പാലക്കാട് പൂക്കോട്ടുകാവ് പഞ്ചായത്തിലെ ഉപതെരഞ്ഞടുപ്പിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച പി മനോജിന് ഉജ്ജ്വല വിജയം. പ്രദേശത്ത് ബിജെപി – കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ടിൽ പ്രതിഷേധിച്ചായിരുന്നു മനോജിന്‍റെ രാജി.
ശ്രീകൃഷ്ണപുരത്ത് ബിജെപിയുമായി കോൺഗ്രസ് അവിശുദ്ധ കൂട്ടുകെട്ട് കൊണ്ടുനടക്കുന്നതിൽ പ്രതിഷേധിച്ചായിരുന്നു മനോജ് ഏഴാം വാർഡ് മെമ്പർ സ്ഥാനവും പാർട്ടി അംഗത്വവും രാജി വെച്ചത്. മനോജിന്‍റെ രാജിയെ തുടർന്നാണ് വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടന്നത്. തുടർന്ന് സിപിഐഎമ്മിൽ ചേർന്ന് അതേവാർഡിൽ തന്നെ ചുറ്റിക അരിവാൾ നക്ഷത്ര ചിഹ്നത്തിൽ മത്സരിക്കുകയായിരുന്നു. 303 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് വിജയം ഇത്തവണ മനോജിന്‍റെ വിജയം. വിജയിച്ച സ്ഥാനാർത്ഥിയെ എംഎൽഎ കെ പ്രേംകുമാറിന്‍റെ നേതൃത്വത്തിൽ സ്വീകരിച്ചു.
എൽഡിഎഫ് സർക്കാരിന്‍റെയും പഞ്ചായത്ത് ഭരണസമിതിയുടെയും വികസന പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് തന്‍റെ വിജയമെന്ന് മനോജ് പ്രതികരിച്ചു.
വാർഡിന്‍റെ ചരിത്രത്തിലെ തന്നെ റെക്കോർഡ് ഭൂരിപക്ഷമാണ് മനോജിന് ലഭിച്ചത്. ആകെ പോൾ ചെയ്ത 784 വോട്ടിൽ 513 വോട്ടുകളാണ് എൽഡിഎഫ് നേടിയത്. യുഡിഎഫ് സ്ഥാനാർഥി 210 വോട്ടുകളും ബിജെപി സ്ഥാനാർഥി 61 വോട്ടുകളും നേടി. കഴിഞ്ഞ വർഷം വാർഡിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്തിയിരുന്നില്ല. മനോജിന്‍റെ വിജയത്തോടെ പഞ്ചായത്തിലെ എൽഡിഎഫ് അംഗങ്ങളുടെ എണ്ണം ഒൻപതായി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here