ഗേറ്റ് വേ ടു മലബാര്‍ ടൂറിസം; കാസര്‍ഗോഡ്-തിരുവനന്തപുരം ദേശീയപാത ഡിസംബറില്‍ പൂര്‍ത്തിയാകും: മന്ത്രി മുഹമ്മദ് റിയാസ്

PA MUHAMMED RIYAS


കാസര്‍ഗോഡ് – തിരുവനന്തപുരം ആറുവരി ദേശീയപാതയുടെ പണി ഈ വര്‍ഷം ഡിസംബറില്‍ പൂര്‍ത്തിയാകുന്നതോടെ മലബാര്‍ മേഖലയിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടാകുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പിഎ മുഹമ്മദ് റിയാസ്. മലബാറിലെ ടൂറിസം വികസനത്തിലൂടെ സംസ്ഥാനത്തിന്‍റെയാകെ വികസനമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ടൂറിസം വകുപ്പ് കോഴിക്കോട് സംഘടിപ്പിച്ച ഗേറ്റ് വേ ടു മലബാര്‍ ടൂറിസം ബിടുബി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഈ സര്‍ക്കാര്‍ അധികാരമേറ്റെടുക്കുമ്പോള്‍ കേരളത്തിലേക്കുള്ള സഞ്ചാരികളില്‍ മലബാറിലേക്കുള്ള സന്ദര്‍ശകരുടെ വരവ് ആറു ശതമാനം മാത്രമായിരുന്നുവെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. എന്നാല്‍ ഇന്ന് മലബാറിലെ ടൂറിസം രംഗത്ത് കുതിച്ചു ചാട്ടമുണ്ടായിരിക്കുന്നു. പൊതുമരാമത്ത് വകുപ്പ് റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനുള്ള തീരുമാനം ഇതിന് ഊര്‍ജ്ജം പകര്‍ന്നു.

ALSO READ; ‘രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കുന്നത് കേരളം, കേന്ദ്രം ആരോഗ്യ മേഖലക്ക് പണം അനുവദിക്കുന്നില്ല’: മന്ത്രി വീണാ ജോര്‍ജ്

മലയോര പാതയും തീരദേശ പാതയും ദേശീയ പാതയ്ക്ക് ഒപ്പം പൂര്‍ത്തിയാകുന്നതോടെ ലോകോത്തര നിലവാരത്തിലേക്ക് കേരളത്തിലെ അടിസ്ഥാന സൗകര്യം ഉയരും. അമ്പത് കിമി ഇടവേളയില്‍ വിശ്രമ സംവിധാനമുള്‍പ്പെടെയാണ് തീരദേശ പാത വരുന്നതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ടൂറിസം മേഖലയുടെ സ്വകാര്യ നിക്ഷേപകരുടെ ഇടപെടലും നിര്‍ണായകമായി. കാസര്‍കോട്ട് ഒരു പഞ്ചായത്തില്‍ മാത്രം രണ്ട് ഫൈവ് സ്റ്റാര്‍ ഹോട്ടലുകള്‍ ഇന്ന് പ്രവര്‍ത്തിക്കുന്നുണ്ട്. ഹോംസ്റ്റേ, റിസോര്‍ട്ട് എന്നിവയുടെ എണ്ണവും ഗണ്യമായി വര്‍ധിച്ചു. ബംഗളുരുവിലെ വാരാന്ത്യങ്ങള്‍ വയനാട്ടിലേക്കെത്തിക്കാനുള്ള ചടുലമായ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഫലം കണ്ടു. ഇന്ന് ഏറ്റവുമധികം ടൂറിസം വരുമാനം ലഭിക്കുന്ന ജില്ലകളിലൊന്നാണ് വയനാടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ടൂറിസം രംഗത്ത് കേരളം മത്സരിക്കുന്നത് മറ്റ് സംസ്ഥാനങ്ങളുമായല്ല, മറിച്ച് വിദേശ രാജ്യങ്ങളുമായാണെന്ന് മന്ത്രി പറഞ്ഞു. ഈ വികസനത്തിന് പൊതു-സ്വകാര്യ പങ്കാളിത്തിന്‍റെ പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറഞ്ഞു. 2023 ല്‍ നടത്തിയ ടൂറിസം നിക്ഷേപക സംഗമത്തിന്‍റെ ഫലം ഉടന്‍ തന്നെ കേരളത്തിലെ ടൂറിസം മേഖലയ്ക്ക് അനുഭവിച്ചറിയാനാകുമെന്നും അദ്ദേഹം പറഞ്ഞു.കേരള ടൂറിസത്തെ ഗോവയുമായി താരതമ്യം ചെയ്യുന്നതില്‍ അര്‍ഥമില്ലെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന കോഴിക്കോട് ജില്ലാകളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് പറഞ്ഞു. മലബാറിലെ എല്ലാ ടൂറിസം സാധ്യതകളെയും ശരിയായ രീതിയില്‍ ഉപയോഗപ്പെടുത്തുന്നതില്‍ ടൂറിസം വകുപ്പ് നല്‍കുന്ന പിന്തുണ ശ്ലാഖനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ALSO READ; കേരളത്തിൽ വികസനം വരരുതെന്ന നിലപാടാണ് പ്രതിപക്ഷത്തിന്; മന്ത്രി എം ബി രാജേഷ്

