ഗവര്‍ണര്‍ക്ക് ആശംസകള്‍, ബീഹാറിന് നല്ല പ്രതീക്ഷ ഉണ്ടാകട്ടെ; പുതിയ ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷ: മന്ത്രി പി രാജീവ്

P Rajeev Governor

ഗവര്‍ണര്‍ സ്ഥാനമൊഴിഞ്ഞ് കേരളത്തില്‍ നിന്നും യാത്രയാകുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് എല്ലാവിധ ആശംസകളും നേര്‍ന്ന് മന്ത്രി പി രാജീവ്. ബീഹാറിന് നല്ല പ്രതീക്ഷ ഉണ്ടാകട്ടെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജനാധിപത്യ പരമായി പാസ്സാക്കിയ ബില്ലുകള്‍ പോലും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ തടഞ്ഞുവെച്ച സാഹചര്യം ഉണ്ടായിരുന്നു. പുതിയ ഗവര്‍ണര്‍ ഭരണഘടന അനുസരിച്ച് പ്രവര്‍ത്തിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പി രാജീവ് പറഞ്ഞു.

കഴിഞ്ഞ അഞ്ചുവര്‍ഷവും ജനാധിപത്യ വിരുദ്ധമായി സര്‍ക്കാരുമായും സര്‍വ്വകലാശാലകളുമായും പോരാട്ടം നടത്തി നിരന്തരം വാര്‍ത്താ കേന്ദ്രമായിരുന്നു ആരിഫ് മുഹമ്മദ് ഖാന്‍. ബീഹാര്‍ ഗവര്‍ണറായുള്ള സ്ഥലംമാറ്റത്തിന് തൊട്ടുമുന്‍പ് വരെയും ഗവര്‍ണറുടെ തെറ്റായ നടപടികള്‍ക്കെതിരായ പ്രതിഷേധം സംസ്ഥാനത്ത് അലയടിച്ചിരുന്നു.

ജസ്റ്റിസ് പി സദാശിവത്തിന്റെ പിന്‍ഗാമിയായിട്ടാണ് ആരിഫ് മുഹമ്മദ് ഖാന്‍ കേരളത്തിന്റെ ഗവര്‍ണറായി ചുമതലയേല്‍ക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഉപദേശമനുസരിച്ചാണ് ഒരു ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത്.

ഭരണഘടനാപരമായ പൊതുതത്വം ഇങ്ങനെയാണ്. എന്നാല്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഈ പൊതു തത്വത്തിന് വിരുദ്ധമായിട്ടാണ് അഞ്ചു വര്‍ഷക്കാലയളവിലും പ്രവര്‍ത്തിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസ്സപ്പെടുത്താനുള്ള നീക്കങ്ങളാണ് ഗവര്‍ണര്‍ സ്ഥാനത്തിരുന്ന് ആരിഫ് മുഹമ്മദ് ഖാന്‍ സ്വീകരിച്ചത്.ധനമന്ത്രിയില്‍ തനിക്ക് പ്രീതി നഷ്ടപ്പെട്ടതിനാല്‍ മന്ത്രിസഭയില്‍ നിന്നും അദ്ദേഹത്തെ ഒഴിവാക്കണമെന്ന വിചിത്ര ആവശ്യം പോലും സ്വീകരിച്ചു. നിയമ നിര്‍മ്മാണ സഭയെ വെല്ലുവിളിച്ച് കേരള നിയമസഭ പാസാക്കിയ ബില്ലുകള്‍ ഒപ്പിടാതെ അനിശ്ചിത കാലത്തേക്ക് നീട്ടി.

