എം ടി യുടെ വിയോഗത്തിൽ അനുശോചിച്ച് മന്ത്രി പി രാജീവ്. ലോകസാഹിത്യത്തിന് മലയാളം നൽകിയ സംഭാവനയായിരുന്നു എംടി. അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ നമ്മുടെ സാഹിത്യലോകത്തിനും സിനിമാലോകത്തിനും പുരോഗമനചേരിക്കുമാകെ തീരാനഷ്ടമാണ് ഉണ്ടായിരിക്കുന്നത്, എന്നാണ് മന്ത്രി ഫേസ്ബുകിൽ പങ്കുവെച്ച ഫേസ്ബുക് പോസ്റ്റ്.
ദീർഘകാലമായി അദ്ദേഹവുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. എപ്പോഴൊക്കെ കാണുന്നോ അപ്പോഴൊക്കെയും പുസ്തകത്തിലേക്ക് കണ്ണും നട്ടുകൊണ്ടിരിക്കുന്ന എംടി ആണെന്റെ ഓർമ്മ. ഈ വായനകളിലൂടെ നിരന്തരം നവീകരിച്ചുകൊണ്ടായിരുന്നു അദ്ദേഹത്തിന്റെ ഓരോ എഴുത്തുകളും പിറന്നത്. ഈ വർഷം അദ്ദേഹത്തിന്റെ പിറന്നാൾ ആഘോഷ പരിപാടിയായ മനോരഥങ്ങളിൽ പങ്കെടുത്തിരുന്നു. അദ്ദേഹത്തിന്റെ തിരക്കഥകൾ ജന്മം നൽകിയത് മലയാളത്തിലെ മഹത്തായ സിനിമകൾക്കായിരുന്നുവെന്ന് ആ പരിപാടിക്കിടയിലും ഞാനോർത്തു. സാഹിത്യ സാംസ്കാരിക ലോകത്തിലെ ഉന്നതപദവിയിൽ നിൽക്കുമ്പോൾ തന്നെ പുരോഗമനചേരിക്കൊപ്പം അടിയുറച്ച് നിൽക്കാനും എംടി തയ്യാറായി. പലഘട്ടങ്ങളിലും അദ്ദേഹത്തിന്റെ നിലപാടുകൾ രാജ്യത്തിന്റെ മതേതരത്വവും ജനാധിപത്യവും സംരക്ഷിക്കാൻ പൊരുതുന്നവർക്കുള്ള പിന്തുണയായിരുന്നു. ജീവിതകാലം മുഴുവൻ അദ്ദേഹം ഈ നിലപാട് ചേർത്തുപിടിച്ചു.
also read: എഴുത്തിലായാലും ഭാഷയുടെ സമർപ്പണ ബോധത്തിലും എംടിയെക്കാൾ വേറൊരാളില്ല; കെ ആർ മീര
നികത്തപ്പെടാൻ കഴിയാത്ത നഷ്ടം സൃഷ്ടിച്ചു കൊണ്ട് എംടി വിടപറഞ്ഞിരിക്കുന്നു. അദ്ദേഹത്തിന്റെ മരണത്തിൽ മുഴുവൻ മലയാളികളുടെയും സാഹിത്യപ്രേമികളുടെയും വേദനയിൽ പങ്കുചേരുന്നുവെന്നാണ് മന്ത്രി കുറിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here