പാലക്കാട്ടെ പൊലീസ് പരിശോധന, തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്രസ് എന്തുകൊണ്ടാണ് പരിശോധനകളെ ഭയക്കുന്നതെന്ന് മന്ത്രി കെ. രാജൻ. ഇരട്ടി വോട്ടിൽ വിജയിക്കുമെന്ന സുധാകരൻ്റെ പ്രസ്താവന കാര്യങ്ങൾ വ്യക്തമാക്കുന്നുണ്ടെന്നും പൊലീസ് ടി.വി. രാജേഷിൻ്റേതുൾപ്പെടെയുള്ള മുറികൾ പരിശോധിച്ചിട്ടുണ്ടെന്നും മന്ത്രി കെ രാജൻ പറഞ്ഞു. ഹോട്ടലിൽ ഇലക്ഷൻ കമ്മീഷൻ്റെ നിർദ്ദേശപ്രകാരമായിരിക്കും പൊലീസ് പരിശോധിക്കുക. പരിശോധിക്കുമ്പോൾ അവിടെ വനിതാ പൊലീസ് ഉണ്ടായിരുന്നതാണെന്നും കോൺഗ്രസ് ഇപ്പോൾ മറിച്ച് പ്രചാരണം നടത്തുന്നത് രാഷ്ട്രീയ ലാഭം കൊയ്യാൻ ആണെന്ന് മനസ്സിലാകുമെന്നും മന്ത്രി കെ. രാജൻ പറഞ്ഞു.
അതേസമയം, ഇന്നലെ രാത്രി പന്ത്രണ്ടരയോടെയാണ് പാലക്കാട് ഉപതെരഞ്ഞെടുപ്പിൻ്റെ അട്ടിമറി ലക്ഷ്യമിട്ടു കൊണ്ട് കോൺഗ്രസ് പ്രവർത്തകർ ഒരു തമിഴ്നാട് രജിസ്ട്രേഷൻ വാഹനത്തിൽ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് വൻതോതിൽ പണം എത്തിച്ചെന്ന വിവരം പൊലീസിന് ലഭിക്കുന്നത്. തുടർന്ന് പൊലീസ് ഹോട്ടലിൽ പരിശോധനക്കെത്തുകയും കോൺഗ്രസ് നേതാക്കളായ ബിന്ദുകൃഷ്‌ണ, ഷാനിമോൾ ഉസ്‌മാൻ എന്നിവരുടെ മുറികളിൽ പരിശോധന നടത്തുകയും ചെയ്തിരുന്നു. എന്നാൽ, ഷാനിമോൾ ഉസ്മാൻ്റെ മുറി പരിശോധിക്കുന്നത് കോൺഗ്രസ് പ്രവർത്തകർ അകാരണമായി ഇടപെട്ട് വൈകിപ്പിച്ചെന്നും കള്ളപ്പണം മാറ്റാനായിരുന്നു മന.പൂർവം പരിശോധന വൈകിപ്പിച്ചതെന്നുമാണ് എൽഡിഎഫ് പ്രവർത്തകരുടെ ആരോപണം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here