ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്ന് മന്ത്രി മുഹമ്മദ് റിയാസ്

ഹിന്ദുത്വയെ വിമര്‍ശിച്ചുവെന്ന കുറ്റം ചുമത്തി കന്നഡ നടന്‍ ചേതന്‍ അഹിംസയെ അറസ്റ്റു ചെയ്ത കര്‍ണാടക പൊലീസിന്റെ നടപടിയില്‍ പ്രതിഷേധവുമായി മന്ത്രി പിഎ മുഹമ്മദ് റിയാസ്. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് ട്വിറ്ററില്‍ കുറിച്ചതിന്റെ പേരിലായിരുന്നു കര്‍ണാടക പൊലീസ് ചേതന്‍ അഹിംസയെ അറസ്റ്റ് ചെയ്തത്.
ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ടെന്നും മുഹമ്മദ് റിയാസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ഹിന്ദുത്വയെന്നത് അക്രമോത്സുകതയിലൂന്നിയ സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്. മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള ഉപകരണമാക്കുന്ന ഹിന്ദുത്വക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ലെന്നും മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്

ഹിന്ദുത്വയെ വിമര്‍ശിച്ച കുറ്റത്തിന് കന്നഡ നടന്‍ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത കര്‍ണാടക പൊലീസിന്റെ നടപടിയില്‍ പ്രതിഷേധാര്‍ഹമാണ്.ഹിന്ദുത്വ കെട്ടിപ്പൊക്കിയിരിക്കുന്നത് നുണകളിലാണെന്ന് ട്വിറ്ററില്‍ കുറിച്ചതിനാണ് നടനും ആക്റ്റിവിസ്റ്റുമായ ചേതന്‍ അഹിംസയെ കര്‍ണാടക പൊലീസ് കഴിഞ്ഞദിവസം അറസ്റ്റുചെയ്തത്.
ഹിന്ദുമത വിശ്വാസികളുടെ വിശ്വാസത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചാണ് അറസ്റ്റ്.

ഹിന്ദുത്വയും ഹിന്ദുമതവുമായി കടലും കടലാടിയും തമ്മിലുള്ള വ്യത്യാസമുണ്ട്. ‘ഹിന്ദുത്വ’ എന്നത് അക്രമോത്സുകതയിലൂന്നിയ സംഘപരിവാറിന്റെ രാഷ്ട്രീയ പ്രത്യയശാസ്ത്ര പദ്ധതിയാണ്.
മതത്തെ രാഷ്ട്രീയാധികാരത്തിനുള്ള ഉപകാരണമാക്കുന്ന ഹിന്ദുത്വയ്ക്ക് ഹിന്ദുമതവുമായോ ഹിന്ദുമത വിശ്വാസവുമായോ ഒരു ബന്ധവുമില്ല.
ഹിന്ദുത്വയേയും സംഘപരിവാറിനെയും വിമര്‍ശിക്കുന്നത് ഏതര്‍ത്ഥത്തിലാണ് ഹിന്ദുമത വിമര്‍ശനമാവുന്നത്?
ഹിന്ദുമതവും ഹിന്ദുത്വയും രണ്ടും ഒന്നാണ് എന്ന് സ്ഥാപിക്കാനാണ് രാജ്യത്താകെ സംഘപരിവാര്‍ എന്നും ശ്രമിച്ചുപോരുന്നത്. അതിന്റെ തുടര്‍ച്ചയായി വേണം ഹിന്ദുത്വയെ വിമര്‍ശിച്ചതിന്റെ പേരില്‍ ചേതന്‍ അഹിംസയെ അറസ്റ്റുചെയ്ത സംഭവത്തെ കാണാന്‍.

ഹിന്ദുത്വയെ വിമര്‍ശിച്ചു എന്ന കുറ്റത്തിനാണ് എംഎം കല്‍ബുര്‍ഗിയും ഗൗരി ലങ്കേഷും കര്‍ണാടകയുടെ മണ്ണില്‍ രക്തസാക്ഷികളായത്. നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തിയിരിക്കുന്ന കര്‍ണാടകയില്‍ ഭൂരിപക്ഷ വര്‍ഗ്ഗീയത ആളിക്കത്തിച്ച് നേട്ടം കൊയ്യാമെന്നാണ് സംഘപരിവാരം കരുതുന്നത്. അതിന്റെ ഭാഗമായാണ് ടിപ്പു സുല്‍ത്താനെ വധിച്ചത് വൊക്കലിഗ സമുദായത്തിലെ ഉറി ഗൗഡ, നഞ്ചേ ഗൗഡ എന്നിവരാണെന്ന ചരിത്രവിരുദ്ധമായ പ്രസ്താവനകള്‍ ഉള്‍പ്പെടെ കഴിഞ്ഞ ദിവസങ്ങളില്‍ സംഘപരിവാരം നടത്തിയത്. നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ ബ്രിട്ടീഷുകാരാണ് ടിപ്പുവിനെ വധിച്ചതെന്ന ചരിത്രവസ്തുതയെ മറച്ചുവെച്ചുകൊണ്ട് വര്‍ഗ്ഗീയ ധ്രുവീകരണത്തിനാണ് കര്‍ണാടകയിലെ ഹിന്ദുത്വ ശക്തികളുടെ ശ്രമം. ഇതിനെയാണ് നടന്‍ ചേതന്‍ തന്റെ ട്വീറ്റിലൂടെ വിമര്‍ശിച്ചത്.

നാടിനെ സര്‍ക്കാര്‍ സംവിധാനം ഉപയോഗിച്ച് വര്‍ഗ്ഗീയ കളമാക്കുന്ന സംഘപരിവാര്‍ നീക്കങ്ങള്‍ക്കെതിരെ പൊതുസമൂഹം ജാഗ്രത പാലിക്കേണ്ടതുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News