‘അര്‍ദ്ധസത്യത്തിന്റെ അവതരണം നുണപ്രചരണം പോലെ അപകടകരവും അപഹാസ്യവുമാണ്’, ‘2018’ സിനിമയെ വിമര്‍ശിച്ച് പി എസ് ശ്രീകല

ജൂഡ് ആന്തണിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ‘2018: എവരി വണ്‍ ഈസ് എ ഹീറോ’. 2018-ല്‍ കേരളം നേരിട്ട പ്രളയം പ്രമേയമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോളിതാ ചിത്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് സംസ്ഥാന നോളജ് മിഷന്‍ ഡയറക്ടറും എഴുത്തുകാരിയുമായ ഡോ. പി.എസ് ശ്രീകല.

രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്സ്യത്തൊഴിലാളികളില്‍ വിവിധ മതങ്ങളിലും ജാതികളിലും പെട്ടവര്‍ ഉണ്ടായിരുന്നു, സിനിമ അവതരിപ്പിക്കുന്നതു പോലെ ഏതെങ്കിലും ഒരു മതത്തിന്റെ പുരോഹിതന്‍ നല്‍കിയ ആഹ്വാനം കേട്ട് ഇറങ്ങിത്തിരിച്ചവര്‍ ആയിരുന്നില്ല അവരെന്നും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കേരളത്തിലെ ജനങ്ങളെ രംഗത്തിറക്കാന്‍ ‘എന്നാപ്പിന്നെ നമ്മളൊരുമിച്ച് ഇറങ്ങുകയല്ലേ…’ എന്ന് ആഹ്വാനം ചെയ്ത മുഖ്യമന്ത്രിയെ, പ്രതിസന്ധിയില്‍ പകച്ചുനില്‍ക്കുന്ന ഒരാളായാണ് സിനിമ അവതരിപ്പിക്കുതെന്നും കുറിപ്പില്‍ പറയുന്നു.
ഇത്തരമൊരു സിനിമയ്ക്ക് ആവശ്യമായ ഗവേഷണം നടത്താന്‍ സംവിധായകന്‍ തയാറായിട്ടില്ലെന്നും പി.എസ്. ശ്രീകല ഫെയ്സ്ബുക്കില്‍ കുറിച്ചു.

Also Read: ‘വന്ന വഴി മറക്കുക, നന്ദിയില്ലാതിരിക്കുക; ലിജോയില്ലെങ്കില്‍ പെപ്പെ ഇല്ല’; ആന്റണി വര്‍ഗീസിനെതിരെ ജൂഡ് ആന്റണി

https://www.kairalinewsonline.com/director-jude-anthany-joseph-against-actor-antony-varghese

ഫേസ്ബുക്ക് പോസ്റ്റ്

അര്‍ദ്ധസത്യത്തിന്റെ അവതരണം നുണപ്രചരണം പോലെ അപകടകരവും അപഹാസ്യവുമാണ്.
സാങ്കേതികസംവിധാനത്തിന്റെ വികാസം നന്നായി പ്രയോജനപ്പെടുത്തുന്ന മേഖലയാണ് സിനിമ. ദേശീയ തലത്തില്‍തന്നെ വന്‍പ്രേക്ഷകസമൂഹത്തെ ആകര്‍ഷിക്കാന്‍ ചില സിനിമകള്‍ക്ക് കഴിയുന്നത് ഈ സാധ്യതയുടെ കൂടി പശ്ചാത്തലത്തിലാണ്. അതൊരു മഹത്തായ കാര്യമായി ഘോഷിക്കപ്പെടേണ്ടതില്ലെന്നാണ് തോന്നാറുള്ളത്. മറിച്ച്, പ്രമേയേത്തിനനുസൃതമായി അത്തരം സാധ്യതകള്‍ ഉപയോഗിക്കാതിരിക്കുന്നത് കഷ്ടമെന്ന് പറയേണ്ടതായും വരും.

