ഗാന്ധിയുടെ കൊലയാളികൾ ഇന്ന് ഭരണഘടനയുടെ ഉള്ളടക്കത്തിൽ നിന്ന് മതേതരത്വം ഒഴിവാക്കാൻ ശ്രമിക്കുമെന്ന് മന്ത്രി പി രാജീവ്. മഹാത്മാ ഗാന്ധി രക്തസാക്ഷിത്വ ദിനത്തിൽ അനുസ്മരണക്കുറിപ്പ് അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
മഹാത്മാ ഗാന്ധിയുടെ പിൻഗാമികളെന്ന് അവകാശപ്പെടുന്നവരിൽ പലരും അദ്ദേഹത്തിന്റെ ഘാതകരുടെ പക്ഷം ചേരുന്ന കാലത്താണ് നാം അദ്ദേഹത്തിന്റെ 76ആം രക്തസാക്ഷിദിനം ആചരിക്കുന്നത്. ഘാതകന്റെ പക്ഷം ശക്തിപ്പെടുമ്പോൾ ഗാന്ധിയോടൊപ്പം നിൽക്കുകയും അദ്ദേഹത്തിന്റെ സന്ദേശം ജനങ്ങളിലേക്ക് എത്തിക്കുകയും ചെയ്യുകയെന്നത് ഓരോ ജനാധിപത്യ വിശ്വാസിയുടെയും ഉത്തരവാദിത്തമാണ്. അത് നിറവേറ്റുമെന്ന പ്രതിജ്ഞ എടുക്കുന്നതിനൊപ്പം മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് കൂടി നമുക്ക് ഒത്തുചേരാം.
Also Read: പി സി ജോർജ് ബിജെപിയിൽ പോകുമെന്ന് സൂചന; ജനപക്ഷം സെക്കുലർ ബിജെപിയിൽ ലയിക്കും
മതസൗഹാർദം പുലരുന്നതിനായി മരണം വരെ നിരാഹാരമെന്ന സമരമാർഗം ഉപയോഗിച്ച ഗാന്ധി ഒടുവിൽ മതഭ്രാന്തന്റെ കയ്യാൽ കൊല്ലപ്പെട്ടു. ആ ഭ്രാന്തന്റെ പിൻഗാമികൾ ഇന്ന് ഗാന്ധിപ്രതിമയ്ക്ക് മുന്നിൽ ചിരിച്ചുകൊണ്ട് കൈകൂപ്പും, സന്തോഷത്തോടെ പുഷ്പാർച്ചന നടത്തും. മുതലയേക്കാൾ മികവോടെ മുതലക്കണ്ണീർ പൊഴിക്കും. അത് കഴിഞ്ഞ് ഭരണഘടനയിലെ ആമുഖത്തിൽ നിന്ന് മതേതരത്വം എടുത്തുമാറ്റാൻ ശ്രമിക്കും. ഇക്കൂട്ടരെ ചെറുക്കണം. ഇന്ത്യയെ തിരിച്ചുപിടിക്കണം. നാം ഗാന്ധിക്കൊപ്പമാണെന്നും ഗോഡ്സെക്കൊപ്പമല്ലെന്നും ലോകം ഒരിക്കൽ കൂടി മനസിലാക്കണം. അതിനായി ഒരുമിച്ച് നമുക്ക് മുന്നേറാം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here