ഇമ്രാൻ ജയിലിൽ തുടരുന്നു; പാക്കിസ്ഥാൻ പാർലമെൻ്റ് പ്രസിഡൻ്റ് പിരിച്ചുവിട്ടു

പാക്കിസ്ഥാനിൽ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിൻ്റെ നിർദേശപ്രകാരം പാർലമെൻറ് പിരിച്ചുവിട്ട് പ്രസിഡൻ്റ് ആരിഫ് ആൽവി. പുതിയ ഇടക്കാല സർക്കാരിനെയും ഉടൻ പ്രഖ്യാപിക്കും. 90 ദിവസത്തിനകം തെരഞ്ഞെടുപ്പ് നടത്താൻ തയ്യാറെടുക്കുമ്പോഴും ഇമ്രാൻ ഖാൻ ജയിലിലാണ്.
പാക്കിസ്ഥാൻ പാർലമെൻറ് കാലാവധി പൂർത്തിയാകുന്നതിന് ഇനിയും ദിവസങ്ങൾ ശേഷിക്കേ ഭരണഘടനാ അനുച്ഛേദം 58 പ്രകാരം അധോസഭയായ ജനറൽ അസംബ്ലി പിരിച്ചുവിടുകയാണ് സർക്കാർ. ഷഹബാസ് ഷെരീഫ് സർക്കാരിൻറെ ഉപദേശ പ്രകാരം പ്രസിഡൻ്റ് ആരിഫ് ആൽവി തൻ്റെ ഓഫീസായ ഐവാൻ ഇ സാദർ വഴിയാണ് പാർലമെൻറ് പിരിച്ചുവിട്ടുകൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. കാലാവധി പൂർത്തിയായതിന് ശേഷം പിരിച്ചുവിട്ടാൽ തെരഞ്ഞെടുപ്പിന് 60 ദിവസം ലഭിക്കുമെങ്കിൽ കാലാവധിക്ക് മുമ്പെ തന്നെ പിരിച്ചുവിട്ടാൽ 90 ദിവസം ലഭിക്കും. അതുകൊണ്ട് നവംബറിനുള്ളിൽ പാക്കിസ്ഥാൻ തെരഞ്ഞെടുപ്പിലേക്ക് കടക്കുമെന്നും ഉറപ്പായിക്കഴിഞ്ഞു.
തെരഞ്ഞെടുപ്പ് നടത്താൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സഹായിക്കാനായി ഇടക്കാല പ്രധാനമന്ത്രിയെയും സർക്കാരിനെയും ഒരാഴ്ചക്കകം തെരഞ്ഞെടുത്തേക്കും. പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാജാ റിയാസും ചേർന്നാണ് ആർട്ടിക്കിൾ 224 എ പ്രകാരം ഇടക്കാല പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുക. മൂന്ന് ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ വിഷയം പാർലമെൻറ് കമ്മിറ്റിയുടെ പരിഗണനയിലേക്കെത്തും. അവിടെയും മൂന്ന് ദിവസത്തിനകം തീരുമാനമായില്ലെങ്കിൽ പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവും നൽകിയ ലിസ്റ്റിൽ നിന്ന് രണ്ടു ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒരാളെ പരിഗണിക്കും. തെരഞ്ഞെടുപ്പിൽ കമ്മീഷനെ സഹായിക്കുന്നതിനൊപ്പം ഇത്തവണ കടംവാങ്ങൽ കരാറുകൾ ഐഎംഎഫുമായി ചർച്ച ചെയ്യേണ്ട ചുമതലയും ഇടക്കാല പ്രധാനമന്ത്രിയിൽ നിക്ഷിപ്തമാക്കിയിട്ടുണ്ട്. ധനകാര്യ മന്ത്രി ഇസഹാഖ് ധറിനാണ് സാധ്യത കൽപ്പിക്കുന്നത്.
പാക്കിസ്ഥാൻ മറ്റൊരു സുപ്രധാന തെരഞ്ഞെടുപ്പിലേക്ക് കടക്കുമ്പോഴും ഏറ്റവും ജനകീയനായ ഇമ്രാൻ ഖാൻ ജയിലിൽ തുടരുകയാണ്. തോഷഖാന കേസിൽ ഇമ്രാൻ്റെ അപ്പീൽ പരിഗണിക്കുന്നത് ഇസ്ലാമാബാദ് ഹൈക്കോടതിയാണ്. സർക്കാരിൻ്റെയും തെരഞ്ഞെടുപ്പ് കമ്മീഷൻ്റെയും പ്രതികരണങ്ങൾ അറിഞ്ഞ ശേഷമേ ഇമ്രാൻ്റെ അപ്പീൽ എന്ന് പരിഗണിക്കാം എന്ന കാര്യത്തിൽ പോലും തീരുമാനമാകൂ. അഴിമതിയിൽ കുടുങ്ങി അധികാരം നഷ്ടപ്പെട്ട് നാടുവിട്ട നവാസ് ഷെരീഫ് തിരിച്ചുവരുന്ന തെരഞ്ഞെടുപ്പിൽ ഇമ്രാന് മത്സരിക്കാൻ കഴിയുമോ എന്ന ആകാംക്ഷയിലാണ് പാക്കിസ്ഥാൻ.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News