‘അധികാരത്തിൽ വരണമെങ്കിൽ വർഗീയ കലാപങ്ങൾ ഉണ്ടാകണമെന്ന് യോഗിക്ക് അയാള്‍ നിര്‍ദേശം നല്‍കി’; കനുഗോലുവിനെതിരെ മുഹമ്മദ് റിയാസ്

കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിനെതിരെ രൂക്ഷ വിമര്‍ശനവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്. മോദിയുടേയും യോഗിയുടേയും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ ആളാണ് കനുഗോലു. ഇത്തരത്തിലെ ഇടപെടലിലൂടെ അവരെ അധികാരത്തിലെത്തിക്കാനും അദ്ദേഹത്തിനായെന്നും മന്ത്രി നവകേരള സദസില്‍ പങ്കെടുത്ത് സംസാരിക്കവെ പറഞ്ഞു.

മന്ത്രിയുടെ പ്രസംഗത്തിന്‍റെ പൂര്‍ണരൂപം

കേരളത്തിലെ യുഡിഎഫ് ഒരു ഇലക്ഷൻ ഇവെൻ്റ്മാനേജ്മെൻ്റ് തലവനെ, കേരളത്തിലെ എൽഡിഎഫ് സർക്കാരിനെ അട്ടിമറിക്കാൻ വേണ്ടി കൊണ്ടുവന്നിട്ടുണ്ട്. ആ തലവൻ്റെ പേര് സുനിൽ കനഗോലു എന്നാണ്. അദ്ദേഹം ആദ്യമായിട്ടല്ല തിരഞ്ഞെടുപ്പ് മാനേജ്മെൻ്റ് പ്രവർത്തനം നടത്തുന്നത്. 2014 ൽ രാജ്യത്ത് നരേന്ദ്ര മോദിയുടെ സർക്കാർ വരുന്നു. രാജ്യത്ത് 30 വർഷത്തിനു ശേഷം സിംഗിൾ മെജോറിട്ടിയോട് കൂടി വരുന്ന സർക്കാരാണ് മോദിയുടേത്. ഗുജറാത്ത് കലാപത്തിന് നേതൃത്വം കൊടുത്തു എന്ന് ലോകം മുഴുവൻ അറിയുന്ന ബിജെപിയുടെ നേതാവ് ഇന്ത്യയുടെ പ്രധാനമന്ത്രി ആയി. അതിലേക്ക് എത്തിക്കുന്നതിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് ഈ കനുഗോലു.

ALSO READ | കേരളത്തിൽ ഭരണത്തുടർച്ച വേണം, സർക്കാരിനെയും നവകേരള സദസിനെയും അഭിനന്ദിച്ച് വെള്ളാപ്പള്ളി നടേശൻ

2017 ൽ ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥിനെ മുഖ്യമന്ത്രി ആക്കി ബിജെപിയെ അധികാരത്തിൽ എത്തിക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്ത വ്യക്തിയാണ് സുനിൽ കനുഗോലു. യോഗി ആദിത്യനാഥിന്‍റെ ചെവിയിൽ മന്ത്രിച്ചു കൊടുത്തു. അധികാരത്തിൽ വരണമെങ്കിൽ വർഗീയ കലാപങ്ങൾ ഉണ്ടാകണം. വർഗീയ ധ്രുവീകരണങ്ങൾ ഉണ്ടാകണം. മുസഫർ നഗർ കലാപം പോലെയുള്ള ഉത്തർപ്രദേശിലെ കലാപങ്ങൾ നമ്മുടെ മുൻപിലുണ്ട്. പാവപ്പെട്ട മുസൽമാനെയും ക്രൈസ്തവനെയും ഇരയാക്കി മുഖ്യമന്ത്രി കസേരയിൽ ഇരുത്തിയ വ്യക്തിയാണ് സുനിൽ കനുഗോലു. അദ്ദേഹത്തിൻ്റെ കൈകളിൽ നിന്നും ആ ചോരക്കറ മാഞ്ഞിട്ടില്ല. ആ സുനിൽ കനുഗോലുവിനെയാണ് കെപിസിസി യുടെ നിർവാഹക സമിതിയിൽ പ്രത്യേക ക്ഷണിതാവായി ഇരുത്തിയിട്ടുള്ളത്.

ആത്മാഭിമാനമുള്ള, മതനിരപേക്ഷ മനസ്സുള്ള കോൺഗ്രസിൻ്റെ പ്രവർത്തകർ ഇങ്ങനെ ഈ വിഷയത്തെ കാണുന്നു. എന്താണ് മുസ്ലിം ലീഗിന് ഈ വിഷയത്തെ കുറിച്ചുള്ള അഭിപ്രായം. തലയിൽ വെള്ളതൊപ്പി ധരിച്ചതിന് കൊലചെയ്യപ്പെട്ട ഒന്നും അറിയാത്ത മുസൽമാൻമാർ, ക്രിസ്തുമസ് ആഘോഷിച്ചതിന് ആക്രമത്തിന് ഇരയായ ക്രൈസ്തവ സഹോദരന്മാർ.. അവരെ ആക്രമിക്കാൻ വേണ്ടി എല്ലാ ഉപദേശവും നൽകി, അതിനു നേതൃത്വം കൊടുക്കാൻ ബിജെപിയെ സജ്ജമാക്കിയ സുനിൽ കനഗോലു ആണ് ഇന്ന് കേരളത്തിലെ കോൺഗ്രസിൻ്റെ ഉപദേഷ്ടാവ്. ഇടതുപക്ഷ സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപി എല്ലാ ശ്രമവും പയറ്റുമ്പോൾ അത് ഏറ്റുപിടിക്കൻ മൂന്ന് പ്രധാന ഓഫീസുകളാണ് നമ്മുടെ സംസ്ഥാനത്ത് പ്രവർത്തിക്കുന്നത്.

ഒന്ന്, ബിജെപിയുടെ സംസ്ഥാന കാര്യാലയം. രണ്ട്, കേരളത്തിലെ ഗവർണറുടെ ഓഫീസ് ആണ്. എൽഡിഎഫ് സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ബിജെപിയുടെയും ആർഎസ്സിൻ്റെയും രാഷ്ട്രീയം പയറ്റാൻ വേണ്ടി കേരളത്തിൽ പ്രവർത്തിക്കുന്ന മൂന്നാമത്തെ ഓഫീസ്, അത് കെപിസിസി ഓഫീസ് ആണ്. ഈ മൂന്ന് ഓഫീസുകൾ ആണ് ഇന്ന് കേരളത്തിലെ ഇടതുപക്ഷ സർക്കാരിനെ അട്ടിമറിക്കാൻ പ്രവർത്തിക്കുന്നത്. ഉത്തർപ്രദേശിലും, മധ്യപ്രദേശിലും മഹാരാഷ്ട്രയിലും ഗുജറാത്തിലും പാവപ്പെട്ട ന്യൂനപക്ഷങ്ങളെ കശാപ്പ് ചെയ്ത അധികാര കസേരയിൽ ബിജെപിയെ ഇരുത്തിയ സുനിൽ കനുഗോലു അല്ല, അതിലും വലിയ ഗോലു വന്നാലും കേരളത്തിലെ ഇടതുപക്ഷ സർക്കാർ കുതിച്ച് തന്നെ മുന്നോട്ട് പോകും. അതിനു ജനങ്ങൾ കൂടെയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News