പുതിയതായി 1530 അഭിഭാഷകര്‍ കഴിഞ്ഞ ദിവസം എന്റോള്‍ ചെയ്തപ്പോള്‍ ഒരു ചരിത്ര നിമിഷം കൂടിയാണ് പിറവിയെടുത്തത്. ഒന്നാമതായി സന്നത് എടുക്കാന്‍ പത്മ ലക്ഷ്മിയെ വിളിച്ചപ്പോള്‍ പിറന്നത് ലിംഗസമത്വത്തിന്റെ ചരിത്ര നിമിഷം. കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ അഭിഭാഷക അങ്ങനെ ചരിത്രത്തിന്റെ ഭാഗമായി. ലിംഗനീതിയുടെ സമഭാവനയില്‍ കേരളത്തിന്റെ കയ്യൊപ്പു പതിഞ്ഞ ശ്രദ്ധേയമായ അടയാളപ്പെടുത്തല്‍ കൂടിയായി ഇടപ്പിള്ളി സ്വദേശിനി പത്മലക്ഷമിയുടെ എന്റോള്‍മെന്റ്.
അഭിഭാഷക മേഖലയിലേയ്ക്കുള്ള യാത്രയില്‍ തുണയായ അച്ഛനെയും അമ്മയെയുമാണ് പത്മ ലക്ഷ്മി ഹൃദയപൂര്‍വ്വം ഓര്‍മ്മിക്കുന്നത്. അധ്യാപിക ഡോ മറിയാമ്മ എം.കെ. സീനിയര്‍ കെ.വി ഭദ്രകുമാരി തുടങ്ങിയവര്‍ നല്‍കിയ പിന്തുണ ലക്ഷ്യത്തിലേയ്ക്കുള്ള യാത്രയില്‍ തുണയായതായി പത്മ ലക്ഷ്മി അനുസ്മരിക്കുന്നു. ‘സമത്വത്തിന്റെ പുസ്തകമായ ഭരണഘടനയാണ് നിന്റെ കൈവശം കിട്ടിയിരിക്കുന്നതെന്ന് പറഞ്ഞ ഇവരുടെ വാക്കുകള്‍ തുടര്‍ന്നും പ്രചോദനമാകുമെന്നും പത്മ ലക്ഷ്മി നന്ദിപൂര്‍വ്വം സ്മരിച്ചു. ബാര്‍ കൗണ്‍സില്‍ ഓഫ് കേരളയുടെ അധികാരികളുടെ പിന്തുണയ്ക്കും പത്മലക്ഷ്മി നന്ദി പറഞ്ഞു. മുന്നോട്ടുള്ള യാത്രയില്‍ ഒപ്പം നിന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും നിയമ മന്ത്രി പി രാജീവിന്റെയും പിന്തുണയ്ക്കും പത്മ കൃതജ്ഞത അറിയിച്ചു.
പ്രതിനിധീകരിക്കുന്ന സമൂഹത്തിന് വേണ്ടിയും അനീതിക്കെതിരെയും പോരാടാന്‍ ശക്തി വേണം. അതിന് കരുത്ത് പകരുന്ന മേഖലയാണ് അഭിഭാഷക വൃത്തിയെന്ന ആത്മവിശ്വാസം പത്മ ലക്ഷ്മി പങ്കുവച്ചു. പ്രാക്ടീസിന് ശേഷം ജുഡീഷ്യല്‍ സര്‍വ്വീസസ് പരീക്ഷ എഴുതുകയാണ് ലക്ഷ്യമെന്ന് വ്യക്തമാക്കിയ പത്മ, തന്നെ ഒന്നാമതായി എന്റോള്‍ ചെയ്യാന്‍ ക്ഷണിച്ചത് തന്നെ സമൂഹത്തിന് സംഭവിക്കുന്ന മാറ്റമായാണ് അടയാളപ്പെടുത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here