താന്‍ ജയിച്ചില്ലെങ്കില്‍ ബിജെപി ജയിക്കട്ടെ എന്നതാണ് ശശി തരൂരിന്റെ മനോഭാവം; പന്ന്യന്‍ രവീന്ദ്രന്‍ മത്സരിക്കുന്നത് വിജയിക്കാന്‍: മന്ത്രി വി ശിവന്‍കുട്ടി

ജനങ്ങളുടെ പള്‍സ് അറിയാന്‍ സാധിക്കാത്ത സ്ഥാനാര്‍ത്ഥിയാണ് ശശി തരൂര്‍ എന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. പന്ന്യന്‍ രവീന്ദ്രന്‍ എന്തിനാണ് മത്സരിക്കുന്നത് എന്ന ശശി തരൂരിന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു മന്ത്രി. തിരുവനന്തപുരത്തുനിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ജയിച്ചാലും ബിജെപി സ്ഥാനാര്‍ത്ഥി ജയിച്ചാലും ഗുണം ബിജെപിയ്ക്കാണ് എന്ന സ്ഥിതിയാണ് നിലവിലുള്ളത്. കോണ്‍ഗ്രസ് എംപിമാരെ വിശ്വസിക്കാന്‍ കൊള്ളില്ല. എപ്പോള്‍ വേണമെങ്കിലും കോണ്‍ഗ്രസ് നേതാക്കള്‍ മറുകണ്ടം ചാടും എന്നതിന് നിരവധി ഉദാഹരണങ്ങള്‍ ഉണ്ട്.

താന്‍ ജയിച്ചില്ലെങ്കില്‍ ബിജെപി ജയിക്കട്ടെ എന്നതാണ് ശശി തരൂരിന്റെ മനോഭാവം. തിരുവനന്തപുരത്ത് കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം എന്നാണ് ശശി തരൂര്‍ പറയുന്നത്. കേരളത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ കോണ്‍ഗ്രസും ബിജെപിയും തമ്മിലാണ് മത്സരം എന്ന അഭിപ്രായം കോണ്‍ഗ്രസ് നേതൃത്വത്തിന് ഉണ്ടോ. പ്രചാരണ രംഗത്ത് പണക്കൊഴുപ്പ് കാണിക്കുന്നതാണ് ജനകീയതയുടെയും വോട്ടിന്റെയും മാനദണ്ഡം എന്നാണ് ശശി തരൂര്‍ മനസ്സിലാക്കിയിരിക്കുന്നത്. കോടികള്‍ അറിഞ്ഞാലും വര്‍ഗീയതയ്ക്ക് അനുകൂലമായി കേരളീയ ജനതയുടെ മനസ്സ് പിടിച്ചെടുക്കല്‍ അസാധ്യമാണ്. പരാജയഭീതി ശശി തരൂരിനെ വലയ്ക്കുന്നുണ്ട്.

Also Read: ‘വീട്ടില്‍ വോട്ട്’: ഇതുവരെ വോട്ടു രേഖപ്പെടുത്തിയവര്‍ 81 ശതമാനം

സാധാരണക്കാരുടെ നേതാവായി ഉയര്‍ന്നുവന്ന് എല്ലാ വിഭാഗങ്ങളുടെയും പിന്തുണ നേടി തിരുവനന്തപുരം പാര്‍ലമെന്റ് മണ്ഡലത്തില്‍ തന്നെ വിജയിച്ചിട്ടുള്ള സ്ഥാനാര്‍ത്ഥിയാണ് പന്ന്യന്‍ രവീന്ദ്രന്‍. പന്ന്യന്‍ രവീന്ദ്രന്‍ എംപി ആയിരിക്കെയാണ് തിരുവനന്തപുരം മണ്ഡലത്തില്‍ എംപി ഫണ്ട് കാര്യമായി ചെലവഴിക്കപ്പെട്ടത്. നിരവധി പദ്ധതികള്‍ പന്ന്യന്‍ രവീന്ദ്രന്‍ മുന്‍കൈയെടുത്ത് കൊണ്ടുവന്നു. ഹ്രസ്വകാലം പന്ന്യന്‍ രവീന്ദ്രന്‍ എംപി ആയിരുന്നപ്പോഴും ഒന്നര പതിറ്റാണ്ട് ശശി തരൂര്‍ എംപി ആയിരുന്നപ്പോഴും ഉള്ള വ്യത്യാസം ജനങ്ങള്‍ക്ക് അറിയാം. ഇത്തവണ തിരുവനന്തപുരത്തുനിന്ന് ഇടതുപക്ഷ ജനാധിപത്യമുന്നണി സ്ഥാനാര്‍ഥി വിജയിക്കുമെന്ന അങ്കലാപ്പ് ആണ് ശശി തരൂരിന് ഉള്ളത് എന്നും മന്ത്രി വി ശിവന്‍കുട്ടി ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News