വീട്ടില്‍ വഴക്കിട്ടിറങ്ങിയ ആസാം ബാലന് പന്തളം ജനമൈത്രി പൊലീസ് തുണയായി

ആസാമില്‍ നിന്നും വീട് വീട്ടിറങ്ങി ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലെത്തി, വഴിതെറ്റിയലഞ്ഞ പതിനഞ്ചുകാരന് പന്തളം ജനമൈത്രി പൊലീസ് തുണയായി. ആഗസ്റ്റ് 30 ന് രാത്രി സംശയകരമായ സാഹചര്യത്തില്‍ പന്തളം കടയ്ക്കാട് ചുറ്റിത്തിരിഞ്ഞ കുട്ടിയോട് പോലീസ് ഉദ്യോഗസ്ഥര്‍ വിവരം തിരക്കിയപ്പോഴാണ് ആസാമിലെ വീട്ടില്‍ നിന്നും വഴക്കിട്ടിറങ്ങിയതാണെന്ന് മനസ്സിലായത്. നാട്ടില്‍ നിന്നും ട്രെയിന്‍ കയറി ചെങ്ങന്നൂരെത്തുകയും, അവിടെ നിന്നും അതേ ട്രെയിനില്‍ യാത്രക്കാരായിരുന്ന ഇതരസംസ്ഥാന തെഴിലാളികള്‍ക്കൊപ്പം കടയ്ക്കാടെത്തുകയുമായിരുന്നു. കാര്യങ്ങള്‍ ചോദിച്ചറിഞ്ഞശേഷം, പന്തളം പോലീസ് ഇന്‍സ്പെക്ടര്‍ ടിഡി പ്രജീഷിന്റെ നിര്‍ദ്ദേശാനുസരണം കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിക്ക് മുമ്പാകെ ഹാജരാക്കി. തുടര്‍ന്ന്, സി ഡബ്ല്യൂ സിയുടെ നിര്‍ദേശപ്രകാരം താല്‍ക്കാലിക സംരക്ഷണം പറന്തല്‍ ആശ്രയ ശിശു ഭവന്‍ ഏറ്റെടുത്തു.

Also Read: പത്തു വയസുകാരൻ ബസിടിച്ച് മരിച്ച സംഭവം; ബസ് ഡ്രൈവറെ പൊലീസ് അറസ്റ്റ്

പിന്നീട് പൊലീസ് ഇന്‍സ്പെക്ടറുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തില്‍ കുട്ടിയുടെ അമ്മയുടെ വിലാസം കണ്ടെത്തി വിവരം അവരെ ധരിപ്പിച്ചു. കുട്ടിയെ കണ്ടുകിട്ടാതെ വിഷമത്തില്‍ കഴിഞ്ഞുവന്ന അമ്മയ്ക്ക് പോലീസിന്റെ അവസരോചിതമായ ഇടപെടല്‍ കാരണം ആപത്തൊന്നും പിണയാതെ പൊന്നോമനയെ തിരിച്ചുകിട്ടുകയായിരുന്നു. നാട്ടില്‍ നിന്നും ട്രെയിന്‍ കയറി അവര്‍ കഴിഞ്ഞ ദിവസം പന്തളം പോലീസ് സ്റ്റേഷനില്‍ എത്തി. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയശേഷം എസ് ഐ പി കെ രാജന്‍, ജനമൈത്രി ബീറ്റ് ഓഫീസര്‍ കെ അമീഷ്, സിപി ഒ സുരേഷ് എന്നിവര്‍ അമ്മയ്ക്കൊപ്പം ശിശുഭവനിലെത്തി കുട്ടിയെ ഏറ്റുവാങ്ങി.

Also Read: ആനക്കയം ചേപ്പൂർ കടലുണ്ടിപ്പുഴയിൽ യുവാവ് മുങ്ങി മരിച്ചു

കാണാതായ മകനെ തിരികെക്കിട്ടിയ സന്തോഷത്താല്‍ ആനന്ദക്കണ്ണീരൊഴുക്കിയ അമ്മ എല്ലാവര്‍ക്കും ഹൃദയപൂര്‍വ്വം നന്ദിയും കടപ്പാടുമറിയിച്ചു. നാട്ടിലേക്കുള്ള മടക്കയാത്രയ്ക്ക് ട്രെയിന്‍ ടിക്കറ്റ് എടുക്കാന്‍ പണമില്ലാത്ത ദുരവസ്ഥ മനസ്സിലാക്കിയ പോലീസ്, ജനമൈത്രി സമിതി അംഗങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകന്‍ രഘു പെരുംപുളിക്കലിന്റെയും സഹകരണത്തോടെ അതിനും പരിഹാരം കണ്ടു. ജനമൈത്രി സമതി അംഗം കൂടിയായ ആശ്രയ ശിശുഭവന്‍ വൈസ് പ്രസിഡന്റ് റെജി പത്തിയിലും, അമ്മയുടെയും മകന്റെയും യാത്രയ്ക്കും മറ്റുമുള്ള എല്ലാ ക്രമീകരണങ്ങള്‍ക്കും പോലീസുദ്യോഗസ്ഥര്‍ക്കൊപ്പമുണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News