അഫ്ഗാനിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളിൽ പാക്കിസ്ഥാൻ നടത്തിയ വ്യോമാക്രമണത്തിൽ മരിച്ചവരുടെ എണ്ണം 46 ആയി ഉയർന്നു. താലിബാൻ വക്താവ് സബിഹുള്ള മുജാഹിദ് ആണ് ഇക്കാര്യം അറിയിച്ചത്. മരിച്ചവരിൽ ഭൂരിഭാഗവും കുട്ടികളും സ്ത്രീകളുമാണെന്നും അദ്ദേഹം വ്യക്തമാക്കി.
സംഭവത്തിൽ ആറ് പേർക്ക് കൂടി പരിക്കേറ്റിട്ടുണ്ടെന്നും പരിക്കേറ്റവരിൽ കൂടുതലും കുട്ടികളാണെന്നും അദ്ദേഹം പറഞ്ഞു. പാക്കിസ്ഥാന്റെ ആക്രമണത്തിൽ സ്ത്രീകളും കുട്ടികളുമടക്കം 15 പേർ കൊല്ലപ്പെട്ടതായി ബുധൻ രാവിലെ സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു.
അഫ്ഗാനിസ്ഥാനിലെ ഏഴ് ഗ്രാമങ്ങളെയാണ് ആക്രമണത്തിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടതെന്നും ആക്രമണത്തിൽ മുർഗ് ബസാർ ഗ്രാമം പൂർണമായും നശിപ്പിക്കപ്പെട്ടുവെന്നും അഫ്‌ഗാനിസ്ഥാൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്‌തിരുന്നു.
അതേസമയം ആക്രമണത്തെ “ഭീരുത്വം” എന്നാണ് താലിബാൻ പ്രതിരോധ മന്ത്രാലയം വിശേഷിപ്പിച്ചത്. സാധാരണക്കാരെ ലക്ഷ്യം വച്ചുള്ളതായിരുന്നു പാക്കിസ്ഥാന്റെ ആക്രമണമെന്നും ഇരകളിൽ ഭൂരിഭാഗവും വസീറിസ്ഥാൻ മേഖലയിൽ നിന്നുള്ള അഭയാർഥികളാണെന്നും താലിബൻ പറഞ്ഞു. വ്യോമാക്രമണത്തിൽ താലിബാന്റെ പ്രതിരോധ മന്ത്രാലയം അപലപിക്കുകയും ആക്രമണത്തിൽ തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ് നൽകുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here