എന്നാല്‍, സിനിമ നുണപ്രചാരണത്തിനുള്ള മാധ്യമമാക്കി മാറ്റാന്‍ മികച്ച സാങ്കേതികസംവിധാനത്തെ കൂട്ടുപിടിക്കുന്നത് ബുദ്ധിപരമായ തന്ത്രമാണ്. സിനിമ അറിയുന്ന സംവിധായകനാവുമ്പോള്‍ ആ തന്ത്രം ഫലപ്രദമാക്കാനും കഴിയും. ജൂഡ് ആന്റണി 2018 എന്ന സിനിമയില്‍ പ്രയോഗിച്ചിരിക്കുന്നത് ഇതാണ്.

തന്റെ കുറ്റബോധത്തില്‍ നിന്ന് രൂപപ്പെട്ടതാണ് ഈ സിനിമ എന്ന് സംവിധായകന്‍ പറഞ്ഞതായി കണ്ടു. അങ്ങനെ പറഞ്ഞുവോ എന്നറിയില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍, ഡാം തുറന്നുവിട്ടതാണ് 2018 ലെ പ്രളയത്തിനു കാരണമെന്ന അശാസ്ത്രീയ നിരീക്ഷണത്തില്‍ കുറ്റബോധം തോന്നിയിട്ടുണ്ടാവും എന്നാണ് കരുതിയത്. പക്ഷേ, സിനിമ ആ നിരീക്ഷണത്തെ നിരകരിക്കുന്നില്ലെന്ന് മാത്രമല്ല, ഒരളവോളം സ്ഥാപിക്കുകയും ചെയ്യുന്നു.

2018ലെ പ്രളയവേളയില്‍ കൈമെയ് മറന്ന് രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയ കേരളീയരെ സിനിമ ബഹുമാനിക്കുന്നു, ആശ്വാസം. പക്ഷേ, അവരെ രംഗത്തിറക്കാന്‍ ‘എന്നാപ്പിന്നെ നമ്മളൊരുമിച്ച് ഇറങ്ങുകയല്ലേ’ എന്നൊരു സവിശേഷമായ ആഹ്വാനം ഉണ്ടായിരുന്നു. അത് നല്‍കിയത് കേരളത്തിന്റെ മുഖ്യമന്ത്രിയായിരുന്നു. എന്നാല്‍, സിനിമ അവതരിപ്പിക്കുന്നത് പ്രതിസന്ധിയില്‍ പകച്ചു നില്‍ക്കുന്ന നിസ്സഹായനായ ഒരു മുഖ്യമന്ത്രിയെയാണ്.

