ലൈംഗികാതിക്രമം നേരിട്ട വനിതാ ഗുസ്തി താരങ്ങളുടെ പ്രതികരണം അച്ചടക്കമില്ലായ്മയാണെന്ന ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ പ്രസിഡണ്ട് പി ടി ഉഷയുടെ പരാമർശം ഖേദകരമാണെന്ന് മന്ത്രി ഡോ. ആർ. ബിന്ദു പറഞ്ഞു. രാഷ്ട്രീയ യജമാനന്മാരുടെ ഉച്ചഭാഷിണിയായ പി.ടി ഉഷയെയല്ല രാജ്യം ആരാധിക്കുന്നതെന്ന തിരിച്ചറിവോടെ സ്വന്തം വാക്കുകൾ അവർ തിരുത്തണമെന്നും മന്ത്രി ഡോ. ബിന്ദു ആവശ്യപ്പെട്ടു.
ഇന്ത്യൻ സ്ത്രീത്വത്തിന്റെ അഭിമാനബോധത്തെ ഒരു കാലത്ത് ജ്വലിപ്പിച്ച ട്രാക്ക് റാണിയിൽ നിന്നും ഈയൊരു നിലപാടുണ്ടായത് സ്ത്രീസമൂഹത്തിന് അംഗീകരിക്കാനാവില്ല. കായികമേഖലയടക്കമുള്ള പൊതുരംഗത്തേക്ക് ഏറെ പ്രയാസപ്പെട്ട് കടന്നുവരുന്നവരാണ് പുതുതലമുറ പെൺകുട്ടികൾ ഉൾപ്പെടെയുള്ളവർ. ആ പ്രയാസം കരിയറിൽ എമ്പാടും അനുഭവിച്ച ഉഷ അവർക്ക് നൽകുന്നത് അച്ചടക്കം പാലിക്കണമെന്ന മുന്നറിയിപ്പാകുന്നത് അതിശയകരമാണ്. ഇരകളാക്കപ്പെടുന്ന സ്ത്രീകൾ വേട്ടക്കാരുടെ തിട്ടൂരം പാലിച്ചു പ്രതികരിക്കണമെന്ന പെൺവേട്ടക്കാരുടെ ശാസനം സമാരാധ്യയായ താരത്തിലൂടെ പുറത്തുവരുന്നത് അവർ സ്വന്തം നിലയും വിലയും കളഞ്ഞുകുളിക്കുന്നതിന് തുല്യമാണ്.
ഇന്ത്യൻ ഭരണഘടന ഇത്തരം സന്ദർഭങ്ങളിൽ സ്ത്രീകൾക്ക് ഉറപ്പുനൽകുന്ന നീതി ഇരകളാക്കപ്പെട്ടവർക്ക് ഉറപ്പാക്കാൻ ജനപ്രതിനിധിയെന്ന പദവി കൂടി വഹിക്കുന്ന ഉഷയ്ക്ക് ഉത്തരവാദിത്തമുണ്ട് – മന്ത്രി ഡോ. ബിന്ദു പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here