പ്രമുഖ വിദ്യാഭ്യാസ പണ്ഡിതനും എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ പി ചിത്രന്‍ നമ്പൂതിരിപ്പാട് അന്തരിച്ചു.കേരള വിദ്യാഭ്യാസ മേഖലയ്ക്ക് ഒട്ടനവധി സംഭാവനകള്‍ നല്‍കിയ അദ്ദേഹം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ശില്പി കൂടിയാണ്.103 വയസ്സായിരുന്നു. സംസ്‌കാരം നാളെ വൈകിട്ട് നാല് മണിക്ക് പാറമേക്കാവ് ശാന്തിഘട്ടില്‍ നടക്കും.
Also Read: നടൻ ടി.എസ് രാജുവിനോട് മാപ്പ് പറഞ്ഞ് അജു വർഗ്ഗീസ്
മലപ്പുറം ജില്ലയിലെ മൂക്കുതലയില്‍ ജനിച്ച ചിത്രന്‍ നമ്പൂതിരിപ്പാടിന്റെ സാമൂഹ്യ ഇടപെടലുകള്‍ ആരംഭിച്ചത് പതിനൊന്നാം വയസ്സിലാണ്. പന്തിഭോജനത്തില്‍ പങ്കെടുത്തുകൊണ്ടായിരുന്നു അദ്ദേഹം ചെറുപ്പത്തിലേ തന്റെ നിലപാടുറപ്പിച്ചത്. കേരളത്തില്‍ വിദ്യാര്‍ത്ഥി പ്രസ്ഥാനം ആരംഭിച്ച കാലത്തു തന്നെ അതുമായി ചേര്‍ന്നു പ്രവര്‍ത്തിച്ച അദ്ദേഹം സ്റ്റുഡന്റ് ഫെഡറേഷന്റെ ആദ്യത്തെ സെക്രട്ടറിയായിരുന്നു. അധ്യാപകനായും തുടര്‍ന്ന് 34-ാം വയസ്സില്‍ പ്രധാനാധ്യാപകനായും ജോലി ചെയ്തു. കെ. ദാമോദരനിലൂടെ കമ്മ്യൂണിസ്റ്റ് ആശയഗതികളിലേക്ക് നയിക്കപ്പെട്ട പി ചിത്രന്‍ നമ്പൂതിരിപ്പാട് പിന്നീട് ഇടതു സഹയാത്രികനായി മാറി.തന്റെ നാടായ മൂക്കുതലയില്‍ സ്ഥാപിച്ച വിദ്യാലയം വെറും ഒരു രൂപ വില വാങ്ങി ആദ്യ ഇ എം എസ് സര്‍ക്കാരിന് കൈമാറി. പ്രധാനാധ്യാപകന്‍, ഡി.ഇ.ഒ, ഡി.ഡി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം വിദ്യാഭ്യാസ വകുപ്പ് അഡിഷണല്‍ ഡയറക്ടറായി 1979ല്‍ ആണ് സര്‍വ്വീസില്‍ നിന്നും വിരമിക്കുന്നത്. തുടര്‍ന്ന് കലാമണ്ഡലം സെക്രട്ടറി, ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 33 തവണ ഹിമാലയന്‍ യാത്രകള്‍ നടത്തിയിട്ടുള്ള അദ്ദേഹം പുണ്യഹിമാലയം എന്ന പേരില്‍ യാത്രാ വിവരണവും സ്മരണകളിലെ പൂമുഖം എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2022 ല്‍ – വി.കെ. നാരായണ ഭട്ടതിരി പുരസ്‌കാരത്തിനും അര്‍ഹനായി.പെരളശ്ശേരി സ്‌കൂളില്‍ പഠിക്കുന്ന താനുള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികള്‍ അന്യായമായി പുറത്താക്കപ്പെട്ടപ്പോള്‍ രക്ഷകനായി എത്തിയ അന്നത്തെ വിദ്യാഭ്യാസ ഓഫീസര്‍ ചിത്രന്‍ നമ്പൂതിരിപ്പാടിനെക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ ഈയിടെ ഒരു വേദിയില്‍ പറയുകയുണ്ടായി.വാര്‍ധക്യസഹജമായ അസ്വസ്ഥതകളെത്തുടര്‍ന്ന് തൃശൂര്‍ ചെമ്പൂക്കാവിലെ സ്വവസതിയില്‍ ആയിരുന്നു അന്ത്യം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here