മുൻ എംഎൽഎ ആയിരുന്ന ഷാഫി പറമ്പിലിന്‍റെ ഏകാധിപത്യവും ധാർഷ്ട്യവും നിറഞ്ഞ നടപടികളിൽ പ്രതിഷേധിച്ച് പാലക്കാട് കോൺഗ്രസിൽനിന്ന് നേതാക്കളും പ്രവർത്തകരും വ്യാപകമായി കൊഴിഞ്ഞപോകുന്നത് തുടരുന്നു. ഏറ്റവും ഒടുവിൽ ദളിത് കോൺഗ്രസ് പിരായിരി മണ്ഡലം പ്രസിഡന്റ് കെ എ സുരേഷാണ് കോൺഗ്രസിൽനിന്ന് പുറത്തുവന്നത്. കഴിഞ്ഞ ദിവസം കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജി ശശിയും പിരായിരി പഞ്ചായത്ത് മെമ്പർ സിത്താരയും പാർട്ടിയിൽനിന്ന് പുറത്തുവന്നിരുന്നു. കോൺഗ്രസിൽനിന്ന് വിട്ടുവന്നവരെല്ലാം ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാർഥി ഡോ. പി സരിനുവേണ്ടി പ്രചരണം ആരംഭിച്ചിട്ടുണ്ട്.
ഷാഫിയുടെ ഏകാധിപത്യ നിലപാടിൽ പ്രതിഷേധിച്ചാണ് പാർട്ടിയിൽനിന്ന് രാജിവെക്കുന്നതെന്ന് കെ എ സുരേഷ് വ്യക്തമാക്കിയിട്ടുണ്ട്. ഷാഫിയുടെ അടുപ്പക്കാർക്ക് മാത്രമാണ് പാർട്ടിയിൽ നേട്ടം. അവഗണനയെക്കുറിച്ച് പല തവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നു സുരേഷ് കൈരളി ന്യൂസിനോട് പറഞ്ഞു. ഇനി മണ്ഡലത്തിൽ സരിന് വേണ്ടി പ്രവർത്തിക്കുമെന്നും സുരേഷ് വ്യക്തമാക്കി. കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷനേതാവ് വി ഡി സതീശനും രേഖാമൂലം പരാതി നൽകിയിട്ടും പ്രശ്‌നങ്ങൾ പരിഹരിച്ചില്ലെന്ന് കഴിഞ്ഞ ദിവസം കോൺഗ്രസിൽനിന്ന് രാജിവെച്ച ശശിയും സിത്താരയും പറഞ്ഞു. ഇവരെ അനുനയിപ്പിക്കാൻ വി കെ ശ്രീകണ്ഠൻ എം.പി നടത്തിയ നീക്കവും പരാജയപ്പെടുകയും ചെയ്തിരുന്നു.
സമാനതകളില്ലാത്ത പ്രതിസന്ധിയിലൂടെയാണ് പാലക്കാട് കോൺഗ്രസ് നേതൃത്വം കടന്നുപോകുന്നത്. ഷാഫി പറമ്പിൽ രാജിവെച്ചതിനെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതുമുതൽ തുടങ്ങിയതാണ് പാലക്കാട്ടെ കോൺഗ്രസിനുള്ളിലെ പൊട്ടിത്തെറി. കെപിസിസിയുടെ സോഷ്യൽ മീഡിയ പ്രചാരണത്തിന്‍റെ മുഖ്യസൂത്രധാരനായി പ്രവർത്തിച്ചിരുന്ന ഡോ. പി സരിൻ പാർട്ടി വിടുകയും തുടർന്ന് എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയാകുകയും ചെയ്തു. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് നേതാവായിരുന്ന എ കെ ഷാനിബ് ഉൾപ്പടെയുള്ളവർ കോൺഗ്രസിൽനിന്ന് പുറത്തുവന്നിരുന്നു. കോൺഗ്രസിനകത്തെ ഏകാധിപത്യ പ്രവണതകളിൽ പ്രതിഷേധിച്ച് നിരവധി പ്രവർത്തകരാണ് പാർട്ടി വിടുന്നത്. ബിജെപി അനുകൂലനിലപാടുകൾ നേതൃത്വം സ്വീകരിക്കുന്നതിൽ പ്രതിഷേധിച്ചാണ് പി സരിൻ പാർട്ടി വിട്ടത്.
