ഉടുപ്പൂരിയാൽ ഹിന്ദുത്വത്തിന് വേണ്ടി മിടിക്കുന്ന ഹൃദയം കാണാം; കോൺഗ്രസിൻ്റെ അടുക്കളയിൽ തിളക്കുന്നത് ഹിന്ദുത്വത്തിൻ്റെ സാമ്പാർ; പി ജയരാജൻ

കോൺഗ്രസിൻ്റെ അടുക്കളയിൽ ഹിന്ദുത്വത്തിൻ്റെ സാമ്പാറാണ് തിളക്കുന്നത് എന്ന് ആർക്കും അറിയാത്ത കാര്യമല്ല എന്ന് പി ജയരാജൻ. കോൺഗ്രസിൻ്റെ ഉടുപ്പൂരിയാൽ ഹിന്ദുത്വത്തിന് വേണ്ടി മിടിക്കുന്ന ആ ഹൃദയം കാണാമെന്നും ബി ജെ പിയുടെ ഹൃദയത്തുടിപ്പുള്ള ആ കോൺഗ്രസ് മനസ്സ് ഒന്നു കൂടി വെളിപ്പെട്ടിരിക്കുന്നു എന്നും പി ജയരാജൻ ഫേസ്ബുക്കിലൂടെ കുറിച്ചു. എ കെ ആന്റണിയുടെ ഭാര്യയുടെ കൃപാസനം ധ്യാന കേന്ദ്രത്തിലെ വെളുപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പി ജയരാജൻ ഇക്കാര്യം പറഞ്ഞത്.

അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെയാണ് രാഷ്ട്രീയ രംഗത്ത് ഉന്നത പദവികൾ നേടാനുള്ള അനിൽ ആന്റണിയുടെ യാത്രയെന്ന് ഇതോടെ വ്യക്തമായി എന്നും ജയരാജൻ പങ്കുവെച്ച കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.കൊടിക്കുന്നിൽ സുരേഷ്, എതിർപ്പറിയിച്ച ഡാനിഷ് അലിയെ തന്റെ വാക്കുകൾ കൊണ്ട് ‘ഇരുത്തിയ’തും കേരളീയർക്കാകെ മാനക്കേടുണ്ടാക്കിഎന്നും പി ജയരാജൻ പറഞ്ഞു.

ALSO READ:തീവ്രവര്‍ഗീയ പരാമര്‍ശം നടത്തിയ രമേശ് ബിദുരിക്ക് സംരക്ഷണകവചം ഒരുക്കി ബിജെപി

