പാട്ടിന്റെ കരളിന് സ്വന്തം കരള്‍ കടംകൊടുത്ത പാട്ടുകാരന്‍; ഇന്ന് പി ഭാസ്‌കരന്റെ 99-ാം ജന്മവാര്‍ഷികദിനം

പി ഭാസ്‌കരന്റെ 99-ം ജന്മദിനമാണിന്ന്. ജാതിയില്‍ കുടുങ്ങിക്കിടന്ന പാട്ടിനെ ജനകീയതയായി വിമോചിപ്പിച്ച കവിയാണ് പി ഭാസ്‌കരന്‍. പാട്ടിന്റെ കരളിന് സ്വന്തം കരള്‍ കടംകൊടുത്ത പാട്ടുകാരന്‍. പാട്ടിന്റെ കടലിനെ കൈക്കുമ്പിളിലെടുക്കുകയും കവിതയുടെ ഉടലിനെയാകെ ഒരു ജനകീയ ഗാനമാക്കി മാറ്റുകയും ചെയ്തയാള്‍.

നിന്നുപെയ്യുന്ന വാക്കുകളുടെ പെരുമഴ കൊണ്ട് നനച്ച്, പാട്ടില്‍ നിന്ന് മൊട്ടിട്ട കവിതയെ തിരികെ പാട്ടിലേക്കുള്ള പൂക്കാലമാക്കി മാറ്റുകയായിരുന്നു പി ഭാസ്‌കരന്‍. മാഷ് സ്വയം പരിപോഷിപ്പിച്ച മലയാള ഗാനമുകുളം പിന്നീട് ഏറ്റെടുത്തത് വയലാറും ഒഎന്‍വിയും യൂസഫലി കേച്ചേരിയും ശ്രീകുമാരന്‍ തമ്പിയുമെല്ലാമാണ്. മാഷക്കൊപ്പം അര്‍ത്ഥവും ആഴവുമുള്ള വരികള്‍ക്ക് ഈണത്തിന്റെ ചിറകുവിരിക്കാന്‍ ദക്ഷിണാമൂര്‍ത്തിയും ദേവരാജനും ബാബുരാജും എല്ലാം സ്വരപ്പെട്ടിമീട്ടി.

ഭാസ്‌കരന്‍ എഴുതിയ വരികള്‍ക്കും വിളിച്ച മുദ്രാവാക്യത്തിനും പങ്കുവയ്ക്കാന്‍ ഉണ്ടായിരുന്നത് ഒരേ ലക്ഷ്യമായിരുന്നു. അത് കലയുടെ, വേദികളുടെ, പൊതുവിടങ്ങളുടെ, സമൂഹത്തിന്റെ ജനാധിപത്യവത്കരണമായിരുന്നു. ആര്‍ക്കും പാടാനും പറയാനുമുള്ള ലോകത്തിന്റെ നിര്‍മാണപ്രക്രിയ വാക്കുകളിലൂടെ നിര്‍മിച്ചെടുക്കുകയായിരുന്നു പി ഭാസ്‌കരന്‍.

പ്രകൃതിയെ അക്ഷരങ്ങളുടെ അനുഭവഖനിയാക്കുന്ന മാന്ത്രികതയുണ്ടായിരുന്നു പി ഭാസ്‌കരന്‍ മാസ്റ്ററുടെ വരികള്‍ക്ക്. ഭാസ്‌കരന്‍ മാഷുടെ പാട്ടെഴുത്തിലൂടെ പുലരിയും നിലാവും പ്രകൃതിപ്രപഞ്ചത്തില്‍ നിന്ന് മണ്ണിലിറങ്ങി.

ഉച്ചവെയിലിനെയും കനകനിലാവാക്കി മാറ്റുന്ന ഈ വരികള്‍ക്ക് ആ നിലാവത്തിരുന്നാണ് ശ്രുതി ചേര്‍ത്തതെന്ന് പറഞ്ഞത് രാഘവന്‍ മാസ്റ്ററാണ്. പൗര്‍ണമിപ്പാലാഴിയെ ഉപമാലങ്കാരത്തോട് ചേര്‍ത്തുള്ള ചമത്കാരത്തില്‍ നിലാവിനോ അലങ്കാരത്തിനോ ഭംഗി കൂടുതലെന്ന് ചോദിക്കാത്തവര്‍ ആരുണ്ട്?

എന്നാല്‍ പരിചിതമായ അലങ്കാരങ്ങളില്‍ നിന്ന് ഭാസ്‌കരഗീതി എവിടെയും പടര്‍ന്നുകയറുന്ന വാക്കലയായി തിരതല്ലി. മുരിക്കും മാടത്തയും തീവണ്ടിയും എല്ലാം മനോഹര കാവ്യബിംബങ്ങളായി.

സിനിമയില്‍ ഏറ്റവും സ്വരപ്പകര്‍ച്ചയുള്ള വരികള്‍ എഴുതുമ്പോഴും നിര്‍മ്മാണവും സംവിധാനവും അന്യമായിരുന്നില്ല ഭാസ്‌കരന്‍ മാസ്റ്റര്‍ക്ക്. എഴുത്തും സമരവും അഭിനയവും സാക്ഷാത്കാരവും ചേര്‍ന്ന് ഇംഗ്ലീഷില്‍ പോളിമാത്ത് എന്ന് വിളിക്കാവുന്നയാള്‍. 250 സിനിമകളിലായി 3000 പാട്ടെഴുത്തിനും നീലക്കുയില്‍ അടക്കം 40 ഓളം സിനിമകളിലെ സംവിധാനത്തിനും നിരവധിയായ അഭിനയ ഏടുകള്‍ക്കും ചിറകുവരച്ചു.

ഒരു നോവലോളം എഴുതാവുന്ന അനുഭവത്തെ ഒരൊറ്റ പാട്ടിലാക്കിയതിന്റെ എളിമയുണ്ടായിരുന്നു ഭാസ്‌കരന്‍ മാഷുടെ വരികള്‍ക്ക്. പാട്ടുകളെ ജാതിയില്‍ നിന്ന് മുക്തമാക്കി ജനകീയമാക്കുമ്പോഴും പി ഭാസ്‌കരന്‍ പട നയിച്ചത് പ്രണയത്തെയും സമൂഹത്തെയും പ്രകൃതിയെ തന്നെയും ജാതി മുക്തമാക്കി മാറ്റാനുള്ള പോരാട്ടം തന്നെയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News