രാജ്യസഭാ ചെയര്‍മാനെതിരായ അവിശ്വാസപ്രമേയം; സഭയില്‍ പ്രതിപക്ഷ പ്രതിഷേധം, രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു

parliament

ഉപരാഷ്ട്രപതിയും രാജ്യസഭാ ചെയര്‍മാനുമായ ജഗദീപ് ധന്‍ഖറിനെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയ നോട്ടീസില്‍ രാജ്യസഭ ഇന്നും പ്രഷുബ്ധം. കര്‍ഷകരോടും പിന്നോക്ക വിഭാഗക്കാരോടുമുളള വിരോധമാണ് പ്രതിപക്ഷം രാജ്യസഭാ ചെയര്‍മാനോട് കാണിക്കുന്നതെന്ന് ബിജെപി അംഗങ്ങള്‍. രാജ്യസഭാ ചെയര്‍മാന്റെ വിവേചനപരമായ നടപടി ജനങ്ങള്‍ കാണുന്നുണ്ടെന്ന് പ്രതിപക്ഷം. ഭരണ-പ്രതിപക്ഷ വാക്‌പോരില്‍ സ്തംഭിച്ച രാജ്യസഭ തിങ്കളാഴ്ചത്തേക്ക് പിരിഞ്ഞു.

രാജ്യസഭാ ചെയര്‍മാന്‍ ജദഗീപ് ധന്‍ഖറിനെതിരായ അവിശ്വാസ പ്രമേയനോട്ടീസ് ഇന്നും സഭയെ കലുഷിതമാക്കി. പതിവ് പോലെ ബിജെപി അംഗങ്ങള്‍ക്ക് യഥേഷ്ടം സംസാരിക്കാന്‍ സമയം നല്‍കിയ ചെയര്‍മാന്‍ ജഗദീന് ധന്‍ഖര്‍ പ്രതിപക്ഷത്തിന് സമയം അനുവദിക്കാത്തത് വാക്‌പോരിന് കാരണമായി. അവിശ്വാസ പ്രമേയം നല്‍കിയതിലൂടെ ജഗദീപ് ധന്‍ഖറിനെ പ്രതിപക്ഷം അപമാനിച്ചുവെന്ന് ബിജെപി എംപി രാധാ മോഹന്‍ ദാസ് അഗര്‍വാള്‍ തുറന്നടിച്ചു. കര്‍ഷകന്റെ മകനും ഒബിസി വിഭാഗക്കാരനുമായതുകൊണ്ടാണ് ജഗദീപ് ധന്‍ഖറിനെതിരായ നീക്കം എന്നായിരുന്നു ബിജെപി അംഗങ്ങളായ സുരേന്ദ്ര സിംഗ് നാഗറും നീരജ് ശേഖറും കിരണ്‍ ചൗധരിയും ആരോപിച്ചത്.

വിഷയം മറ്റൊരു രീതിയിലേക്ക് തിരിക്കാനുളള ബിജെപിയുടെ നീക്കത്തെ പ്രതിപക്ഷവും അതേ നാണയത്തില്‍ ശക്തമായി എതിര്‍ത്തു. താനും കര്‍ഷകതൊഴിലാളിയുടെ മകനാണെന്ന് മല്ലികാര്‍ജുന്‍ ഖര്‍ഗെ പ്രതികരിച്ചു. പ്രതിപക്ഷത്തോടുളള വിവേചനം ജനങ്ങള്‍ കാണുന്നുണ്ടെന്നും മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. തുടര്‍ന്ന് രാജ്യസഭാധ്യക്ഷനും പ്രതിപക്ഷവും തമ്മില്‍ വാക്‌പോരിലേക്കും നീങ്ങി.

അദാനി വിഷയവും അവിശ്വാസ പ്രമേയത്തെയും ചെറുക്കാന്‍ ജോര്‍ജ് സോറോസ് വിഷയമാണ് കഴിഞ്ഞ ദിവസങ്ങളില്‍ ബിജെപി ഉയര്‍ത്തിയതെങ്കില്‍ ഇന്ന് ജാതിക്കാര്‍ഡുകളിറക്കി പ്രതിരോധം തീര്‍ക്കാന്‍ ബിജെപി ശ്രമിച്ചതും ശ്രദ്ധേയമായി.  

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News