സംവിധായകന്‍ ജോഷി ഒരുക്കുന്ന ആന്റണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനെതിരെ വ്യാപക പരാതി. പാലായില്‍ ഇന്നലെ വൈകീട്ട് നടത്തിയ ഷൂട്ടിംഗ് നഗരത്തെ വെള്ളംകുടിപ്പിച്ചു. നിയമവിരുദ്ധമായി നടത്തിയ ചിത്രീകരണ നടപടികള്‍ക്കെതിരെ നഗരസഭാ ചെയര്‍പേഴ്സണ്‍ തന്നെ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കി. വിഷയത്തില്‍ നടപടിയെടുക്കുമെന്ന മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നുള്ള മറുപടിയും ലഭിച്ചിട്ടുണ്ട്.
സബ് ജയില്‍ റോഡ് ഷൂട്ടിംഗിന് അനുവദിക്കണമെന്ന കത്ത് കഴിഞ്ഞദിവസം നഗരസഭയില്‍ ലഭിച്ചിരുന്നു. സ്പെഷ്യല്‍ കൗണ്‍സില്‍ കൂടിയാണ് ഇതിന് അനുമി നല്‍കിയത്. പൊതുജനങ്ങള്‍ക്കും വാഹനയാത്രയ്ക്കും തടസ്സം സൃഷ്ടിക്കാതെ ഷൂട്ടിംഗിന് അനുമതിയും നല്‍കി. എന്നാല്‍ കാരവാനുകളും ജനറേറ്റര്‍ വാഹനങ്ങളും അടക്കം ഈ ഇടുങ്ങിയ റോഡിലെത്തിച്ച് ഗതാഗതം ബ്ലോക്ക് ചെയ്താണ് ഷൂട്ടിംഗ് തുടങ്ങിയത്. ബൈപ്പാസില്‍ നിന്നും കട്ടക്കയം റോഡില്‍ നിന്നും എത്തിയ വാഹനങ്ങള്‍ കുടുങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കിനും ഇത് കാരണമായി.
ജയിലിന് തൊട്ടുചേര്‍ന്നുള്ള സിവില്‍ സ്റ്റേഷന്റെ പ്രവര്‍ത്തനത്തെയും ഷൂട്ടിംഗ് ബാധിച്ചു. കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് ആര്‍ഡി ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഓഫീസ് സമയം കഴിഞ്ഞ് പുറത്തിറങ്ങിയ ഉദ്യോഗസ്ഥരും കടന്നുപോകാന്‍ ഏറെ ബുദ്ധിമുട്ടി. ജയലില്‍ നടത്തിയ ഷൂട്ടിംഗും നിയമവിരുദ്ധമായി. ജയിലിന്റെ ബോര്‍ഡിന് മുകളില്‍ മുട്ടം സബ് ജയില്‍ എന്ന ബോര്‍ഡ് സ്ഥാപിച്ചു. ഇത് ക്രമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു. നിശ്ചിതസമയം കഴിഞ്ഞ് പുറത്തുനിന്നവരോ വാഹനമോ ജയില്‍ വളപ്പില്‍ ഉണ്ടാകാന്‍ പാടില്ല എന്ന കീഴ്‌വഴക്കം മറികടന്ന് രാത്രി ഏഴര വരെ ഷൂട്ടിംഗ് നീണ്ടു. ക്രെയിനും ജീപ്പും അടക്കം വളപ്പിനുള്ളില്‍ കടത്തുകയും ചെയ്തു. ഷൂട്ടിംഗിന് ആവശ്യമായ സൗകര്യം ചെയ്ത് കൊടുക്കണമെന്ന ഉന്നത നിര്‍ദേശത്തിന് മുന്നില്‍ ജയില്‍ സൂപ്രണ്ട് നിസഹായനായതായാണ് ലഭിക്കുന്ന വിവരം. സംഭവം ചര്‍ച്ചയായതോടെയാണ് നഗരസഭ മുഖ്യമന്ത്രിയ്ക്ക് തന്നെ പരാതി നല്‍കിയത്. ശനിയാഴ്ച ഉച്ചകഴിഞ്ഞ് ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നതിന് നഗരസഭ അനുമതി നല്‍കിയിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here