ജഗദീപ് ധൻകറിനെ പ്രതിരോധിക്കാനായി ജോർജ് സോറോസ് വിഷയം സഭയിൽ ആളിക്കത്തിച്ച് ബിജെപി, പാർലമെൻ്റ് ഇന്നും പ്രക്ഷുബ്ധം

അദാനി, സോറോസ്, മണിപ്പൂര്‍ വിഷയങ്ങളില്‍ പാര്‍ലമെൻ്റ് ഇന്നും പ്രഷുബ്ധം. ജോര്‍ജ് സോറോസ് വിഷയം രാജ്യസഭയിലും ലോക്‌സഭയിലും ഉയര്‍ത്തി ബിജെപി അംഗങ്ങള്‍. അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭാധ്യക്ഷന്‍ ജഗദീപ് ധന്‍ഖറിന് പൂര്‍ണ പിന്തുണ നല്‍കുന്നതായി  കിരണ്‍ റിജിജുവും ജെപി നദ്ദയും അറിയിച്ചു. പ്രതിഷേധം ശക്തമായതോടെ രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു. ലോക്‌സഭ രണ്ടു മണിവരെ നിര്‍ത്തിവച്ചു.

രാജ്യസഭയിലും ലോക്‌സഭയിലും ജോര്‍ജ് സോറോസ് വിഷയം ഉന്നയിച്ച് പ്രതിരോധം തീര്‍ക്കുകയാണ് ബിജെപി. രാജ്യസഭ ചേര്‍ന്നയുടന്‍ പാര്‍ലമെൻ്ററി കാര്യമന്ത്രി കിരണ്‍ റിജിജു പ്രതിപക്ഷത്തിൻ്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ ചെയര്‍മാന്‍ ജദഗീപ് ധന്‍ഖറിന് പൂര്‍ണ പിന്തുണ അറിയിച്ചു. തുടര്‍ന്ന് പതിവ് പോലെ ജോര്‍ജ് സോറോസ് വിഷയം ഉയര്‍ത്തി കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ചു. കോണ്‍ഗ്രസ് രാജ്യത്തോട് മാപ്പ് പറയണമെന്ന് കിരണ്‍ റിജിജുവും ജെ പി നദ്ദയും ആവശ്യപ്പെട്ടതോടെ പ്രതിഷേധം ശക്തമായി.

ALSO READ: രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി

ഭരണപക്ഷ എംപിമാര്‍ക്ക് സംസാരിക്കാന്‍ അവസരം നല്‍കിയ രാജ്യസഭാ ചെയര്‍മാന്‍ പ്രതിപക്ഷത്തിന് ഇന്നും സമയം അനുവദിച്ചില്ല. ഇതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുകയും ഒരു തവണ നിര്‍ത്തിവച്ച രാജ്യസഭ നാളത്തേക്ക് പിരിയുകയും ചെയ്തു.

ലോക്‌സഭയില്‍ ചോദ്യോത്തര വേളയും മറ്റ്‌ നടപടിക്രമങ്ങളും തടസ്സമില്ലാതെ നീങ്ങിയെങ്കിലും മണിപ്പൂര്‍ വിഷയം പ്രതിപക്ഷം ഉയര്‍ത്തിയതോടെ ബഹളത്തില്‍ കലാശിച്ചു. മണിപ്പൂരില്‍ സമാധാനം പുന.സ്ഥാപിക്കുന്നതില്‍ കേന്ദ്രസര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നും സോറോസ് ഉയര്‍ത്തി വിഷയം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും ഗൗരവ് ഗൊഗോയ് ആരോപിച്ചു. ഇതോടെ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ കോണ്‍ഗ്രസിനെതിരെ സോറോസ് ആരോപണം ആവര്‍ത്തിച്ചതോടെ ലോക്‌സഭയും പ്രഷുബ്ധമായി. അദാനി വിഷയത്തില്‍ ഇന്നും സഭയ്ക്ക് പുറത്ത് പ്രതിപക്ഷത്തിൻ്റെ വേറിട്ട പ്രതിഷേധമുണ്ടായി. റോസാപ്പൂക്കളും ഇന്ത്യന്‍ പതാകയുമേന്തിയായിരുന്നു പ്രതിഷേധം. ലോക്‌സഭയിലേക്ക് എത്തിയ രാജ്‌നാഥ് സിങ്ങിന് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി റോസാപ്പൂവും ത്രിവര്‍ണ പതാകയും നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News