മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ ഏറ്റവും മനോഹരമായ ഒരു കാലമാണ് പി ജയചന്ദ്രനോടൊപ്പം വിടവാങ്ങുന്നത്. തലമുറകളുടെ വിടവില്ലാതെ മലയാളി ആസ്വദിച്ച ആലാപന ജീവിതം. താരതമ്യമില്ലാത്ത ഭാവഗാനങ്ങളുടെ ഒരു സാഗരമാണ് ജയചന്ദ്രഗാനങ്ങള്‍. അരനൂറ്റാണ്ടിലേറെ കാലത്തെ ഉപാസന. മലയാളി ഹൃദയം ചേര്‍ത്തു പാടിയ അതിധന്യമായൊരു നാദോപസന. മലയാള ചലച്ചിത്ര സംഗീതം ഹിന്ദിയുടെ ആവര്‍ത്തനം വിട്ട് മണ്ണിലുറച്ചു നിന്ന കാലത്തിന്‍റെ രണ്ട് ശബ്ദവീചീകളായിരുന്നു യേശുദാസും ജയചന്ദ്രനും.
യേശുദാസ് ആലാപനത്തിന്‍റെ ഉയരങ്ങള്‍കാട്ടി വിസ്മയിപ്പിച്ചപ്പോള്‍ ആഴങ്ങള്‍ കാട്ടി കൊതിപ്പിച്ചു ജയചന്ദ്രന്‍. യേശുദാസിനെപ്പോലെ കര്‍ണ്ണാടക സംഗീതത്തിന്‍റെ കടലിലല്ല, ലളിത സംഗീതത്തിന്‍റെ മഞ്ഞലയില്‍ മുങ്ങിത്തോര്‍ത്തിവന്ന സംഗീത ജീവിതമായിരുന്നു ഭാവഗായകന്‍റേത്.
ALSO READ; ആ ഗാനമാധുരി നിലച്ചു; ഭാവ ഗായകൻ പി ജയചന്ദ്രന് വിട
1958ലെ സംസ്ഥാന സ്ക്കൂള്‍ യുവജനോത്സവത്തിലൂടെ കേട്ട പേരുകളാണ് യേശുദാസും ജയചന്ദ്രനും. ജയചന്ദ്രന്‍ മൃദംഗവാദനത്തിലും യേശുദാസ് ശാസ്ത്രീയ സംഗീതത്തിലും മുഴങ്ങിയ കാലം. പിന്നീട് ആ നാദശലഭങ്ങള്‍ ജയചന്ദ്രന്‍റെ വിരലുകളില്‍ നിന്ന് തൊണ്ടയിലേക്ക് കൂടുമാറി. 1967ല്‍ കുഞ്ഞാലിമരയ്ക്കാറില്‍ കോഴിക്കോട് പ്രേമയ്ക്കൊപ്പം ഒരു മുല്ലപ്പൂമാലയുമായി എന്ന യുഗ്മഗാനം ചൂടി. തൃപ്പുണിത്തുറയില്‍ നിന്ന് ഇരിങ്ങാലക്കുടയിലേക്ക് മാറിയ കൊച്ചനിയൻ തമ്പുരാന്‍റെയും സുഭദ്രക്കുഞ്ഞമ്മയുടേയും അഞ്ചു മക്കളിൽ മൂന്നാമനായ പാലിയത്ത് ജയചന്ദ്രക്കുട്ടന് പിന്നെ തിരിഞ്ഞു നോക്കേണ്ടിവന്നില്ല.
ശുദ്ധമലയാളത്തിന്‍റെ മധുരഗാനമായിരുന്നു ജയചന്ദ്രന്‍. പി ഭാസ്കരനും ഓഎന്‍വിയും വയലാറും കെ രാഘവനും ബാബുരാജും ദേവരാജനും ദക്ഷിണാമൂര്‍ത്തിയും പരന്നൊഴികിയ കാലം, എംകെ അര്‍ജുനിലേക്കും എംഎസ് വിശ്വനാഥനിലേക്കും ജോണ്‍സണിലേക്കും ഇളയരാജയിലേക്കും എആർ റഹ്മാനിലേക്കും കീരവാണിയിലേക്കും വിദ്യാസാഗറിലേക്കും ബാറ്റണ്‍ കൈമാറുമ്പോഴും ഭാവമാറ്റങ്ങളൊന്നുമില്ലാതെ കല്ലുപോലെ നിന്നു ജയചന്ദ്രന്‍. കാലം മാറി ബഹുസ്വരങ്ങളുടെ ഡിജിറ്റല്‍ കാലവും കടന്ന് കാലതീതമാകുന്ന ഗാനങ്ങളായിരുന്നു അദ്ദേഹത്തിൽ പിറവി കൊണ്ടത്.
ഇരുപത്തിമൂന്നാം വയസ്സിൽ പാടിയ അനുരാഗഗാനങ്ങളുടെ അതേ നാദത്തിലും ഭാവത്തിലും സ്ഥായിയിലും എഴുപതാം വയസ്സിലും ജയചന്ദ്രന്‍ പാടിയിട്ടുണ്ട്. അതുകൊണ്ട് ജയചന്ദ്രന്‍റെ എല്ലാ തിരിച്ചുവരവുകളും മലയാള സിനിമയുടെ തന്നെ വലിയ മഹോത്സവങ്ങളായി. മലയാളത്തിനൊപ്പം തമിഴിന്‍റെയും കന്നഡത്തിന്‍റെയും ഹിന്ദിയുടെയും മനംകവര്‍ന്നിട്ടുണ്ട് ജയചന്ദ്രന്‍. ദേശീയ അവാര്‍ഡിനൊപ്പം അഞ്ചു തവണ കേരള സംസ്ഥാന അവാർഡും നാലു തവണ തമിഴ്‌നാട് സംസ്ഥാന അവാർഡും. പിന്നെ സംസ്ഥാനസര്‍ക്കാറിന്‍റെ പരമോന്നതമായ ജെസി ഡാനിയേല്‍ പുരസ്കാരം. ആലാപനത്തിന്‍റെ ആ അപാര മാധുര്യം ഇന്ന് പതിനായിരത്തോളം ഗാനങ്ങളായി പരന്നുകിടക്കുന്നു. മലയാളിക്ക് എന്നും ഒന്നു പാടാന്‍ ഉള്ളില്‍മോഹമുള്ള പാട്ടുകള്‍. കാലം അത്രയേറെ അടുപ്പത്തോടെ ഏറ്റുപാടിയിരുന്നു പി ജയചന്ദ്രനെ. സ്വരം കൊണ്ട് ഭാഷയുടെയും സംസ്കാരങ്ങളുടെയും അതിർത്തികൾ ഭേദിച്ച ഗായകന്‍റെ ആത്മാവ് നിത്യശാന്തതയിൽ ലയിക്കുമ്പോഴും ആ ശബ്ദ വീചികൾ മലയാള സംഗീതാസ്വാദകരുടെ മനസിൽ നിറഞ്ഞു നിൽക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here