‘എനിക്കും നിങ്ങള്‍ക്കുമൊക്കെ നടക്കാന്‍ കാലുണ്ട്. അതില്ലാത്ത ആളാണ് ഏഴ് കൊല്ലമായി ഒരു വീല്‍ചെയറിന് വേണ്ടി കയറിയിറങ്ങുന്നത്. എത്രയും വേഗത്തില്‍ ഇടപെടണം. പരിഹാരമായില്ലെങ്കില്‍ എന്നെ നേരിട്ട് വിളിക്കണം.’ കരുതലും കൈത്താങ്ങും പരാതിപരിഹാര അദാലത്തില്‍ ശ്രദ്ധേയമാവുകയാണ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഇടപെടല്‍.
ALSO READ: മുനമ്പം: ഉടമസ്ഥാവകാശ തര്‍ക്കത്തില്‍ ഇടപെടാനില്ലെന്ന് ഹൈക്കോടതി, സിവില്‍ കോടതിയെ സമീപിക്കണം
കോഴിക്കോട് വടകര താലൂക്കില്‍ നടന്ന കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിലാണ് നാദാപുരം സ്വദേശി അശോകന്‍ മന്ത്രിയെ കാണാനായി എത്തിയത്. നടക്കാന്‍ കഴിയാത്ത ആളാണെന്ന് അറിഞ്ഞപ്പോള്‍ മന്ത്രി അശോകന്റെ അടുത്തേക്ക് വന്നു. ഒരു വീല്‍ചെയറായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം. ഇതിനായി ഏഴ് വര്‍ഷത്തോളമായി ഓഫീസുകള്‍ കയറിയിറങ്ങി നടക്കുന്നു എന്ന് പറഞ്ഞപ്പോള്‍ തന്നെ മന്ത്രി മുഴുവന്‍ ഉദ്യോഗസ്ഥരെയും വിളിച്ചുവരുത്തി.
‘ഏത് പഞ്ചായത്തിലായാലും ഒരു മനുഷ്യന്‍ ഏഴ് വര്‍ഷമായെന്ന് പറയുമ്പോള്‍ അത് പരിഹരിക്കണ്ടേ.? ഇവിടെയല്ല അവിടെയാണ് എന്നൊക്കെ പറഞ്ഞിട്ട് കാര്യുല്ല. എപ്പോ പരിഹരിക്കും. അതാണ് അറിയേണ്ടത്.’
ഉടനടി നടപടി വേണമെന്ന് കര്‍ശനമായി തന്നെ മന്ത്രി പറഞ്ഞു. നാളെ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാമെന്നും ഉടനെ പരിഹാരം കാണാമെന്നും ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് ഉറപ്പനല്‍കി.
പരാതി സ്വീകരിച്ച് ഒപ്പിട്ട ശേഷം അശോകന്റെ ഫോണ്‍ നമ്പറും മുഹമ്മദ് റിയാസ് വാങ്ങി.
‘എത്രയും വേഗത്തില്‍ ഇവര്‍ ഇടപെടും. ഇവര്‍ ചെയ്തിട്ടില്ലെങ്കില്‍ നമുക്ക് നോക്കാട്ടോ.. ഇതില്‍ നടന്നിട്ടില്ലെങ്കില്‍ നമുക്ക് നേരിട്ടെന്തെങ്കിലും ചെയ്യാട്ടോ..’
മന്ത്രി മുഹമ്മദ് റിയാസ് തോളില്‍ തട്ടി ആശ്വസിപ്പിക്കുമ്പോള്‍ അശോകന്റെ മനസ്സ് നിറഞ്ഞിട്ടുണ്ടായിരുന്നു. ആത്മവിശ്വാസത്തോടെയാണ് അശോകന്‍ കരുതലും കൈത്താങ്ങും അദാലത്ത് വേദിയില്‍ നിന്നും വീട്ടിലേക്ക് മടങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here