Also Read- ഷാഫിയുടെ ഏകാധിപത്യം; പാലക്കാട് കോൺഗ്രസിൽ മനം മടുത്ത് പ്രവർത്തകർ പാർട്ടി വിടുന്നു
വർഷങ്ങളോളം എംഎൽഎ ആയിരുന്ന ഷാഫി പറമ്പിൽ കൈക്കൊണ്ട ഏകാധിപത്യ നിലപാടുകളാണ് പാലക്കാട്ടെ കോൺഗ്രസിനെ ഈ തെരഞ്ഞെടുപ്പ് കാലത്ത് അക്ഷരാർഥത്തിൽ കൂടുതൽ പ്രതിരോധത്തിലേക്ക് തള്ളിവിട്ടിരിക്കുന്നത്. പാർട്ടി വിട്ടവരെല്ലാം ഷാഫി പറമ്പിലിനെതിരെ രൂക്ഷമായ വിമർശനവും ആരോപണവുമാണ് ഉന്നയിച്ചിട്ടുള്ളത്. രാഹുൽ മാങ്കൂട്ടത്തിൽ ഷാഫി പറമ്പിലിന്‍റെ സ്ഥാനാർഥിയാണെന്ന് വ്യക്തമാക്കുന്ന പാലക്കാട് ഡിസിസിയുടെ കത്ത് പുറത്തുവന്നത് കോൺഗ്രസിലെ പ്രതിസന്ധി ആഴമുള്ളതാക്കി. കെ മുരളീധനെ സ്ഥാനാർഥിയാക്കണമെന്ന നിർദേശമാണ് കോൺഗ്രസ് ജില്ലാ നേതൃത്വം മുന്നോട്ടുവെച്ചത്. എന്നാൽ ഷാഫി പറമ്പിലും വി ഡി സതീശനും ഉൾപ്പെടുന്ന കോക്കസ് ഈ നിർദേശം വെട്ടിയാണ് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നത്.
Also Read- കെ മുരളീധരൻ തുലാവർഷം പോലെ ആദ്യ പകുതിയിൽ നന്നായി പെയ്യും പരിഹാസവുമായി വി ഡി സതീശൻ
ഷാഫി പറമ്പിൽ ബിജെപിയുമായി ഉണ്ടാക്കിയ ഡീലാണ് പാലക്കാട്ട് രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കുന്നതിലേക്ക് എത്തിച്ചതെന്ന് പി സരിനും ഷാനിബും ഉൾപ്പടെയുള്ളവർ ആരോപിച്ചിരുന്നു. പ്രതിപക്ഷനേതാവ് വി ഡി സതീശന്‍റെ നേതൃത്വത്തിലും ബിജെപിയുമായി ഡീൽ ഉണ്ടെന്ന ആരോപണവും പാലക്കാട് പാർട്ടി വിട്ട നേതാക്കൾ ഉന്നയിച്ചിട്ടുണ്ട്. ഈ ആരോപണങ്ങളിലൊന്നും കൃത്യമായ മറുപടി നൽകാൻ ഷാഫി പറമ്പിലിനോ വി ഡി സതീശനോ കഴിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളിൽ ന്യായീകരിക്കാൻ രംഗത്തെത്തിയ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ മാധ്യമങ്ങളുടെ മുന്നിൽ അപഹാസ്യനാകുകയും കത്തിനെക്കുറിച്ചുള്ള ചോദ്യം നേരിടാതെ ഓടിരക്ഷപ്പെടുകയും ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here