തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചതിലൂടെ സ്വന്തം പേരിൽ റെക്കോർഡുകൾ എഴുതിച്ചേർത്ത വ്യക്തിയാണ് തമിഴ്നാട് സേലം സ്വദേശി കെ പത്മരാജൻ. നടക്കാൻ പോകുന്ന കർണ്ണാടക നിയമസഭ തെരഞ്ഞെടുപ്പിലും ഇത്തവണ കർണാടക മുഖ്യമന്ത്രി ബസവരാജ ബൊമ്മെക്കെതിരെ ഷിഗ്ഗാവി മണ്ഡലത്തിൽ നിന്നാണ് പത്മരാജൻ ജനവിധി തേടുന്നത്.
1988 മുതൽ വിവിധ നിയമസഭ, ലോക്‌സഭ, രാജ്യസഭ തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന പത്മരാജൻ ഇതുവരെ 233 തവണ മത്സര ഗോദയിലിറങ്ങിയിട്ടുണ്ട്. ഇതുവരെയും പത്മരാജൻ വിജയിക്കാൻ വേണ്ടി മത്സരിച്ചിട്ടില്ല എന്നതാണ് ഏറ്റവും കൗതുകം. ഏറ്റവും കൂടുതൽ തെരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ട സ്ഥാനാർഥിയെന്ന റെക്കോർഡ് സ്വന്തമാക്കുകയാണ് തന്റെ ലക്ഷ്യമെന്നാണ് പത്മരാജൻ പറയുന്നത്.
ജനങ്ങളുടെ സ്‌നേഹം നേടാനും പ്രശസ്തനാകാനുള്ള ഒരു ഉപാധിയായിട്ടാണ് താൻ തെരഞ്ഞെടുപ്പുകളെ കാണുന്നത്. വമ്പൻമാർക്കെതിരെ ഒരിക്കലും ജയിക്കാനാവാത്ത ഒരു ചെറിയ മനുഷ്യനാണ് താനെന്നും പത്മരാജൻ കൂട്ടിച്ചേർത്തു. ഇതുവരെ തെരഞ്ഞെടുപ്പുകളിൽ കെട്ടിവെക്കാൻ ഒരുകോടി രൂപയോളം ചെലവായെന്നും പത്മരാജൻ വ്യക്തമാക്കി.
പത്മരാജൻ ഇതിന് മുമ്പ് നിരവധി പ്രമുഖ നേതാക്കൾക്കെതിരെ മത്സരിച്ചിട്ടുണ്ട്. മുൻ പ്രധാനമന്ത്രിമാരായ എ.ബി വാജ്‌പേയ്, മൻമോഹൻ സിംഗ്, മുൻ തമിഴ്‌നാട് മുഖ്യമന്ത്രിമാരായ ജയലളിത, കരുണാനിധി തുടങ്ങിയവർക്കെതിരെയെല്ലാം പത്മരാജൻ മത്സരിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here