സത്യം വിളിച്ചുപറയുന്ന മാധ്യമ പ്രവർത്തകരെ ഇല്ലാതാക്കാൻ ഒരു ശക്തിക്കുമാകില്ല: പി.ആർ. സുനിൽ

സത്യം വിളിച്ചുപറയുന്ന മാധ്യമ പ്രവർത്തകരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ അവഹേളിക്കുകയും വ്യക്തിപരമായി ആക്രമിക്കുകയും ചെയ്യുകയാണെന്ന് കൈരളി ടിവി സീനിയർ ന്യൂസ് എഡിറ്റർ പി.ആർ.സുനിൽ. എത്ര ചവിട്ടിത്താഴ്ത്തിയാലും ആർജ്ജവത്തോടെ മൂന്നോട്ടുപോകാൻ ശേഷിയുള്ള ഒരുപാട് മാധ്യമ പ്രവർത്തകർ കേരളത്തിലും ഇന്ത്യയിലും ഉണ്ടെന്നും പി.ആർ.സുനിൽ പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ നാഷണൽ കൺവെൻഷന്റെ ഹൂസ്റ്റണിൽ നടന്ന കിക്ക് ഓഫ് പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു പി.ആർ. സുനിൽ.

മാധ്യമ പ്രവർത്തനത്തിന്റെ പേരിൽ ഏറ്റവും അധികം ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുള്ളവരിൽ ഒരാളാണ് താനെന്നും അതൊക്കെ തന്റെ ആവേശം കൂട്ടിയിട്ടേയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.

വലിയ വിമർശനങ്ങൾക്കിടയിലും തന്റെ മാധ്യമ പ്രവർത്തനം ആർക്കെങ്കിലും ഗുണം ചെയ്യുന്നുണ്ടെങ്കിൽ അതുതന്നെയാണ് വലുത്. എല്ലാ കാലത്തും എല്ലാ സാമൂഹിക പ്രവർത്തനങ്ങളും വലിയ വെല്ലുവിളികൾക്ക് നടുവിലൂടെയാണ് കടന്നുപോയിട്ടുള്ളത്. പക്ഷെ സത്യസന്ധമായ മുന്നേറ്റങ്ങളെ തകർക്കാനാകില്ല. എല്ലാ സാമ്രാജ്യങ്ങളും ഒരു കാലത്ത് തകരും എന്നത് ചരിത്ര സത്യമാണ്. ജനങ്ങൾക്ക് വേണ്ടി നിലകൊള്ളുന്ന സംവിധാനങ്ങൾ തുടരുകയും ചെയ്യും. അനീതികൾക്കെതിരെ പ്രതികരിച്ചുകൊണ്ടിരിക്കണമെന്നും ഈ കാലവും കടന്നുപോകുമെന്നും പി.ആർ. സുനിൽ കൂട്ടിച്ചേർത്തു.

പ്രസ് ക്ലബ് അംഗങ്ങളും അതിഥികളും ഉൾപ്പടെ ഇരുപതോളം പേർ 2023 നവംബർ 2, 3, 4 തീയ്യതികളിൽ മയാമിയിൽ നടക്കുന്ന  കോൺഫറൻസിലേക്കു രജിസ്റ്റർ ചെയ്തു. ഐ പി സി എൻ എ നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം,  പി ആർ സുനിൽ എന്നിവരെ കൂടാതെ സ്പോണ്സർമാരായ ജി കെ പിള്ള, ഡോ ഫ്രീമു വർഗീസ്, ശശിധരൻ നായർ, ഗ്രേയ്‌സ് സപ്ലൈ പാർട്ടണർമാരായ വർഗീസ് കുര്യൻ, ഷാജി കുര്യാക്കോസ്, പ്രോംപ്റ്റ് റീയൽറ്റി ആൻഡ് മോട്ഗേജ് സിഇഓ ജോൺ വറുഗീസ്  എന്നിവർക്കൊപ്പം സ്റ്റാഫോർഡ് സിറ്റി കൗൺസിൽമാൻ കെൻമാത്യുവും, മാഗ് പ്രസിഡണ്ട് ജോജി ജോസഫും  മാഗ് ട്രസ്റ്റീ ബോർഡ് ചെയർമാൻ ജോസഫ് ജെയിംസും  ഫൊക്കാന ആർ വി പി സന്തോഷ് ഐപ്പും  അതിഥികളായിരുന്നു.

ഐ പി സി എൻ എ ഹ്യൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്റ് ജോർജ് തെക്കേമല അതിഥികളെയും പ്രവർത്തകരെയും സ്വാഗതം ചെയ്തു. ഐ പി സി എൻ എ പ്രവർത്തനങ്ങളിൽ ഹ്യൂസ്റ്റൺ ചാപ്റ്റർ നൽകുന്ന സംഭാവനകൾ വിലപ്പെട്ടതാണെന്നു നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം പറഞ്ഞു.  പത്രപ്രവർത്തകരുടെ സ്വാതന്ത്ര്യം, വാർത്തകളുടെ തമസ്കരണം എന്നീ വിഷയങ്ങളിൽ സദസ്സിൽ നിന്നുയർന്ന ചോദ്യങ്ങൾക്കും പി.ആർ. സുനിൽ മറുപടി പറഞ്ഞു.

അതിഥികൾക്കൊപ്പം ‘നേർകാഴ്ച’ ചീഫ് എഡിറ്റർ സൈമൺ വാളച്ചേരിൽ, കേരളാ റൈറ്റേഴ്‌സ് ഫോറം പ്രസിഡന്റ് ഡോ. മാത്യു വൈരമണ്, നാഷണൽ ജോയിന്റ് ട്രെഷറർ ജോയ് തുമ്പമൺ, ജോസ് പുന്നൂസ്  എന്നിവരും ആശംസകൾ നേർന്നു. ഏഷ്യാനെറ്റ്, ഫ്ലവേഴ്സ് ടീവി, കൈരളി, ഹാർവെസ്ററ് ടീവി എന്നിവയുടെ പ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. ചാപ്റ്റർ സെക്രട്ടറി ഫിന്നി രാജു നന്ദി രേഖപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News