പി വി അന്‍വറിന് വക്കീല്‍ നോട്ടീസ് അയച്ച് പി ശശി. കഴിഞ്ഞ ദിവസം നടത്തിയ വാര്‍ത്താ സമ്മേളനത്തിലെ പ്രസ്താവനയ്‌ക്കെതിരെയാണ് വക്കീല്‍ നോട്ടീസ്. പ്രതിപക്ഷ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് പി ശശി ആവശ്യപ്പെട്ടത് പ്രകാരം എന്നായിരുന്നു അന്‍വറിന്റെ പരാമര്‍ശം. തനിക്കെതിരെ നടത്തിയ പ്രസ്താവന നിരുപാധികം പിന്‍വലിച്ച് അന്‍വര്‍ ഖേദം പ്രകടിപ്പിക്കണമെന്നാണ് വക്കീല്‍ നോട്ടീസിലെ ആവശ്യം. ഇല്ലാത്തപക്ഷം സിവില്‍ – ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കുമെന്നും വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.
പിവി അൻവർ ഉന്നയിച്ച ആരോപണങ്ങൾ തികച്ചും അടിസ്ഥാനരഹിതവും ദുരുദ്ദേശപരവുമെന്ന് പി ശശി ഇന്നലെ വാർത്താ കുറിപ്പിലൂടെ അറിയിച്ചിരുന്നു. പ്രതിപക്ഷ നേതാവിനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടു എന്ന് പറയുന്നത് പച്ചക്കള്ളമാണെന്നും അത്തരമൊരു സംഭവമെ ഉണ്ടായിട്ടില്ലെന്നും പി ശശി വ്യക്തമാക്കി.
പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കുന്നതിനുവേണ്ടിയുള്ള ഗൂഢാലോചനയാണ് അൻവർ ഇന്ന് പത്രസമ്മേളനത്തിൽ അവതരിപ്പിച്ചത്. നിലനിൽപിനുവേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിക്കുന്നതിനായി, തൻറെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപെടാനാണ് അൻവർ ശ്രമിക്കുന്നതെന്നും പി ശശി കുറ്റപ്പെടുത്തി.
പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ ഉന്നയിച്ച അഴിമതി ആരോപണം പി ശശി പറഞ്ഞിട്ടെന്ന് പറഞ്ഞ് യുഡിഎഫിന്റെ പ്രീതി നേടിയെടുക്കുന്നതിന് കൂടിയായിരുന്നു പിവി അൻവര്‍ ഇന്നലെ വാര്‍ത്താസമ്മേളനം നടത്തിയത്. ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകിയവര്‍ പിന്നീട് ഫോണെടുത്തില്ലെന്നും പേര് ഇപ്പോൾ പറയുന്നില്ലെന്നുമായിരുന്നു അൻവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here