പാലക്കാട് ഒറ്റപ്പാലത്ത് നിർത്തിയിട്ട വാഹനം കുട്ടികൾ സ്റ്റാർട്ട് ചെയ്തതിനെ തുടർന്ന് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചു. ഈസ്റ്റ് ഒറ്റപ്പാലത്ത് ഇന്നലെ ഉച്ചയ്ക്ക് 1.30 നായിരുന്നു അപകടം. ബേക്കറിയിലേക്ക് എത്തിയവരുടെ ഒപ്പം വന്ന കുട്ടികൾ അറിയാതെ കാർ സ്റ്റാർട്ട് ചെയ്യുകയായിരുന്നു. റോഡ് മുറിച്ച് കടന്ന് എതിർ ഭാഗത്തുള്ള കടയുടെ മതിലിൽ ഇടിച്ചു കാർ നിന്നു. എതിർവശത്ത് നിന്ന് വാഹനങ്ങൾ വരാത്തതും ഫുഡ്‌പാത്തിൽ ആളുകൾ ഇല്ലാതിരുന്നതിനാലും വലിയൊരു അപകടമാണ് ഒഴിവായത്.
അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നതിന് പിന്നാലെ പൊലീസും മോട്ടോര്‍ വാഹന വകുപ്പും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആരുടെതാണ് കാറെന്നും എങ്ങനെയാണ് അപകടമുണ്ടായതെന്നതുമടക്കമുള്ള കാര്യങ്ങള്‍ അന്വേഷിച്ചു വരുകയാണെന്നും പൊലീസ് അറിയിച്ചു.
ഇന്നലെ ഈസ്റ്റ് ഒറ്റപ്പാലത്തായിരുന്നു സംഭവം. റോഡരികിൽ നിര്‍ത്തിയ കാറിൽ നിന്ന് ഡ്രൈവര്‍ ഇറങ്ങി നിൽക്കുന്നതും മറ്റൊരാളുമായി സംസാരിച്ചു നിൽക്കുന്നതും സിസിടിവിയിൽ കാണാം. ഇതിനിടെ വാഹനം മുന്നോട്ട് നീങ്ങുകയായിരുന്നു. കൂടെ ഓടിയ കാറുടമ ഡോര്‍ തുറന്ന് വാഹനം നിര്‍ത്താൻ ശ്രമിച്ചെങ്കിലും റോഡിന്‍റെ മധ്യത്തിൽ തെറിച്ച് വീഴുകയായിരുന്നു. ഇതിനുശേഷമാണ് കാര്‍ മുന്നോട്ട് നീങ്ങി മതിലിൽ ഇടിച്ച് നിന്നത്. കാര്‍ മുന്നോട്ട് നീങ്ങുന്നതിന് സെക്കന്‍ഡുകള്‍ക്ക് മുമ്പ് രണ്ടു ദിശയിൽ നിന്നും ബസും മറ്റു കാറുകളും പോകുന്നത് കാണാം. മറ്റ് വാഹനങ്ങളിൽ ഇടിക്കാത്തതിനാൽ വൻ അപകടമാണ് ഒഴിവായത്. സംഭവം നടന്ന സ്ഥലത്തുള്ള കടയുടെ ഉടമയാണ് സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here