പാക്കിസ്ഥാനിൽ ഗോത്രവിഭാഗങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലും തുടർന്നുള്ള സംഘർഷങ്ങളും രൂക്ഷമാകുന്നു. ഖൈബർ പഖ്‌തുൻഖ്‌വാ പ്രവിശ്യയിൽ ഞായറാഴ്ച്ച വരെ കൊല്ലപ്പെട്ടവരുടെ എണ്ണം 130 കവിഞ്ഞു. ഇന്ന് മാത്രം ആറ് പേർ കൊല്ലപ്പെട്ടതായാണ് വിവരം. ഖുറം ജില്ലയിൽ കഴിഞ്ഞ പതിനൊന്ന് ദിവസമായി തുടർച്ചയായി സംഘർഷം നടക്കുകയാണ്.
അഫ്ഗാനിസ്ഥാൻ അതിർത്തിയിലുള്ള ഖുറം ജില്ലയിലെ അലിസായി, ബാഗാൻ ഗോത്രവിഭാഗങ്ങൾ തമ്മിലാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. നവംബർ ഇരുപത്തിരണ്ടിനാണ് ഇരു വിഭാഗങ്ങളും തമ്മിലുള്ള സംഘർഷം ഉടലെടുത്തത്.
ഇരുപത്തിയൊന്നാം തീയതി രാത്രി പറച്ചിനാറിൽ വെച്ച് ഒരു പാസഞ്ചർ വാനിനുനേരെ ആക്രമണം ഉണ്ടാകുകയും 47 പേർ കൊല്ലപ്പെടുകയും ചെയ്തതാണ് സംഘർഷത്തിന് തിരികൊളുത്തിയത്.
ജില്ലാ ഭരണകൂടവും മറ്റ് ബന്ധപ്പെട്ട അധികാരികളും രണ്ട് സമുദായങ്ങൾ തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാൻ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ടെങ്കിലും ഇതുവരെ ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് ജില്ലാ ഭരണകൂട ഉദ്യോഗസ്ഥൻ വാജിദ് ഹുസൈൻ പറഞ്ഞു.
അക്രമം തുടരുന്നതിനാൽ പ്രധാന പെഷവാർ-പരാച്ചിനാർ റോഡ് താത്ക്കാലികമായി അടച്ചു. പാക്-അഫ്ഗാൻ ഖർലാച്ചി അതിർത്തിയിലൂടെയുള്ള യാത്രയ്ക്കും ഇപ്പോൾ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.സംഘർഷം ഏറ്റവും കൂടുതൽ രൂക്ഷമായ ലോവർ ഖുറമിൻ്റെ വിവിധ ഭാഗങ്ങളിൽ പൊലീസിനെയും മറ്റ് സുരക്ഷാ സേനാംഗങ്ങളെയും വിന്യസിച്ചിട്ടുണ്ടെന്ന് ഡെപ്യൂട്ടി കമ്മീഷണർ ജാവേദ് ഉള്ളാ മെഹ്‌സൂദ് പറഞ്ഞു. മറ്റ് പ്രദേശങ്ങളിൽ വെടിനിർത്തലിനുള്ള എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here