സംസ്ഥാന സര്‍ക്കാറിന് മറ്റു മാര്‍ഗ്ഗങ്ങളില്ലാതെ പരമോന്നത നീതിപീഠത്തെ വിഷയത്തില്‍ സമീപിക്കേണ്ടി വന്നു. സുപ്രീംകോടതിയുടെ വിമര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ ചില ബില്ലുകള്‍ ഒപ്പിട്ടപ്പോള്‍ മറ്റു ചിലത് രാഷ്ട്രപതിയുടെ അംഗീകാരത്തിനായി വിട്ടു.ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ക്ക് സര്‍വകലാശാലകളുടെ കാര്യങ്ങളില്‍ ഇടപെടാം. പക്ഷേ സര്‍വകലാശാലകളുടെ ചട്ടം ലംഘിച്ച് ഉള്ള ഇടപെടല്‍ ആയിരുന്നു മുഹമ്മദ് ഖാന്‍ നടത്തിയത്. സര്‍വ്വകലാശാലകളുടെ സെനറ്റിലേക്ക് ആര്‍എസ്എസുകാരെ തിരികെ കയറ്റിയും സ്വന്തം നിലയില്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചും നിരന്തരം ഇത്തരം നീക്കങ്ങള്‍ ചാന്‍സലര്‍ എന്ന നിലയ്ക്ക് അദ്ദേഹം തുടര്‍ന്നു.

Also Read : വയനാട് ഡിസിസി ട്രഷററുടെയും മകന്റെയും ആത്മഹത്യ; ഐ സി ബാലകൃഷ്ണനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തണം: സി പി ഐ എം വയനാട് ജില്ലാ സെക്രട്ടറി

വിദ്യാര്‍ത്ഥി യൂണിയനായ എസ്എഫ്‌ഐയുടെ പ്രവര്‍ത്തനത്തെ പോലും വെല്ലുവിളിച്ചു. സര്‍വ്വകലാശാലകളെ കാവിവല്‍ക്കരിക്കാന്‍ ഉള്ള ഗവര്‍ണറുടെ നീക്കത്തിനെതിരെ എസ്എഫ്‌ഐ വലിയ പ്രതിഷേധമാണ് ഉയര്‍ത്തിയത്. കോഴിക്കോട് സര്‍വ്വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധിച്ചപ്പോള്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെ പ്രകോപിപ്പിക്കാന്‍ ആയി അവിടെ ക്യാമ്പസില്‍ തന്നെ ആരിഫ് മുഹമ്മദ് ഖാന്‍ താമസിച്ചു.നിലമേലില്‍ റോഡരികില്‍ ഇരുന്ന് പ്രതിഷേധിച്ചതും എസ്എഫ്‌ഐ ഗവര്‍ണര്‍ക്കെതിരെ തുടരുന്ന പ്രതിഷേധത്തിനെതിരെയായിരുന്നു. ഒരു ഗവര്‍ണറുടെ എല്ലാ പ്രോട്ടോക്കോളും ലംഘിച്ചുകൊണ്ടുള്ള പ്രവര്‍ത്തനം കൂടിയായിരുന്നു ആരിഫ് മുഹമ്മദ് ഖാന്റേത്. ഏറ്റവും ഒടുവില്‍ ബീഹാര്‍ ഗവര്‍ണറായി ആരിഫ് മുഹമ്മദ് ഖാന് സ്ഥാനമാറ്റ തീരുമാനം വരുന്നതിന് തൊട്ട് മുന്‍പ് വരെയും ആ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് തുടര്‍ന്നു.

ഏറ്റവും കൂടുതല്‍ ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ ഗവര്‍ണര്‍, ഏറ്റവും കൂടുതല്‍ പ്രതിഷേധം ഏറ്റുവാങ്ങിയ ഗവര്‍ണര്‍ എന്നീ ഖ്യാതി ആരിഫ് മുഹമ്മദ് ഖാന് സ്വന്തം. എന്‍ഡിഎയുടെ ഘടകകക്ഷി ഭരിക്കുന്ന ബീഹാറില്‍ എന്താകും ആരിഫ് മുഹമ്മദ് ഖാന്റെ നിലപാട് എന്നതാണ് ഇനി പ്രസക്തം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News