തിരുവനന്തപുരം: പാലക്കാട് ഉപതെരഞ്ഞെടുപ്പിലെ ഞെട്ടിക്കുന്ന തോൽവിയും വോട്ടുചോർച്ചയും ബി.ജെ.പിയിലെ അഭ്യന്തര കലഹം രൂക്ഷമാക്കി. കെ സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷ പദത്തിൽനിന്ന് മാറ്റണമെന്ന ആവശ്യം എതിർപക്ഷം ശക്തമാക്കി. സുരേന്ദ്രനെ മാറ്റണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്നിൽവെക്കാനാണ് നീക്കം. സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയാണ് പാലക്കാട്ടെ തോൽവിക്ക് പിന്നിലെന്ന് ഒരു വിഭാഗം ആരോപിക്കുന്നു. മികച്ച സ്ഥാനാർഥിയായിരുന്നെങ്കിൽ പാലക്കാട് മണ്ഡലത്തിൽ ജയിക്കാമായിരുന്നുവെന്ന നിലപാടാണ് സുരേന്ദ്രനെ എതിർക്കുന്നവർക്ക് ഉള്ളത്. സുരേന്ദ്രൻ ഇടപെട്ടാണ് സി കൃഷ്ണകുമാറിനെ വീണ്ടും സ്ഥാനാർഥിയാക്കിയതെന്നും ഇവർ പറയുന്നു.
സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്നിടത്തും പാർട്ടി നേതൃത്വം കണക്കുകൂട്ടിയ മുന്നേറ്റം ഉണ്ടാക്കാൻ ബി.ജെ.പിക്ക് സാധിച്ചില്ല. ചേലക്കരയിൽ നേരിയ വോട്ടുവർധന ഉണ്ടായെങ്കിലും പാലക്കാടും വയനാടും വൻ തിരിച്ചടിയാണ് ബി.ജെ.പിക്ക് ഉണ്ടായത്. സംസ്ഥാനത്ത് പാർട്ടി വിജയിക്കുമെന്ന വിലയിരുത്തുന്ന എ ക്ലാസ് മണ്ഡലങ്ങളിൽ മുന്നിലായിരുന്നു പാലക്കാട്. സംസ്ഥാന നേതാക്കളിൽ ആരെങ്കിലും സ്ഥാനാർഥിയായി എത്തിയിരുന്നെങ്കിൽ ജയിക്കാനാകുന്ന മണ്ഡലമാണ് പാലക്കാട് എന്ന് വിമതപക്ഷത്തെ നേതാക്കൾ പറയുന്നു.
സുരേന്ദ്രന്‍റെ നോമിനിയായി എത്തിയ പാലക്കാട്ടെ സ്ഥാനാർഥിയെ പാർട്ടി പ്രവർത്തകർ പോലും അംഗീകരിക്കുന്നില്ല എന്നതിന്‍റെ തെളിവാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വിമത പക്ഷം ചൂണ്ടി കാണിക്കുന്നു. വയനാട്ടിലും സുരേന്ദ്രന്‍റെ നോമിനിയാണ് സ്ഥാനാർഥിയായി എത്തിയത്. എന്നാൽ വോട്ടുവിഹിതത്തിൽ വൻ ഇടിവാണ് ഉണ്ടായത്.
തൃശൂരിലെ വിജയത്തിന് പകരമായി കോൺഗ്രസിന് പാലക്കാട് വോട്ട് മറിച്ച് നൽകുകയാണ് ഉണ്ടായതെന്ന ആരോപണവും നേതൃത്വത്തിനെതിരെ ഉയരുന്നുണ്ട്. കോൺഗ്രസുമായുള്ള ഡീൽ പ്രകാരമാണ് പൊതുവെ ജയസാധ്യതയില്ലാത്ത സ്ഥാനാർഥിയെ നിർത്തിയതെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. ബി.ജെ.പിക്ക് കഴിഞ്ഞ തവണ ലഭിച്ചതിനേക്കാൾ പതിനായിരത്തോളം വോട്ടുകളാണ് ഇത്തവണ കുറഞ്ഞത്. ഇത്രയും വോട്ട് യു.ഡി.എഫ് ഭൂരിപക്ഷത്തിൽ പ്രതിഫലിക്കുകയും ചെയ്തു. ഇതോടെയാണ് കോൺഗ്രസുമായുള്ള ഡീൽ ആരോപണം ബിജെപി നേതൃത്വത്തിനെതിരെ വിമതപക്ഷം ശക്തമാക്കുന്നത്.
അതിനിടെ പാലക്കാട്ടെ തോൽവിക്ക് പിന്നാലെ ബിജെപി സ്ഥാനാർഥി കൃഷ്ണകുമാറിനെതിരെ ദേശീയ സമിതി അംഗം എൻ. ശിവരാജൻ രംഗത്തെത്തി. കൃഷ്ണകുമാർ അധികാര മോഹിയാണെന്നും പകരം കെ സുരേന്ദ്രനോ ശോഭാ സുരേന്ദ്രനോ വി മുരളീധരനോ മൽസരിച്ചിരുന്നെങ്കിൽ ഒരു വോട്ടിനെങ്കിലും ബി.ജെ.പിക്ക് ജയിക്കാൻ കഴിയുമായിരുന്നുവെന്നും ശിവരാജൻ പറഞ്ഞു. സന്ദീപ് വാര്യർ പാർട്ടി വിട്ടുപോയതെന്നും തിരിച്ചടിയായെന്നും ഇദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here