അനുഭവവേദ്യ ടൂറിസത്തിന്‍റെ സമഗ്രമേഖലയായി മലബാറിനെ അതിവേഗം വളര്‍ത്തുമെന്ന് കേരള ടൂറിസം ഡയറക്ടര്‍ ശിഖാ സുരേന്ദ്രന്‍ പറഞ്ഞു. സാഹസിക- ഇക്കോ ടൂറിസം കേന്ദ്രങ്ങള്‍, പാചക വൈവിദ്ധ്യം, കരകൗശല പ്രാവീണ്യം, അനുഷ്ഠാന കലാ പാരമ്പര്യം എന്നിവ അനന്ത സാധ്യതയാണ് മലബാറിന് നല്‍കുന്നതെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഓരോ തവണ കേരളം സന്ദര്‍ശിക്കുമ്പോഴും ഇവിടെ ദൃശ്യമാകുന്ന മാറ്റം അത്ഭുതകരമാണെന്ന് ഒമാനില്‍ നിന്നുള്ള ലോകപ്രശസ്ത സാമൂഹ്യമാധ്യമ ഇന്‍ഫ്ളുവന്‍സര്‍ മുഹമ്മദ് അല്‍ ബാലുഷി പറഞ്ഞു. ഇത് അഞ്ചാം തവണയാണ് കേരളത്തിലെത്തുന്നത്. മലബാര്‍ മേഖലയിലെ ഭക്ഷണ ശീലങ്ങളും ഗള്‍ഫ് മേഖലയുമായുള്ള സാദൃശ്യം ജനങ്ങള്‍ തമ്മിലുള്ള അടുപ്പത്തിനും കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവിധ സാമൂഹ്യമാധ്യമ പ്ലാറ്റ്ഫോമുകളിലായി പത്തു ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വ്യക്തിയാണ് മുഹമ്മദ് അല്‍ ബാലുഷി.

ടൂറിസം വകുപ്പ് അഡി. സെക്രട്ടറി ജഗദീഷ് ഡി, ജോയിന്‍റ് ഡയറക്ടര്‍ ഡി ഗീരീഷ് കുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍ സത്യജിത്ത് ശങ്കര്‍, ഒഡിപെക് ചെയര്‍മാന്‍ കെ പി അനില്‍കുമാര്‍, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി പ്രസിഡന്‍റ് ജോസ് പ്രദീപ്, കെടിഐഎല്‍ ചെയര്‍മാന്‍ എസ് കെ സജീഷ്, റാവിസ് കടവ് ക്ലസ്റ്റര്‍ ജി എം ബിജു പാലേട്ട്, മെട്രോ എക്സ്പെഡീഷന്‍ മാനേജിംഗ് എഡിറ്റര്‍ സിജി നായര്‍, ഡിടിപിസി സെക്രട്ടറി നിഖില്‍ ദാസ്, വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്‍റ് വാഞ്ചീശ്വരന്‍, ബിആര്‍ഡിസി എംഡി ഷിജിന്‍ പറമ്പത്ത്, ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റി, അസോസിയേഷന്‍ ഡൊമെസ്റ്റിക് ടൂര്‍ ഓപ്പറേറ്റേഴ്സ് ഇന്ത്യ മുന്‍ പ്രസിഡന്‍റ് പി പി ഖന്ന തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ സംബന്ധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News