അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരൻ നായർ സംസാരിക്കുന്നത്; പി ജയരാജൻ

ഒരു വിശ്വാസത്തിനും വിശ്വാസിക്കും സ്പീക്കറോ അദ്ദേഹമുൾപ്പെടുന്ന ഇടതുപക്ഷമോ എതിരല്ലെന്ന് സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ. ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം എന്നാണ് ഇപ്പോൾ സുകുമാരൻ നായർ പറയുന്നത്. വിശ്വാസവും ശാസ്ത്രവും തമ്മിൽ ഒരു സംഘർഷവും ഈ വിഷയത്തിലില്ല. ഷംസീർ സംസാരിച്ചതിൽ വിശ്വാസത്തോടോ ഏതെങ്കിലും മതത്തോടോ ഉള്ള വിമർശനവുമില്ല. രാഷ്ട്രീയ ഹിന്ദുത്വയോടുള്ള വിമർശനത്തെ വിശ്വാസത്തോടുള്ള വിമർശനമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് കേരളം ഒന്നിച്ചുനിന്ന് ചെറുക്കേണ്ടതാണെന്ന് പി ജയരാജൻ വ്യക്തമാക്കി. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

Also Read: സ്പീക്കർ പറഞ്ഞതിനെക്കുറിച്ച് വിശദമായി അറിയില്ല ; മതവികാരം ഉണ്ടാക്കുന്ന പ്രസ്താവന ഉണ്ടാകാൻ പാടില്ല ; വെള്ളാപ്പള്ളി നടേശൻ

വർഗീയവിഭജനം സൃഷ്ടിച്ച് ലാഭമുണ്ടാക്കുക എന്ന രാഷ്ട്രീയ ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യമാണ് തീവ്ര വലതുപക്ഷ സമുദായനേതൃത്വവും ആർ എസ് എസും ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. അതിന് സ്പീക്കറുടെ പ്രസ്താവനയെ ഉപയോഗിക്കുകയാണ്. ഒരു വിശ്വാസത്തിനും വിശ്വാസിക്കും സ്പീക്കറോ അദ്ദേഹമുൾപ്പെടുന്ന ഇടതുപക്ഷമോ എതിരല്ല. എന്നാൽ ശാസ്ത്രത്തെ നിഷേധിച്ചും പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കിയും കപടശാസ്ത്രങ്ങളെ പ്രോൽസാഹിപ്പിച്ചും രാഷ്ട്രീയഹിന്ദുത്വം നടത്തുന്ന രാഷ്ട്രീയ അജണ്ടയെ ഇടതുപക്ഷം എതിർക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ

