ലെബനാനില്‍ ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ച് 11 മരണം. 4000ത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 400 പേരുടെ നില ഗുരുതരമാണ്. അക്രമത്തിന് പിന്നില്‍ ഇസ്രയേലാണെന്നും തിരിച്ചടിക്കുമെന്നും ഹിസ്ബുല്ല നേതൃത്വം പറഞ്ഞു. എന്നാല്‍, അക്രമത്തിന്‍റെ ഉത്തരവാദിത്തം ഇസ്രയേല്‍ ഇതുവരെ ഏറ്റെടുത്തിട്ടില്ല.
Also Read: പ്രളയക്കെടുതിയിൽ മധ്യയൂറോപ്പ്; മരണം 17 ആയി
ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഹിസ്ബുല്ല ഉപയോഗിക്കുന്ന പേജറുകള്‍ പൊട്ടിത്തെറിച്ചത്. ലെബ്നാനിലും സിറിയയുടെ ചില മേഖലകളിലുമാണ് ഇത്തരത്തില്‍ പേജറുകള്‍ പൊട്ടിത്തെറിച്ചത്. ഹിസ്ബുല്ലയുടെ ഉന്നത നേതൃത്വത്തില്‍ നിന്ന് ലഭിക്കുന്ന സന്ദേശത്തിന്‍റെ മാതൃകയില്‍ ഒരു സന്ദേശം വരികയും തൊട്ടുപിന്നാലെ പൊട്ടിത്തെറിക്കുകയുമായിരുന്നു. കൊല്ലപ്പെട്ടവരില്‍ ഒരു ബാലികയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ഹിസ്ബുല്ല നേതൃത്വം അറിയിച്ചു. പരിക്കേറ്റവരില്‍ ഇറാൻ അംബാസിഡര്‍ മൊജ്താബ അമാനിയും ഉള്‍പ്പെടും.
പൊട്ടിത്തെറിച്ച പേജറുകളില്‍ സ്ഫോടക വസ്തുക്കളുടെ സാന്നിധ്യമുണ്ടായിരുന്നു. ഇസ്രയേല്‍ ചാരസംഘടനയായ മൊസാദ് മാസങ്ങള്‍ നീണ്ട തയ്യാറെടുപ്പുകള്‍ക്ക് ശേഷം നടത്തിയ അക്രമമാണ് ചൊവ്വാഴ്ച ലെബനാനില്‍ നടന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സ്ഫോടനത്തില്‍ മരണ സംഖ്യ ഉയര്‍ന്നേക്കും. ലെബ്നാൻ അതിര്‍ത്തിയിലേക്ക് യുദ്ധ ലക്ഷ്യം വിപുലീകരിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതനാഹ്യു അറിയിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഫോടനം.
ഇസ്രയേല്‍ മൊബൈല്‍ ഫോണുകള്‍ ചോര്‍ത്തുകയും തങ്ങളുടെ നീക്കങ്ങള്‍ തിരിച്ചറിയുകയും ചെയ്യുന്നു എന്നു പറഞ്ഞാണ് ഹിസ്ബുല്ല ആശയവിനിമയത്തിനായി പേജറുകള്‍ ഉപയോഗിച്ചു തുടങ്ങിയത്. പുതിയതായി വാങ്ങിയ പേജറുകളാണ് പൊട്ടിത്തെറിച്ചത് എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here