്രി വിനോദസഞ്ചാര വകുപ്പ് ഉദ്യോഗസ്ഥരുമായും മേഖലയിലെ സംരംഭകരുമായും സാഹചര്യങ്ങള്‍ വിലയിരുത്തുന്നുണ്ട്. സംസ്ഥാനത്തുടനീളം സന്ദര്‍ശകര്‍ക്ക് സുരക്ഷിതമായും ആത്മവിശ്വാസത്തോടെയും യാത്ര ചെയ്യാന്‍ എല്ലാ സാഹചര്യവും നിലവിലുണ്ടെന്നും മന്ത്രി പറഞ്ഞു. കോഴിക്കോട് ജില്ലയില്‍ വൈറസ് ബാധ തടയുന്നതിനായി പ്രാദേശികാടിസ്ഥാനത്തില്‍ കണ്ടെയിന്‍മെന്‍റ് സോണുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മതിയായ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം ആവശ്യമായ അടിസ്ഥാന സൗകര്യവും ഒരുക്കി വൈറസ് പടരുന്നത് തടയാന്‍ ശക്തമായ എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ട്.
ALSO READ: നിപ; കോഴിക്കോട് എൻ ഐ ടി യിലെ പരീക്ഷകൾ മാറ്റി; 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ
കേരളം എക്കാലവും വിനോദ സഞ്ചാരികളുടെ സുരക്ഷിത കേന്ദ്രമാണ്. മുന്‍കാലങ്ങളിലുണ്ടായ ആരോഗ്യ അടിയന്തരഘട്ടങ്ങളിലെല്ലാം സംസ്ഥാനത്തിന്‍റെ ശക്തമായ ആരോഗ്യമേഖല ഫലപ്രദമായ ഇടപെടലുകള്‍ നടത്തിയിട്ടുണ്ട്. സന്ദര്‍ശകരുടെ സുരക്ഷ പരമപ്രധാനമായ കാര്യമാണ്. ഭയക്കേണ്ട യാതൊരു സാഹചര്യങ്ങളും നിലവില്‍ സംസ്ഥാനത്തില്ലെന്നും മന്ത്രി പറഞ്ഞു. 2023 ന്‍റെ ആദ്യ പകുതിയില്‍ കേരളത്തിലേക്കുള്ള ടൂറിസ്റ്റുകളുടെ വരവില്‍ 20.1 ശതമാനത്തിന്‍റെ സര്‍വകാല വളര്‍ച്ചയാണ് കേരളം കൈവരിച്ചത്. പ്രളയം, കോവിഡ് എന്നിവയില്‍ നിന്നും തിളക്കമാര്‍ന്ന തിരിച്ചുവരവാണ് കേരള ടൂറിസം നടത്തിയതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ALSO READ: നിപ; കോഴിക്കോട് എൻ ഐ ടി യിലെ പരീക്ഷകൾ മാറ്റി; 18 മുതൽ 23 വരെ ഓൺലൈൻ ക്ലാസുകൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here