പി വി അൻവറിനെ തള്ളി നിലമ്പൂരിലെ സി പി ഐ എം പ്രവർത്തകൻ പി ഷഹീർ. ഹൃദയത്തിൽ നിന്ന് സാഹോദര്യം പകരം തന്ന ആയിരങ്ങളുടെ കിളക്കുന്ന പ്രവർത്തനമാണ് പി വി അൻവർ നടത്തിയത്. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി അയാളെ സ്നേഹിച്ചിരുന്ന തന്നെ പോലെയുള്ള നിലമ്പൂരിലെ നൂറുകണക്കിന് സഖാക്കളെ തള്ളിപ്പറഞ്ഞു എന്ന് പി ഷഹീർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷഹീർ തുറന്ന് പറഞ്ഞത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
പി.വി.അൻവർ എം.എൽ.എയോട് സംഘടനാപരമായും, വ്യക്തിപരമായും ഏറ്റവും അടുത്ത് നിന്ന വ്യക്തികളിൽ ഒരാളാണ് ഞാൻ.നിലവിൽ സി.പി.ഐ.എം എടക്കര ഏരിയാ സെന്റർ അംഗമായി പ്രവർത്തിക്കുന്നു. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പി.വി.അൻവറിന്റെ സ്ഥാനാർത്ഥിത്വം വിവാദമായ കാലം മുതൽ അയാൾക്കൊപ്പം അടിയുറച്ച് നിന്നിട്ടുണ്ട്.സഖാവ് കുഞ്ഞാലിയുടെ മണ്ണിൽ ചെങ്കൊടി പാറിക്കാൻ അയാൾക്ക് കഴിയും എന്ന ഉറച്ച വിശ്വാസം ഞങ്ങളിൽ പലർക്കുമുണ്ടായിരുന്നു.അത് ശരിയെന്ന് പിന്നീട് തെളിയുകയും ചെയ്തു.
നിലമ്പൂർ എം.എൽ.എയായ നിമിഷം മുതൽ അൻവറിനെ കണ്ണിലെ കൃഷ്ണമണി പോലെ ഞങ്ങൾ സംരക്ഷിച്ചു.ശത്രുക്കൾ വളഞ്ഞിട്ട് ആക്രമിച്ചപ്പോൾ ഓടിയെത്തിയത് ഞാനുൾപ്പെടെയുള്ള ഈ നാട്ടിലെ സാധാരണക്കാരായ സി.പി.ഐ.എം പ്രവർത്തകരായിരുന്നു.
ഒരു സി.പി.ഐ.എം സ്വതന്ത്ര എം.എൽ.എയ്ക്കപ്പുറം, അയാൾക്ക് ഈ നാട്ടിലെ പാർട്ടി പ്രവർത്തകർ ഹൃദയത്തിൽ നൽകിയ സ്ഥാനം വളരെ വലുതായിരുന്നു.”അംബുവാക്ക”എന്ന് ഞങ്ങളൊക്കെ വിളിച്ചത് ഹൃദയത്തിൽ നിന്നായിരുന്നു.ഒരു സഖാവായി,സഹോദരനായി തന്നെ കണ്ടു.ചേർന്ന് നിന്നു.ഞങ്ങളുടെയൊക്കെ കുടുംബങ്ങളുമായി പോലും ആത്മബന്ധം ഉണ്ടാകുന്ന തരത്തിൽ പി.വി.അൻവറിനു മനസ്സിൽ സ്ഥാനം നൽകി.ഞങ്ങൾ അയാളെ കൈവെള്ളയിൽ കൊണ്ടുനടന്നു.
Also read:ബലാത്സംഗ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധനെന്ന് എസ്ഐടിയെ അറിയിച്ച് നടൻ സിദ്ദിഖ്
എല്ലാം ഒരു നിമിഷം കൊണ്ട് പി.വി.അൻവർ തട്ടിത്തെറുപ്പിച്ചു. സ്വന്തം താൽപര്യങ്ങൾക്ക് വേണ്ടി അയാളെ സ്നേഹിച്ചിരുന്ന എന്നെ പോലെയുള്ള നിലമ്പൂരിലെ നൂറുകണക്കിന് സഖാക്കളെ തള്ളിപ്പറഞ്ഞു. അവരുടെയൊക്കെ മനസ്സിൽ തീ കോരിയിട്ടു. അൻവറിന്റെ പുതിയ നിലപാട് കണ്ട് ഉള്ള് കലങ്ങി ദിവസങ്ങളോളം ഉറക്കം നഷ്ടപ്പെട്ട സഖാക്കൾ പോലും നിലമ്പൂരിലുണ്ട്.
സഖാവ് കുഞ്ഞാലിയുടെ പ്രസ്ഥാനം എം.എൽ.എ ഇല്ലെന്ന് കരുതി ഈ നാട്ടിൽ ഇല്ലാതാവാൻ പോകുന്നില്ല.അൻവർ മനസ്സിലാക്കേണ്ട ഒന്നുണ്ട്. താങ്കൾക്ക് വേണ്ടി ജീവൻ പോലും നൽകാൻ തയ്യാറായ നൂറുകണക്കിന് സഖാക്കളെ കണ്ണീരിലാഴ്ത്തിയാണ് നമ്മൾ പിടിച്ച “ചെങ്കൊടി” നിങ്ങൾ വലിച്ചെറിഞ്ഞത്.അത് ഈ നാട്ടിലെ പാവപ്പെട്ട സഖാക്കളുടെ മനസ്സിൽ അത്ര ആഴത്തിൽ മുറിവേൽപ്പിച്ചിട്ടുണ്ട്. ഒരു കാലത്തിനും അത് മായ്ക്കാനാവില്ല.
Also read:‘പൂനെയിലെ അന്നാ സെബാസ്റ്റ്യന്‍റെ മരണം വല്ലാത്ത നൊമ്പരമുണ്ടാക്കി’; മുഖ്യമന്ത്രി
ഹൃദയത്തിൽ നിന്ന് നിങ്ങൾക്ക് സാഹോദര്യം പകരം തന്ന ആയിരങ്ങളുടെ കണ്ണുകലക്കിയിട്ടാണ് നിങ്ങളുടെ ഇന്നത്തെ ഈ വഴിതെറ്റിയ യാത്ര.എപ്പോഴും കൂടെയുണ്ടായിരുന്ന ഒരാൾ പെട്ടെന്നു മരിച്ച് പോകുമ്പോൾ ഉണ്ടാകുന്ന നിർവ്വികാരതയാണു നിങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചത്.ഒരിക്കലും മറക്കാൻ കഴിയാത്തത്. ഒന്ന് പശ്ചാത്തപിക്കാൻ പോലും കഴിയാത്തവണ്ണം നിങ്ങൾ മാറിപ്പോയിട്ടുണ്ട്. കാലം എല്ലാത്തിനും മറുപടി നൽകട്ടേ..
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here