അനുഗ്രഹീത ഗായകന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ സംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അനുശോചനം രേഖപ്പെടുത്തി. മലയാള സിനിമയ്ക്ക് നല്‍കിയ സമഗ്ര സംഭാവനയ്ക്കുള്ള 2020 ലെ ജെ സി ഡാനിയേല്‍ പുരസ്‌കാരം അദ്ദേഹത്തിന് നല്‍കിക്കൊണ്ട് അദ്ദേഹത്തിന്റെ കലാജീവിതത്തെ എല്‍ഡിഎഫ് സര്‍ക്കാര്‍ ആദരിച്ചിരുന്നുവെന്ന് മന്ത്രി പറഞ്ഞു. കാലാതിവര്‍ത്തിയായ ആയിരക്കണക്കിന് മധുരഗാനങ്ങളിലൂടെ ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം പിടിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ആറ് പതിറ്റാണ്ട് കാലത്തെ സംഗീതജീവിതത്തില്‍ 5 ഭാഷകളിലായി പതിനായിരത്തില്‍ അധികം ഗാനങ്ങളാണ് പി ജയചന്ദ്രന്‍ ആസ്വാദകര്‍ക്ക് സമ്മാനിച്ചത്. ഓരോ ഗാനവും നമ്മുടെ മനസ്സുകളില്‍ അനുഭൂതികളുടെ വസന്തം തീര്‍ക്കുന്നു. അദ്ദേഹം സ്വരമാധുര്യം കൊണ്ട് അത്ഭുതങ്ങള്‍ സൃഷ്ടിച്ച ഗാനങ്ങള്‍ അനശ്വരമായി നിലകൊള്ളുമെന്നും മന്ത്രി പറഞ്ഞു.
വി ശിവന്‍കുട്ടി
മലയാളിയുടെ ഭാവഗായകന് പ്രണാമം. മലയാള സിനിമാ, ലളിത ഗാന രംഗത്തെ കുലപതിയാണ് വിട പറഞ്ഞത്. ആദരാഞ്ജലികള്‍.
രാമചന്ദ്രന്‍ കടന്നപ്പള്ളി
പ്രശസ്ത സംഗീതജ്ഞന്‍ പി ജയചന്ദ്രന്റെ നിര്യാണത്തില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ദുഃഖവും അനുശോചനവും രേഖപ്പെടുത്തി. ഗാന സംഗീതരംഗത്ത് നിത്യവസന്തം സൃഷ്ടിച്ച അനുഗ്രഹീത കലാകാരനായിരുന്നു ജയചന്ദ്രനെന്നും ആ ഭാവഗായകന്റെ ഗാനസൗരഭ്യം എന്നെന്നും നിലനിൽക്കുമെന്നും അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
മന്ത്രി വിഎന്‍ വാസവന്‍
അനശ്വരഗാനങ്ങളിലൂടെ സംഗീതത്തിന്റെയും സ്വരമാധുരിയുടെയും വസന്തം തീര്‍ത്ത മലയാളത്തിന്റെ ഭാവഗായകന്‍ പി ജയചന്ദ്രന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here