ഗൗതം അദാനിയുടെ കൈക്കൂലിയും സാമ്പത്തിക തട്ടിപ്പും ചട്ടം 267 പ്രകാരം ചര്‍ച്ച ചെയ്യണമെന്ന പ്രതിപക്ഷ ആവശ്യത്തില്‍ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം തന്നെ പാര്‍ലമെന്റ് പ്രഷുബ്ധമായി. സഭ ആരംഭിച്ച ഉടന്‍ 12 മണി വരെ നിര്‍ത്തിവച്ചെങ്കിലും പ്രതിപക്ഷ ബഹളം ശക്തമായതോടെ 27വരെ പിരിയുന്നതായി അധ്യക്ഷന്മാര്‍ ഇരുസഭകളെയും അറിയിച്ചു. ഡോ. ജോണ്‍ ബ്രിട്ടാസ് എംപി അടക്കം പ്രതിപക്ഷ എംപിമാര്‍ അദാനിയുടെ ഇടപാടുകളും സാമ്പത്തിക തട്ടിപ്പുകളും ഓഹരി വില്‍പ്പനയിലെ ക്രമക്കേടുകളും കല്‍ക്കരി വില വര്‍ദ്ധന തുടങ്ങിയവ വിശദമായി ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നു. രാജ്യസഭയില്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ അദാനി വിഷയം ഉന്നയിച്ചെങ്കിലും ചര്‍ച്ച ചെയ്യാനാവില്ലെന്ന് രാജ്യസഭാ ചെയര്‍മാന്‍ ജഗദീപ് ധന്‍ഖര്‍ നിലപാട് സ്വീകരിച്ചു. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയായിരുന്നു.
ALSO READ; ആരാകും അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രി ? മുംബൈയിൽ തിരക്കിട്ട ചർച്ചകൾ
ലോക്‌സഭയിലും അദാനി വിഷയവും മണിപ്പുര്‍ കലാപവും യുപിയിലെ വര്‍ഗീയ സംഘര്‍ഷവും അടിയന്തര പ്രമേയ നോട്ടീസായി എത്തി. സിപിഐഎം എംപി കെ രാധാകൃഷ്ണന്‍ വയനാട് ദുരന്തവും അടിയന്തര പ്രമേയ നോട്ടീസായി നല്‍കിയിരുന്നു. എന്നാല്‍ സഭ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം അദാനി വിഷയം ഉന്നയിച്ച് നടുത്തളത്തിലിറങ്ങിയതോടെ ലോക്‌സഭയും പിരിഞ്ഞു. പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചുകൊണ്ടായിരുന്നു നരേന്ദ്രമോദി പാര്‍ലമെന്റിലെത്തിയത്. അധികാരമോഹമുളള പാര്‍ട്ടികളെ ജനങ്ങള്‍ വലിച്ചെറിഞ്ഞുവെന്നും ഇവര്‍ പാര്‍ലമെന്റ് നടപടികള്‍ തടസ്സപ്പെടുത്താന്‍ ആഗ്രഹിക്കുന്നതായും നരേന്ദ്രമോദി കോണ്‍ഗ്രസിനെ പരിഹസിച്ചു.
അന്തരിച്ച സിപിഐഎം മുന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് രാജ്യസഭയും മുന്‍ ലോക്‌സഭാംഗം കൂടിയായ സിപിഐഎം നേതാവ് എം എം ലോറന്‍സിന് ലോക്‌സഭയും ആദരാജ്ഞലി അര്‍പ്പിച്ചുകൊണ്ടായിരുന്നു ഇരുസഭകളും ആരംഭിച്ചത്.
ഭരണഘടന അംഗീകരിച്ചതിന്റെ 75-ാം വാര്‍ഷികാഘോഷം നാളെ പഴയ പാര്‍ലമെന്റ് മന്ദിരത്തിലെ സെന്‍ട്രല്‍ ഹാളില്‍ സംഘടിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here