എൻസിഇആർടി പാഠപുസ്തകങ്ങളിൽ നിന്നും അദ്ധ്യായങ്ങളും പാഠഭാഗങ്ങളും ഒഴിവാക്കിയ തീരുമാനത്തിനെതിരെ മന്ത്രി പി.എ മുഹമ്മദ് റിയാസ്. ആര്‍എസ്എസ് പ്രതിനിധാനം ചെയ്യുന്ന ഭിന്നിപ്പിന്റെ രാഷ്ട്രീയത്തെ സ്കൂൾ സിലബസുകളിലേക്ക് ഒളിച്ചുകടത്താനുള്ള ശ്രമമായാണ് എൻസിഇആർടി പാഠപുസ്തകങ്ങളിലെ തിരുത്തലുകളെ കാണാൻ കഴിയുകയെന്ന് മുഹമ്മദ് റിയാസ് പ്രസ്താവനയിൽ പറഞ്ഞു. സംഘപരിവാർ മുന്നോട്ടുവെക്കുന്ന വ്യാജ ചരിത്രത്തെ വെള്ളപൂശാനുള്ള ശ്രമമാണ് ഇത്തരം നടപടികളെന്നും അദ്ദേഹം പ്രതികരിച്ചു.
മുഗള്‍ സാമ്രാജ്യവുമായി ബന്ധപ്പെട്ട പാഠഭാഗങ്ങളും ആര്‍എസ്എസ് നിരോധാനത്തിലേക്ക് നയിച്ച ഗാന്ധി വധത്തെക്കുറിച്ചുള്ള പരാമർശങ്ങളും ചരിത്ര പാഠപുസ്തകങ്ങളിൽ നിന്നും ഒഴിവാക്കപ്പെട്ടത് സംഘപരിവാറിന്റെ താത്പര്യപ്രകാരമാണെന്ന് വ്യക്തമാണ്. കേന്ദ്രത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം മൂന്നുവട്ടമാണ് പാഠ്യപദ്ധതിയില്‍ മാറ്റങ്ങള്‍ വരുത്തിയത്. സിലബസുകളെ കാവി വൽക്കരിക്കാൻ ലക്ഷ്യമിട്ടായിരുന്നു ഈ മാറ്റങ്ങൾ മുഴുവനും. മുഗൾ ഭരണത്തെക്കുറിച്ചുള്ള പാഠഭാഗങ്ങൾ നീക്കിയത് ആർഎസ്എസിന്റെ ഇംഗിതമനുസരിച്ചാണെന്ന് പകൽ പോലെ വ്യക്തമാണെന്നും ന്യൂനപക്ഷ അപരവൽക്കരണമടങ്ങിയ ഉള്ളടക്കങ്ങൾ സിലബസ്സുകളിൽ കൊണ്ടുവരാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്നും മന്ത്രി തുറന്നടിച്ചു.
ഇത്തരത്തിൽ ചരിത്രത്തെ വർഗ്ഗീയ വൽക്കരിച്ചുകൊണ്ട് തങ്ങളുടെ രാഷ്ട്രീയത്തിന് വേരോട്ടമുണ്ടാക്കാനുള്ള സംഘപരിവാർ ശ്രമങ്ങൾ ശക്തമായ ഭാഷയിൽ വിമർശിക്കപ്പെടേണ്ടതുണ്ട്. പാഠപുസ്തകങ്ങളുടെ മതനിരപേക്ഷ സ്വഭാവം സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് ഗൗരവകരമായ ചർച്ചകൾ ഉയർന്നുവരേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here