വിടവാങ്ങിയത് വയനാടിന്‍റെ വന്യസൗന്ദര്യം പ്രതിഫലിപ്പിച്ച എ‍ഴുത്തുകാരി

അനൂപ് കെ ആർ

കഥകളുടേയും പോരാട്ടങ്ങളുടേയും ഭൂമിയായിരുന്നു വയനാട്‌. ചരിത്രങ്ങളും ഐതീഹ്യങ്ങളും കഥാന്വേഷികളെ ആവേശിച്ച നാട്‌. മുപ്പത്തിരണ്ട്‌ വയസ്സുള്ളപ്പോഴാണ്‌ പി വത്സല കഥക്ക്‌ പിന്നാലെ കണ്ണീർ നിറഞ്ഞ യാഥാർത്ഥ്യങ്ങൾ കൊണ്ട്‌ നെല്ല് എഴുതുന്നത്‌. എസ്‌കെ പൊറ്റക്കാടും എംടിയും നിർദ്ദേശിച്ചപ്രകാരമാണ്‌ വയനാടിന്റെ വഴികളിലേക്ക്‌ വത്സല എത്തുന്നത്‌. കാളിന്ദി നദിയുടേയും നരിനിരങ്ങിമലയുടെയും അരികിൽ വാക്കുകളുടെ ദാഹവുമായി നിന്ന അവർ പിന്നെയെഴുതിയതെല്ലാം ചരിത്രമായി.1978ൽ തിരുനെല്ലിയിലെ കൂമൻ കൊല്ലിയിൽ വീടുവാങ്ങി അവർ എഴുതാനിരുന്നു.1972-ലാണ്‌ നെല്ലിന്റെ ആദ്യപതിപ്പ്‌ ഇറങ്ങുന്നത്‌. വയനാടിന്റെ മോഹിപ്പിക്കുന്ന വന്യസൗന്ദര്യങ്ങളിൽ നിന്ന് പിന്നീടവർക്ക്‌ ഇറങ്ങിപ്പോവാനായില്ല. ആ സൗന്ദര്യമത്രയും അവരുടെ വാക്കുകളിൽ നിറഞ്ഞുനിന്നു. ബാഹ്യമായി നോക്കികാണുകയല്ല അവർ നിന്ന ഭൂമികയുടെ ചരിത്രത്തിലേക്കും സാംസ്ക്കാരികതയിലേക്കും ദൈന്യതയിലേക്കുമെല്ലാം അവരിറങ്ങിച്ചെന്ന ഭാരവും തെളിച്ചവുമാണ്‌ അവരുടെ കഥകളിലും നോവലുകളിലെല്ലാം മലയാളി അനുഭവിച്ചത്‌.

Also Read; പ്രമുഖ സാഹിത്യകാരി പി വത്സല അന്തരിച്ചു

അറിയാൻ കഴിയാത്ത വിഹ്വലതകൾ, ഘനീഭവിച്ച ഭീതി, വിവരണാതീതമായ കനങ്ങൾ എന്നിവ ചരിത്രഭാരത്താൽ വിങ്ങിനിൽക്കുന്നതാണ്‌ എന്ന് വത്സല തിരിച്ചറിഞ്ഞു. അതിലേക്ക്‌ നടക്കുകയല്ലാതെ അവർക്ക്‌ മറ്റൊരാഗ്രഹമില്ലായിരുന്നു. ‘കേരളത്തിലെ ആഫ്രിക്ക’എഴുതിയ കെ പാനൂർ ആയിരുന്നത്രേ വയനാടിന്റെ തണുപ്പും ദുരിതച്ചൂടും നിറഞ്ഞ യാഥാർത്ഥ്യങ്ങളിലേക്ക്‌ വത്സലക്ക്‌ വഴികാട്ടി. മല്ലനും മാരനും കുറുമാട്ടിയും സെയ്തുമെല്ലാം കഥാപാത്രങ്ങൾ മാത്രമായിരുന്നില്ല. ഇന്നും തിരുനെല്ലിയിലോ പരിസരങ്ങളിലോ കാണാവുന്നവരാണ്‌. കാലത്തിലേക്ക്‌ എടുത്തുവെക്കപ്പെട്ട ഇത്രയും തീഷ്ണാനുഭവമുള്ള, ആദിവാസി-അടിസ്ഥാന ജനവിഭാഗങ്ങളെ പ്രതിപാദിച്ച നെല്ലിനോളം മറ്റൊരു സൃഷ്ടി മലയാളത്തിൽ അധികം കണ്ടേക്കില്ല.

Also Read; കോഴിക്കോട് അമ്മയെയും മകളെയും ഓടിത്തുടങ്ങിയ ട്രെയിനിൽ നിന്ന് തള്ളിയിട്ടു; ടിടിഇക്കെതിരെ പരാതി

പിതാവിന്റെ അനുഭവങ്ങളിൽ നിന്ന് കഥകളിലേക്ക്‌ സഞ്ചരിച്ചുകൊണ്ടിരുന്ന ഒരു പെൺകുട്ടിയിൽ നിന്ന് അതിന്റെ എഴുത്തിലേക്കും അതിന്റെ വൈവിദ്ധ്യത്തിലേക്കും നടന്നുചെല്ലാൻ വത്സലക്കായത്‌ വയനാടിന്റെ യാഥാർത്ഥ്യങ്ങളിൽ,കഥകളിൽ ജീവിക്കാൻ സാധ്യമായതുകൊണ്ടുമായിരുന്നു. നെല്ലിന്‌ പുറമേ ആഗ്നേയം കൂമൻ കൊല്ലി എന്നിങ്ങനെയുള്ള നോവലുകളും ഇതേ പശ്ചാത്തലത്തിൽ വത്സല എഴുതി. തിരുനെല്ലിയും കൂമൻ കൊല്ലിയുമൊക്കെ ഒരുപാട്‌ മാറിയെങ്കിലും വത്സലയുടെ എഴുത്തിലെ അതിന്റെ `അകാരണമായ വിഹ്വലതകൾ’ മാറിയിട്ടേയില്ല. ഇടിമുഴക്കങ്ങളും പെരുമഴയും പോരാട്ടങ്ങളും ഉലച്ച ബ്രഹ്മഗിരിക്കുന്നുകളിലും കാളിന്ദിയിലും പുലിയും ആനയുമിറങ്ങുന്ന നരിനിരങ്ങിമലയിലുമെല്ലാം അത്‌ അവശേഷിക്കുന്നു. വത്സല മടങ്ങുമ്പോഴും മടങ്ങാതെ, അതിവിടെയെല്ലാം നിറഞ്ഞുനിൽക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News