മണ്ഡലകാല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് ശബരിമലയില്‍ പൊലീസ് ഏര്‍പ്പെടുത്തിയ ഒന്നാംഘട്ട ക്രമീകരണങ്ങള്‍ വലിയ വിജയമായതായി സന്നിധാനം പൊലീസ് സ്പെഷല്‍ ഓഫീസറായി ചുമതലയേറ്റ പി. ബിജോയ് പറഞ്ഞു. പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പലാണ് അദ്ദേഹം.
നിലവില്‍ എല്ലാം സുഗമമായതിനാല്‍ ക്രമീകരണങ്ങള്‍ തുടരുമെന്നും മാറ്റങ്ങള്‍ വരുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ഡിസംബര്‍ 13 വരെയാണ് ചുമതല. പെരുമ്പാവൂര്‍ എഎസ്പി ശക്തി സിംഗ് ആര്യ ജോയിന്റ് സ്പെഷല്‍ ഓഫീസറായും ചുമതലയേറ്റു.
അതേസമയം ശബരിമല സന്നിധാനത്ത് ശുദ്ധജലമെത്തിക്കുന്നതിനായി കുന്നാര്‍ ഡാമില്‍ നിന്ന് ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. പിഎസ് പ്രശാന്ത് പറഞ്ഞു. കുന്നാര്‍ ഡാം സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കുന്നാര്‍ ഡാമില്‍നിന്ന് ശുദ്ധജലമെത്തിക്കുന്നതിനായി രണ്ടു പൈപ്പ് ലൈനുകളാണ് സന്നിധാനത്തേക്ക് ഉണ്ടായിരുന്നത്. 2018ലെ പ്രളയത്തില്‍ ഇതിലൊന്ന് തകര്‍ന്നുപോയിരുന്നു. ജലവിതരണം സുഗമമാക്കാനായി ഒരു പൈപ്പ് ലൈന്‍ കൂടി സ്ഥാപിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്. വനംവകുപ്പിന്റെ അനുമതിക്കായുള്ള നടപടി തുടരുകയാണ്. കുന്നാര്‍ ഡാമില്‍നിന്ന് ജലം എത്തിക്കാന്‍ സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കാമെന്ന് ദേവസ്വം വകുപ്പു മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here