നാലഞ്ച് വര്‍ഷം മുമ്പ് ഉണ്ടായ പ്രളയവും അന്ന് നടന്ന ജനകീയ രക്ഷപ്രവര്‍ത്തനങ്ങളും ഓര്‍മ്മിപ്പിക്കുന്ന പോലെയോ രേഖപെടുത്തുന്ന പോലെയോ ആണ് സിനിമ തോന്നിപ്പിക്കുക. തെറ്റാണത്. ഉദാഹരണത്തിന്, മത്സ്യതൊഴിലാളികള്‍ കേരളത്തിന്റെ സന്നദ്ധസേനയായി മാറിയ അനുഭവം. വിവിധ മതത്തിലും ജാതിയിലും ഉള്‍പ്പെടുന്നവര്‍ മത്‌സ്യത്തൊഴിലാളികളില്‍ ഉണ്ട്. സിനിമ അവതരിപ്പിക്കുന്നത് പോലെ ഏതെങ്കിലും ഒരു മതത്തിന്റെ പുരോഹിതന്‍ നല്‍കിയ ആഹ്വാനം കേട്ട് ഇറങ്ങിതിരിച്ചവരായിരുന്നില്ല അവര്‍. ജനപ്രതിനിധികളിലും സര്‍ക്കാരിലും വിശ്വാസമര്‍പ്പിച്ച്, നേതൃത്വം നല്‍കാന്‍ അവരുണ്ടാകുമെന്ന് ഉറപ്പിച്ച് ഇറങ്ങിതിരിച്ചവരാണ് രക്ഷപ്രവര്‍ത്തകര്‍. അവര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ പ്രളയം എന്ന പരിമിതിക്കുള്ളില്‍ നിന്നുകൊണ്ട് ചെയ്തുകൊടുക്കാന്‍ സര്‍ക്കാര്‍ സംവിധാനം ഉണ്ടായിരുന്നു. രാത്രിയും പകലും ഒരുപോലെ ഉണര്‍ന്നിരുന്നു നേതൃത്വം നല്‍കാന്‍ മുഖ്യമന്ത്രി ഉണ്ടായിരുന്നു. ഇതൊന്നും സംവിധായകന്‍ കാണുന്നില്ല. അഥവാ, ബോധപൂര്‍വം മറച്ചു വയ്ക്കുന്നു.
ഇത്തരമൊരു സിനിമയ്ക്ക് ആവശ്യമായ ഒരു ഗവേഷണവും നടത്താന്‍ സംവിധായകന്‍ തയാറായിട്ടുമില്ല. മീന്‍മണമുള്ള തൊഴിലാളികള്‍ സാഹസികമായി എത്തിച്ച ബോട്ടില്‍ കയറാന്‍ വിസമ്മതിച്ച വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട ചില കുടുംബങ്ങള്‍ പോലെ നീചമായ ജാതിബോധത്തിന്റെ വിഷം ഉള്ളില്‍ പേറിയിരുന്ന ചിലര്‍ ആ ദുരന്തവേളയിലും ഉണ്ടായിരുന്നു. ബോട്ടുകള്‍ക്ക് രക്ഷപ്രവര്‍ത്തനത്തിന് തടസമായി മാറിയിരുന്നത് പ്രധാനമായും വീടുകളുടെ ഉയര്‍ന്ന മതിലുകളും ഗേറ്റ്കളും കമാനങ്ങളുമായിരുന്നു. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് യുവാക്കള്‍ സ്വയം സന്നദ്ധരായി മുന്നോട്ടു വന്നത്. പ്രാദേശിക സര്‍ക്കാരുകളാണ് അവരെ ഏകോപിപ്പിച്ചത്.

ജാതി മത വ്യത്യാസമില്ലാതെ ബോട്ടുമായി രക്ഷപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങിയ മത്‌സ്യത്തൊഴിലാളികളുടെ ധീരതയെ കേരളത്തിന്റെ ‘ബിഗ് സല്യൂട്ട്’ നല്‍കിയാണ് മുഖ്യമന്ത്രി ആദരിച്ചത്. ഇങ്ങനെയിങ്ങനെ നമ്മള്‍ അറിയുന്ന എത്രയോ സംഭവങ്ങള്‍ യഥാര്‍ഥ്യങ്ങളായുണ്ട്.