കേരളത്തിന്റെ നിയമസഭാ സ്പീക്കർ എ.എൻ ഷംസീറിനു നേരെയുള്ള ആക്രോശങ്ങളുമായി ഇന്ന് എൻ എസ് എസ് ജനറൽസെക്രട്ടറി സുകുമാരൻ നായരുടെ ആഹ്വാനപ്രകാരം ജാഥകൾ നടക്കുകയാണ്. എന്തിന്? ശാസ്ത്രമാണ് ഇന്ന് സമൂഹം നേരിടുന്ന പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്നു പ്രസംഗിച്ചതിന്. ഗണപതിയെക്കുറിച്ചുള്ള പരാമർശം തങ്ങളുടെ വികാരം വ്രണപ്പെടുത്തി എന്നാണ് സുകുമാരൻ നായർ പറയുന്നത്. വിശ്വഹിന്ദു പരിഷത്തും ആർ എസ് എസുമെല്ലാം കൂടെയുണ്ട്. ഷംസീർ പറഞ്ഞത് ഗണപതിക്കോ മറ്റതെങ്കിലും ആരാധനാമൂർത്തികൾക്കോ വിശ്വാസത്തിനോ ഒന്നും എതിരായിട്ടല്ല. അവയെല്ലാം ഉപയോഗപ്പെടുത്തി ആർ എസ് എസും കേന്ദ്രഭരണകൂടവും നടത്തുന്ന ശാസ്ത്രനിരാസപ്രവർത്തനങ്ങൾക്കും പ്രസ്താവങ്ങൾക്കും എതിരെയാണ്.
ആ വാക്കുകൾ വളച്ചൊടിച്ച് രാഷ്ട്രീയഹിന്ദുത്വത്തിന്റെ ശാസ്ത്രീയവിരുദ്ധതക്കെതിരെയുള്ള വിമർശനം ഹൈന്ദവ വിശ്വാസങ്ങൾക്കെതിരെയാണ് എന്നു വരുത്തിത്തീർക്കാനും അതുവഴി രാഷ്ട്രീയലാഭം കൊയ്യാനുമുള്ള ശ്രമമാണ് ഇന്ന് നടക്കുന്നത്.
ഷംസീറിനു നേരെ മാത്രമുള്ള ആക്രമണമായി ഇതിനെ ചുരുക്കിക്കാണേണ്ടതില്ല. ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടിനും അതിന് കേരളത്തിലുള്ള രാഷ്ട്രീയാംഗീകരത്തെയുമാണ് ഇവരെല്ലാം ലക്ഷ്യമിടുന്നത്. വർഗീയവിഭജനം സൃഷ്ടിച്ച് ലാഭമുണ്ടാക്കുക എന്ന രാഷ്ട്രീയ ഹിന്ദുത്വ അജണ്ടയുടെ ലക്ഷ്യമാണ് തീവ്ര വലതുപക്ഷ സമുദായനേതൃത്വവും ആർ എസ് എസും ഉദ്ദേശിക്കുന്നത് എന്നു വ്യക്തമാണ്. അതിന് സ്പീക്കറുടെ പ്രസ്താവനയെ ഉപയോഗിക്കുകയാണ്. ഷംസീർ കമ്മ്യൂണിസ്റ്റുകാരനാണ്, അദ്ദേഹത്തിന്റെ കുടുംബത്തിന്റെ മതവും രാഷ്ട്രീയവുമെല്ലാം പ്രതിസ്ഥാനത്തു നിർത്തിക്കൊണ്ട് അപര വിദ്വേഷത്തിന്റെ രാഷ്ട്രീയമാണ് സുകുമാരൻ നായർ സംസാരിക്കുന്നത്. ശാസ്ത്രമല്ല, വിശ്വാസമാണ് പ്രധാനം എന്നാണ് ഇപ്പോൾ സുകുമാരൻ നായർ പറയുന്നത്. വിശ്വാസവും ശാസ്ത്രവും തമ്മിൽ ഒരു സംഘർഷവും ഈ വിഷയത്തിലില്ല. ഷംസീർ സംസാരിച്ചതിൽ വിശ്വാസത്തോടോ ഏതെങ്കിലും മതത്തോടോ ഉള്ള വിമർശനവുമില്ല. രാഷ്ട്രീയ ഹിന്ദുത്വയോടുള്ള വിമർശനത്തെ വിശ്വാസത്തോടുള്ള വിമർശനമാക്കി ചിത്രീകരിച്ച് തെറ്റിദ്ധാരണ പ്രചരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇത് കേരളം ഒന്നിച്ചുനിന്ന് ചെറുക്കേണ്ടതാണ്.
രാഷ്ട്രീയഹിന്ദുത്വത്തിന് ഇന്നും ആഗ്രഹിക്കുന്ന മട്ടിൽ കേരളത്തിൽ സ്ഥാനം ലഭിക്കാത്തതിന്റെ കാരണം മതമോ വിശ്വാസമോ ഉപയോഗപ്പെടുത്തി ആർ എസ് എസ് മറ്റുപലയിടത്തും നടക്കുന്ന കുളംകലക്കൽ രാഷ്ട്രീയം ഇവിടെ വിലപ്പോവാത്തതു കൊണ്ടാണ്. ആർ എസ് എസ് ദേശീയതലത്തിൽ രാഷ്ട്രീയ ആയുധമാക്കി പ്രയോജനപ്പെടുത്തുന്ന രാമനേക്കാൾ കേരളത്തിൽ പ്രചാരമുള്ള ഹൈന്ദവദൈവമായ ഗണപതിയെ മുൻനിർത്തി വിശ്വാസികളിൽ ചലനം സൃഷ്ടിക്കാനുള്ള ദുഷ്ടലാക്കാണ് ഈ പ്രചരണത്തിന്റെ അടിസ്ഥാനം. വിശ്വാസികളായ സഹോദരങ്ങൾ മനസ്സിലാക്കേണ്ടത് ഇവരുടെ പ്രശ്നം വിശ്വാസമോ ദൈവമോ ഒന്നുമല്ല മറിച്ച് അവരുടെ വർഗീയ താൽപര്യങ്ങളാണ് എന്നതാണ്. ഒരു വിശ്വാസത്തിനും വിശ്വാസിക്കും സ്പീക്കറോ അദ്ദേഹമുൾപ്പെടുന്ന ഇടതുപക്ഷമോ എതിരല്ല. എന്നാൽ ശാസ്ത്രത്തെ നിഷേധിച്ചും പാഠപുസ്തകങ്ങളിൽ നിന്നൊഴിവാക്കിയും കപടശാസ്ത്രങ്ങളെ പ്രോൽസാഹിപ്പിച്ചും രാഷ്ട്രീയഹിന്ദുത്വം നടത്തുന്ന രാഷ്ട്രീയ അജണ്ടയെ ഇടതുപക്ഷം എതിർക്കുന്നു. അത് നമ്മുടെ കുട്ടികൾ ശാസ്ത്രബോധത്തോടെ വളരാനാണ്. ആധുനികലോകത്ത് അവർ പിന്തള്ളപ്പെടാതിരിക്കാനും ഇന്ത്യയുടെ ശാസ്ത്രപൈതൃകം സംരക്ഷിക്കപ്പെടാനുമാണ്