പി ജയരാജന്റെ ഫേസ്ബുക് കുറിപ്പിന്റെ പൂർണരൂപം

കോൺഗ്രസിൻ്റെ അടുക്കളയിൽ ഹിന്ദുത്വത്തിൻ്റെ സാമ്പാറാണ് തിളക്കുന്നത് എന്ന് ആർക്കും അറിയാത്ത കാര്യമല്ല. കോൺഗ്രസിൻ്റെ ഉടുപ്പൂരിയാൽ ഹിന്ദുത്വത്തിന് വേണ്ടി മിടിക്കുന്ന ആ ഹൃദയം കാണാം. ബി.ജെ.പിയുടെ ഹൃദയത്തുടിപ്പുള്ള ആ കോൺഗ്രസ് മനസ്സ് ഒന്നു കൂടി വെളിപ്പെട്ടിരിക്കുന്നു. ബി.ജെ.പി.യോടുള്ള അറപ്പും വെറുപ്പും ദേഷ്യവുമെല്ലാം മൂത്ത മകൻ അനിൽ ആന്റണിയുടെ കൂറുമാറ്റത്തെ തുടർന്ന് ഇല്ലാതായതായി കോൺഗ്രസ്‌ വർക്കിംഗ്‌ കമ്മിറ്റിയംഗം ആന്റണിയുടെ ഭാര്യ എലിസബത്ത്!
അനിൽ ആന്റണിയുടെ ബി.ജെ.പി.യിലേക്കുള്ള ചുവടു മാറ്റം കുടുംബത്തിന്റെ സമ്മതം കൂടാതെയാണെന്നാണ് ഇതേവരെ കരുതിയിരുന്നത്. എലിസബത്തിന്റെ അഭിപ്രായ പ്രകടനത്തിൽ നിന്ന് വ്യക്തമാകുന്നത് നീട്ടിവെച്ച സ്ഥാനമാനങ്ങളിൽ മയങ്ങി ബി.ജെ.പി.യിൽ ചേരുവാനുള്ള തീരുമാനം എലിസബത്തിനെ അറിയിച്ചപ്പോൾ പെട്ടെന്ന് അനുമതി കൊടുത്തില്ലെന്നും താനാരാധിക്കുന്ന ‘അമ്മ’യിൽ നിന്ന് സമ്മതം നേടിയാണ് അനിൽ ചുവടുമാറ്റം നടത്തിയത് എന്നുമാണ്. ഇക്കാര്യത്തിൽ ആന്റണിയും സമ്മതം അറിയിച്ചിരിക്കണം എന്ന് തന്നെയാണ് നാം കരുതേണ്ടത് .
മക്കൾ രാഷ്ട്രീയത്തോട് കോൺഗ്രസിന്റെ ചിന്തൻ ശിബിരം എതിർപ്പ് പ്രകടിപ്പിച്ചതിനാലാണ് അനിൽ ആന്റണി കോൺഗ്രസ് വിട്ടതെന്നാണ് ന്യായം പറഞ്ഞതത്രേ. രാഹുൽ ഗാന്ധിയേയും, പ്രിയങ്കാ ഗാന്ധിയേയും സച്ചിൻ പൈലറ്റിനേയും കേരളത്തിൽ ചാണ്ടി ഉമ്മനേയും ആനയിക്കുന്നവരാണ് മക്കൾ രാഷ്ട്രീയത്തിനെതിരെ പ്രമേയം പാസാക്കിയത് !. അച്ഛന്റേയും അമ്മയുടേയും സമ്മതത്തോടെയാണ് രാഷ്ട്രീയ രംഗത്ത് ഉന്നത പദവികൾ നേടാനുള്ള അനിൽ ആന്റണിയുടെ യാത്രയെന്ന് ഇതോടെ വ്യക്തമായി.
നിലവിൽ ലോക്‌സഭയിൽ ബി.ജെ.പി. ബാനറിലിരിക്കുന്ന മുൻ കോൺഗ്രസ് എം.പി.മാരുടെ എണ്ണം 128. ഈയടുത്ത കാലത്ത് ബി.ജെ.പിയിലേക്ക് ചാടിയ കോൺഗ്രസ് എം.എൽ.എ.മാരുടെ എണ്ണവും ഏതാണ്ട് ഇത്ര തന്നെ വരും. സ്ഥാനം കിട്ടുമെങ്കിൽ അനിൽ ആന്റണിയെ പിന്തുടരാൻ കേരളത്തിലും എത്രയോ കോൺഗ്രസുകാർ ഉണ്ട്. ഇക്കഴിഞ്ഞ ദിവസം ലോക്സഭയിൽ ഡാനിഷ് അലി എം.പി.യെ ‘സുന്നത്ത് നടത്തിയവൻ’ എന്ന് വിളിച്ച് ആക്ഷേപിക്കാൻ ബി.ജെ.പി. എം.പി. മുതിർന്നപ്പോൾ ‘ ഇരിക്കവിടെ’ എന്ന് ആജ്ഞാപിക്കാൻ അധികാരമുള്ള പാനൽ ചെയർമാനും കോൺഗ്രസ് എം.പി.യുമായ ശ്രീ. കൊടിക്കുന്നിൽ സുരേഷ്, എതിർപ്പറിയിച്ച ഡാനിഷ് അലിയെ തന്റെ വാക്കുകൾ കൊണ്ട് ‘ഇരുത്തിയ’തും കേരളീയർക്കാകെ മാനക്കേടുണ്ടാക്കി. ഇത് അപരമത വിദ്വേഷ പ്രചരണത്തോട് കോൺഗ്രസിന്റെ മൃദു മനോഭാവം കൂടിയാണ് കാണിക്കുന്നത് . കളി കഴിഞ്ഞ്, വിളക്ക് കെട്ടപ്പോൾ രാഹുൽ ഗാന്ധി ഡാനിഷ് അലിയെ കെട്ടിപ്പിടിച്ചാൽ തീരുന്നതല്ല ഇക്കാര്യത്തിൽ കോൺഗ്രസിനോടുള്ള ജനരോഷം.
ലോക്സഭാ ഇലക്ഷൻ്റെ കേളികൊട്ടുയരുകയാണ്. മതനിരപേക്ഷ ജനാധിപത്യവിശ്വാസികളാകെ സ്ഥാനമാനങ്ങളുടെ ഈ അടുക്കള പൂതിക്കാരെ തിരിച്ചറിഞ്ഞ്, മതേതര ഇന്ത്യയുടെ മനസ്സാക്ഷിയാവുക. മൗനം കൊണ്ടു പോലും ഞങ്ങൾ ഇടതുപക്ഷം വർഗീയതയെ തുണക്കില്ല. ഒരു കൈ കൊണ്ട് ബി.ജെ.പിക്ക് ഹസ്തദാനം ചെയ്യുകയും മറുകൈ കൊണ്ട് ആലിംഗനം ചെയ്യുകയും ചെയ്യുന്ന ഇരട്ടവാലൻ കോൺഗ്രസ്സിനെ മലയാളികൾ കൈയൊഴിഞ്ഞാൽ അത്രയും വിദ്വേഷവും വർഗീയതയും കേരളത്തിലും കുറയും.. സഖാക്കൾ എളമരം കരീമിന്റെ യും സഖാവ് ജോൺ ബ്രിട്ടാസിന്റെയും മറ്റ് ഇടതുപക്ഷ എം. പി മ്മാരുടെയും ഉറച്ച ശബ്ദം നാം കേൾക്കുന്നുണ്ടല്ലൊ.അതെ, അതാണ് ഞങ്ങൾ ഇടതു പക്ഷം.

ALSO READ:കല്ലമ്പലത്തെ 12 വയസ്സുകാരന്റെ മുങ്ങിമരണം കൊലപാതകമെന്ന് സംശയം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News