സംവിധായകന്‍ പക്ഷേ, മേരി മാതാ എന്നൊരു ബോട്ട് മാത്രമേ കണ്ടുള്ളൂ. അതിനെ പ്രതീകമാക്കുകയാണ്. അത് പ്രളയകാലത്തിന്റെ സ്മാരകമാണത്രെ.! അങ്ങനെയെങ്കില്‍ സിനിമയില്‍ അവതരിപ്പിക്കുന്ന പോലെ ആ ബോട്ടിന്റെ ഉടമയും പുരോഹിതനെ നേരില്‍ കണ്ട് രക്ഷാപ്രവര്‍ത്തനത്തിന് സ്വയം സന്നദ്ധത അറിയിച്ചയാളുമായ മത്‌സ്യത്തൊഴിലാളിയുടെ പേരിലാണല്ലോ സ്മാരകം ഉയരേണ്ടിയിരുന്നത്. എത്രയോ പേരെ അയാള്‍ രക്ഷിക്കുന്നു. പെരുമഴയില്‍ പൊളിഞ്ഞു വീണ ഓട് മാറ്റാന്‍ ശ്രമിക്കുന്നതിനിടയില്‍ ചുമരിടിഞ്ഞു വീണാണല്ലോ അയാള്‍ മരണപ്പെടുന്നത്. (പെരുമഴക്കാലത്ത് സ്വാഭാവികം എന്ന് കരുതാം. അല്ലാത്തപ്പോഴും നിരന്തരം ഓട് പൊളിഞ്ഞു വീഴുന്ന കെട്ടിടമായാണ് ആ സ്‌കൂളിനെ അവതരിപ്പിക്കുന്നത്. അങ്ങനെ ഓട് പൊളിഞ്ഞു വീണുകൊണ്ടേയിരിക്കുന്ന ഏത് സ്‌കൂളാണ് 2018 ല്‍ കേരളത്തില്‍ ഉണ്ടായിരുന്നത് എന്നും അറിയില്ല).
ഇതൊന്നുമല്ല, കേരളത്തെ ഉലച്ചുകളഞ്ഞ പ്രളയത്തിനു ശേഷം ദേശീയ ഗവേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ വിലയിരുത്തിയ ഒന്നുണ്ട്. 20-30 വര്‍ഷമെങ്കിലും വേണ്ടിവരും പ്രളയത്തില്‍ നിന്ന് കേരളത്തെ വീണ്ടെടുക്കാന്‍ എന്നായിരുന്നു അത്. എന്നാല്‍, ഇന്നത്തെ കേരളം ആ മഹാ പ്രളയത്തിന്റെ അവശിഷ്ടങ്ങള്‍ പോലും ബാക്കിവച്ചിട്ടില്ല. വള്ളവും വീടും ഉള്‍പ്പെടെ നഷ്ടങ്ങള്‍ക്കെല്ലാം പകരം നല്‍കിക്കൊണ്ട് മനുഷ്യരെ ആത്മവിശ്വാസത്തോടെ ഉയിര്‍ത്തെഴുന്നേല്‍പ്പിച്ച സര്‍ക്കാരാണ് കേരളത്തിലുള്ളത് എന്നുപറയാനുള്ള വിമുഖതയ്ക്ക് സംവിധായകന് അദ്ദേഹത്തിന്റെതായ (രാഷ്ട്രീയ) കാരണങ്ങള്‍ ഉണ്ടാവാം. എന്നാല്‍, ഇത്തരം പ്രമേയങ്ങള്‍ കലയിലേക്ക് കൊണ്ടുവരുമ്പോള്‍, മനുഷ്യരുടെ മറവിക്കു മേല്‍ വാസ്തവവിരുദ്ധതയുടെ ഓര്‍മ്മപ്പാലം പണിയാന്‍ ശ്രമിക്കരുത്.

ചില സത്യങ്ങള്‍, ചില വക്രീകരണങ്ങള്‍, ചില മറച്ചുവയ്ക്കലുകള്‍, ചില നുണകള്‍… ഇവ ചേര്‍ത്താണ് 2018 എന്ന സിനിമയുടെ ഘടന നിര്‍മ്മിച്ചിരിക്കുന്നത്. ഒരു യഥാര്‍ത്ഥ സംഭവത്തെ കലയില്‍ ആവിഷ്‌കരിക്കുമ്പോള്‍ ഭാവനയും വൈകാരികതയും അതിന് ചേരുന്ന കഥാ സന്നിവേശവും ഒക്കെ ആവാം, പക്ഷേ എന്തിലായാലും സത്യസന്ധത, integrity എന്നൊന്നില്ലെങ്കില്‍ പിന്നെ, നുണപ്രചരിപ്പിക്കുന്ന മാധ്യമങ്ങളും കലാവിഷ്‌കാരവും തമ്മില്‍ എന്ത് വ്യത്യാസം?

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News