അതേസമയം, ഗണപതി പരാമർശത്തിൽ സ്പീക്കർ എ എൻ ഷംസീറിനെതിരെ കടുത്ത വിമർശനവുമായി ആഞ്ഞടിച്ച് എൻഎസ് എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ എത്തിയിരുന്നു. സ്പീക്കറിന്റേത് ചങ്കിൽ തറച്ച പ്രസ്താവനയാണെന്ന് തുറന്നടിച്ച സുകുമാരൻ നായർ, വിശ്വാസ സംരക്ഷണത്തിൽ ആർഎസ്എസിനും ബിജെപിക്കും ഒപ്പം നിൽക്കുമെന്നും വ്യക്തമാക്കി.

കേരളത്തിൽ എല്ലാ മതങ്ങളെ സ്നേഹിച്ച് കൊണ്ടും അവരവരുടെ ആരാധനയെ ശരിവെച്ചുകൊണ്ടും മുന്നോട്ട് പോകുന്ന പാരമ്പര്യമാണ് ഹൈന്ദവന്റേത്. എന്നാൽ നമ്മൾ ആരാധിക്കുന്ന ഈശ്വരനെ നിന്ദ്യവും നീചവുമായി അപമാനിക്കാൻ ശ്രമിച്ചാൽ ഒരു തരത്തിലും വിട്ട് വീഴ്ചയില്ലാത്ത എതിർപ്പിനെ നേരിടേണ്ടി വരും. എൻഎസ്എസും ബിജെപിയും ആർഎസ്എസും ഇക്കാര്യം പറഞ്ഞുകഴിഞ്ഞു. ഇക്കാര്യത്തിൽ അവരോടൊപ്പം യോജിച്ച് പ്രവർത്തിക്കാനാണ് എൻഎസ്എസ് തീരുമാനമെന്നും സുകുമാരൻ നായർ വിശദീകരിച്ചു.

Also Read: ശാസ്ത്രമല്ല വലുത് വിശ്വാസമാണ്; സ്പീക്കർ മാപ്പ് പറയണം : ജി സുകുമാരൻ നായർ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News